കോവളത്ത് വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി പറഞ്ഞു. കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ (24) എന്നിവര്‍ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.
2018 മാര്‍ച്ച് 14ന് പോത്തൻകോട് നിന്നാണ് ലാത്വിയൻ യുവതിയായ ലിഗയെ കാണാതായത്. കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിലാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയത്.
സാക്ഷി വിസ്താര വിചാരണയിൽ കോടതി മുമ്പാകെ വന്ന സ്വതന്ത്ര, ഔദ്യോഗിക, ശാസ്ത്രീയ വിദഗ്ദ്ധരായ 30 സാക്ഷി മൊഴികളുടെയും 41 രേഖകളുടെയും എട്ട് തൊണ്ടി മുതലുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പ്രതിഭാഗം തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ യാതൊരു രേഖകളോ സാക്ഷികളോ ഹാജരാക്കിയിരുന്നില്ല.
ലിഗയുടെ സഹോദരി ഇൽസ എല്ലാ വിചാരണ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു. 2022 ജൂൺ 25ന് ഫോറൻസിക് മേധാവി ഡോ. ശശികല നൽകിയ മൊഴിയും ഇവർ തയാറാക്കിയ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റുമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ തെളിവായി മാറിയത്. കേസിൽ മരണ കാരണം മുങ്ങി മരണമല്ലെന്നും യുവതിയെ കഴുത്തുഞെരുക്കി തരുണാസ്ഥിക്കും തൈറോയിഡ് അസ്ഥിക്കും പൊട്ടൽ സംഭവിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ശശികല സാക്ഷിമൊഴി നൽകി. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി മുൻ ജഡ്ജി കെ കെ ബാലകൃഷ്ണൻ മുമ്പാകെയാണ് ഡോക്ടർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് മൊഴിനൽകിയത്. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് പ്രോസിക്യൂഷൻ ഭാഗം 26-ാം രേഖയാക്കി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി ഫോറൻസിക് വിഭാഗം ഡോക്ടറായിരിക്കെയാണ് താനും ഫോറൻസിക് ഡോ. ശരിജയും ചേർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താത്തത് മൃതദേഹം 37 ദിവസം അഴുകി ദ്രവിച്ച് ചീഞ്ഞ് അസ്ഥിപഞ്ചരമായതിനാലാണ്. കഴുത്തിലെ എല്ലുകൾ മൂന്നു ദിവസം മാസെറേഷൻ (കുതിർത്ത്) കലകൾ മാറ്റി പരിശോധിച്ചപ്പോൾ കഴുത്തിൽ ബ്രൗൺ കളർ നിറവ്യത്യാസം കണ്ടത് കഴുത്തു ഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടർ മൊഴി നൽകി. പക്ഷിമൃഗാദികൾ കൊത്തിത്തിന്ന നിലയിലായിരുന്നു ശരീരത്തിലെ പല ഭാഗങ്ങളുമെന്നും അവർ മൊഴി നൽകി.
ബോൺമാരോ(മജ്ജ, എല്ലുകാമ്പ്)യിൽ കാണപ്പെട്ടതും തോട്ടിലിമുള്ള വെള്ളം ഒന്നായതിന് കാരണം കഴുത്ത് ഞെക്കി പരിക്കേൽപ്പിച്ച ശേഷം മരണത്തിന് മുമ്പ് വെള്ളം കുടിച്ചാലോ കുടിപ്പിച്ചാലോ രക്തക്കുഴലുകൾ വഴി ഹൃദയത്തിലൂടെ എല്ലാ അയവങ്ങളിലും എത്തി ഒടുവിൽ വെള്ളത്തിലെ ഡയാറ്റം (സൂക്ഷ്മജീവ ജനുസ്) ബോൺ മാരോയിലെത്തിയതിനാലെന്നും ഡോക്ടർ മൊഴി നൽകി. തുടയെല്ലിൽ കാണപ്പെട്ട പരിക്കുകൾ യുവതിയിൽ ആ ഭാഗത്ത് ബലപ്രയോഗം നടത്തിയതിനാലാണ്. കഴുത്തിലെ എല്ലുകൾ മൂന്നു ദിവസം കുതിർത്ത് പരിശോധിച്ചപ്പോൾ കഴുത്തിൽ ബ്രൗൺ കളർ നിറവ്യത്യാസം കണ്ടത് കഴുത്തുഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടർ മൊഴി നൽകി.
2022 ജൂൺ 22ന് കൂറുമാറി പ്രതിഭാഗം ചേർന്ന അസിസ്റ്റന്റ് ചീഫ് കെമിക്കൽ എക്സാമിനർ അശോക് കുമാറിന്റെ മൊഴി തള്ളിയാണ് ഡോക്ടർ ശശികല ഇന്ത്യൻ തെളിവു നിയമപ്രകാരം കോടതി സ്വീകരിക്കുന്ന നിർണായക വിദഗ്ദ്ധാഭിപ്രായ സാക്ഷിമൊഴി നൽകിയത്. യുവതിയുടെ മൃതദേഹത്തിൽ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താനായില്ലെന്ന് അസിസ്റ്റന്റ് ചീഫ് കെമിക്കൽ എക്സാമിനർ മൊഴി നൽകിയിരുന്നു. യുവതിയുടെ ബോൺമാരോയിൽ കാണപ്പെട്ടതും തോട്ടിലിമുള്ള വെളളം ഒന്നായതിനാൽ മുങ്ങിമരണമാകാമെന്നും സാക്ഷിമൊഴി നൽകി. തന്റെ മൊഴി പൊലീസ് എടുത്തിട്ടില്ലെന്നും സാക്ഷിമൊഴിനൽകി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ശശികല, ഡോ. ശരിജ എന്നിവർ മൃതശരീരത്തിൽ നിന്ന് ശേഖരിച്ച് സീൽഡ് പാക്കറ്റിൽ തനിക്ക് അയച്ചു തന്ന വകകളാണ് താൻ മൈക്രോസ്കോപ്പിക് അടക്കമുള്ള പരിശോധനക്ക് വിധേയമാക്കിയതെന്നും അവര്‍ പറഞ്ഞിരുന്നു. ജീവനുള്ള വ്യക്തിയിൽ കഴുകിക്കളഞ്ഞാലും ശുക്ലക്കറകൾ 15 ദിവസം വരെ തങ്ങി നിൽക്കും. മരണമടഞ്ഞ വ്യക്തിയിൽ മാസങ്ങളോളം ശുക്ലം നിലനിൽക്കുമെന്നും സാക്ഷിമൊഴി നൽകി. താൻ നൽകിയ സർട്ടിഫിക്കറ്റ് രേഖകൾക്കനുസൃതമായാണ് താൻ മൊഴി നൽകുന്നത്. 2018 ഡിസംബർ മൂന്നിനാണ് താൻ മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും ബോധിപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗം 19-ാം സാക്ഷിയായ തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ പി ജി അശോക് കുമാറിനെയാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. തങ്ങൾക്ക് ലിഗയെ അറിയില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നുമായിരുന്നു പ്രതികളുടെ വാദം.
English Summary:Case of rape and murder of foreign woman in Kovalam; Accused get life imprisonment till death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.