23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 25, 2024
August 12, 2024
January 1, 2024
October 11, 2023
October 6, 2023
September 19, 2023
March 28, 2023
December 18, 2022
November 9, 2022
October 17, 2022

ജാതി, ജാതി, ജാതി

അജിത് കൊളാടി
വാക്ക്
April 23, 2022 6:00 am

കടുത്ത അസഹ്യതയായിരുന്നു കർണന് ആ വാക്ക് കേൾക്കുന്നതു തന്നെ. കർണന്റെ ഹൃദയവ്യഥകൾ ഏറ്റുവാങ്ങാൻ ഭാരതത്തിലെ നദികൾക്കും പർവതങ്ങൾക്കും ശക്തിയുണ്ടായിരുന്നില്ല. ജന്മമല്ല, കർമ്മമാണ് ജാതിനിർണയം നടത്തുന്നതെന്ന് കൃഷ്ണനടക്കം പറയുന്നത്, കർണന് പുച്ഛമായിരുന്നു. ജന്മം കൊണ്ടല്ല, ഉദാത്തമായ കർമ്മങ്ങൾ കൊണ്ടാണ് തങ്ങൾ ഉന്നതരായെന്ന മട്ടിലുള്ള ഭോഷത്തങ്ങൾ കണ്ടും കേട്ടും മടുത്തു കർണന്, സ്വാർത്ഥതയും ദുരാഗ്രഹവും സ്വജനപക്ഷപാതവും സ്തുതിപാഠകർ സ്തുതിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ആനന്ദ നിര്‍വൃതിയും പരസ്പരം നടത്തുന്ന വഞ്ചനയും കൊടിയ അനീതി നടക്കുമ്പോൾ മൗനം അവലംബിക്കുകയും ചെയ്യുന്നതാണോ ഉദാത്തകർമ്മങ്ങൾ എന്ന് കർണൻ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. ലോകം മുഴുവൻ ജാതിയെച്ചൊല്ലി കർണനെ അവഹേളിച്ചപ്പോൾ, തന്നോടൊപ്പം നിന്നത് സുയോധനൻ മാത്രം എന്നു പറയുന്ന കർണൻ പിന്നെ തന്നെ പിന്തുണച്ചത് അശ്വത്ഥാമാവ് എന്നും പറയുന്നുണ്ട്. ലോകം മുഴുവൻ തരാം എന്നു പറഞ്ഞാലും തന്റെ അമ്മ കുന്തിയാണെങ്കിലും, തന്റെ ഒപ്പം നിന്ന ആ രണ്ടു പേരെ വഞ്ചിക്കില്ല എന്നു കൃഷ്ണന്റെ മുഖത്ത് നോക്കി പറഞ്ഞു കർണൻ. മനുഷ്യനെ കീടങ്ങളായി കാണുന്നവരോട് അവജ്ഞ ഊതിക്കത്തിക്കണം, അതാണ് കർണൻ ചെയ്തത്. ഉറങ്ങാതിരിക്കാൻ ജാതിവ്യവസ്ഥ സൃഷ്ടിച്ച തിന്മകൾക്കും ദുഷ്ടശക്തികൾക്കും എതിരെ നിരന്തര പോരാട്ടം നടത്താനുള്ള ഇച്ഛ ഊതി പെരുപ്പിക്കുക, ബ്രാഹ്മണമേധാവിത്വം മൂടിക്കെട്ടിയ വായതുറന്നു സംസാരിക്കുക, അഭിപ്രായം തുറന്നു പറയുക ഏതു വേദിയിലും അതാണ് ഡോക്ടർ അംബേദ്കർ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചത്. ‘തൊട്ടുകൂടാത്തവർ’ എന്ന വാക്കു തന്നെ ഭീകരതയെ ധ്വനിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഓർക്കു, ഭീഷ്മപിതാമഹനും ദ്രോണരും കർണനു നേരെ ചൊരിഞ്ഞ അതേ വാക്കുകൾ. ജാതി അതിശക്തമാണ്, കർണന്റെ കാലത്തും അംബേദ്കറുടെ കാലത്തും വർത്തമാനകാലത്തും. ”പ്രേമം മലിനമാണ്, ബലാത്സംഗം പരിശുദ്ധമാണ്. ഉയർന്ന ജാതിയിലെ പുരുഷന്മാർക്ക്, തൊട്ടുകൂടാത്ത സ്ത്രീകളുടെ ശരീരത്തിനുമേൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരങ്ങൾ ഉണ്ടായിരുന്നു” എന്ന് ജാതിവ്യവസ്ഥയുടെ തമ്പ്രാക്കൾ വിളിച്ചു പറഞ്ഞു. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇന്നും അതുതന്നെ സ്ഥിതി. ജാതി സാമൂഹ്യ വിഭജനത്തിന്റെ ഒരു തത്വം മാത്രമല്ല, ഭക്ഷണത്തെ, വിവാഹത്തെ, വിദ്യാഭ്യാസത്തെ, ആരാധനയെ, ബന്ധുത്വത്തെ, സൗഹാർദ്ദങ്ങളെ എല്ലാം സമഗ്രമായി ബാധിക്കുന്ന ജീവിത വ്യവസ്ഥയാണ് അന്നും ഇന്നും. ഇതിനെതിരെയാണ് അംബേദ്കർ പോരാട്ടം നടത്തിയത്. ജാതി വ്യവസ്ഥയുടെ ആദ്യത്തേതും അടിസ്ഥാനവുമായ തത്വം, മനുഷ്യന്റെ ജന്മംമൂലം ഉണ്ടാകുന്ന അസമത്വമാണ്. സമൂഹത്തിലെ ഏറ്റവും ഉയർന്നവർ ബ്രാഹ്മണൻ എന്ന് അവർ പ്രഖ്യാപിച്ചു. സമൂഹത്തിൽ മനുഷ്യനുള്ള സ്ഥാനം അവന്റെ ജന്മം ഏതു ജാതിയിൽപ്പെട്ടതാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. താഴ്ന്ന ജാതിയിൽ ഉള്ളവർ, അധ്വാനംകൊണ്ട് എത്ര ഉന്നത പദവിയിൽ എത്തിയാലും അവിടെയും അവൻ സവർണ ഫാസിസത്തിന്റെ പരിഹാസത്തിനും പുച്ഛത്തിനും പാത്രീഭവിക്കും. മനുഷ്യന് ജാതിമൂലം ഉണ്ടാകുന്ന കളങ്കം ഇന്ത്യയിൽ എന്നും നിലനിൽക്കുന്നു.


