
പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആസ്ഥാനത്തെ വിവരങ്ങൾ ചോർത്തിയതിൽ മുൻ എംഎൽഎ പി വി അൻവറിനെതിരായ കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി അന്വേഷിക്കും. ദേശീയ വിവരാവകാശ കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന കോഓർഡിനേറ്റർ കെ വി ഷാജി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇറക്കിയിട്ടുണ്ട്. 2024 സെപ്തംബർ ഒമ്പതിന് മഞ്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാവോയിസ്റ്റ് വേട്ടക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും രഹസ്യ സ്വഭാവത്തോടെ പൊലീസ് രൂപീകരിച്ച അരിക്കോട്ടെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ അൻവർ പുറത്തുവിട്ടത്.
സേനാംഗങ്ങളുടെ ജീവന് ഭീഷണിയായ തരത്തിൽ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്ന അരിക്കോട് എസ്ഒജി സൂപ്രണ്ട് ടി ഫറാഷ് മലപ്പുറം എസ്‍പിക്ക് നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസെടുത്തത്. ഔദ്യോഗിക സുരക്ഷ നിയമം, ഐ ടി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയത്. അതേസമയം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തി അൻവറിനെതിരെയുള്ള കേസ് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്ഒ ജി ആസ്ഥാനത്തെ രഹസ്യ രേഖകളടക്കം പിവി അൻവറിന് നൽകിയതുമായി ബന്ധപ്പെട്ട് മലപ്പുറം മുൻ ക്രൈംബ്രാഞ്ച് എസ്‍പി പി വിക്രമന്റെ പങ്ക് അന്വേഷിക്കണമെന്ന് വിവരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. അൻവറിന്റെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവും കള്ളപണ ഇടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നും കെ വി ഷാജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.