ഇതുകൂടി വായിക്കാം; ജാതിവിവേചനത്തെ ചെറുക്കാന്‍ നിതാന്ത മാനവിക ജാഗ്രത


നവോത്ഥാന ചിന്തയുടെ അനന്തമായ മനുഷ്യസ്നേഹം കൊളുത്തിവച്ച യുക്തിയുടെ വെളിച്ചങ്ങളെല്ലാം ഇന്ന് ഇരുട്ടിന്റെ ശക്തികൾ കെടുത്തിക്കളഞ്ഞു. മിക്കവരും ആചാരാനുഷ്ഠാനങ്ങൾക്കും ജ്യോതിഷികൾക്കും ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള നെട്ടോട്ടത്തിനും പിറകെയാണ്. അങ്ങനെ ഓടുമ്പോൾ അവരെല്ലാം തൊട്ടടുത്തുള്ള ദാരിദ്ര്യം അനുഭവിക്കുന്ന, കടുത്ത സാമൂഹ്യ സാമ്പത്തിക അസമത്വത്തിനു വിധേയമായി, ജീവിതത്തിന്റെ ദുരിതം പേറുന്ന മനുഷ്യരെ വിസ്മരിക്കുന്നു. ഇതൊക്കെ കണ്ടിട്ടും ചരിത്രം മനസിലാക്കിയവർ എന്നു പറയുന്നവരും കടുത്ത മൗനം ദീക്ഷിക്കുന്നു. ദേശീയതയുടെയും മതത്തിന്റെയും വൈകാരിക അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ സ്തംഭിപ്പിച്ച് കീഴ്പ്പെടുത്തുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വിജയം ഇന്നും ഇന്ത്യയെ കൂടുതൽ ദാരുണവും ഭീഷണവുമാക്കിയിരിക്കുന്നു. ഹിന്ദുമതം എന്നും ജാതികളുമായി ബന്ധപ്പെട്ടുള്ളതാണ്. ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്കുള്ള പരിവർത്തനങ്ങളെല്ലാം ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഓരോ മതത്തിലും വ്യത്യസ്ത നിയമങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും വിവാഹങ്ങളും സ്വത്ത് കൈമാറ്റവും എല്ലാം ജാതിയുടെ നിയമങ്ങൾക്ക് അനുസൃതമായിരുന്നു. ജാതിയുടെ ശ്രേണീഘടന, ദളിതരെ മാറ്റി നിർത്തുക എന്നീ കാര്യങ്ങളിൽ എല്ലാ സംഘടിത മതങ്ങൾക്കും ഒരേ സ്വഭാവമായിരുന്നു. എല്ലാവരും തുല്യരാണ് എന്നു പറയുമെങ്കിലും ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം, സിഖ് മതങ്ങളെല്ലാം തൊട്ടുകൂടാത്തവരെ മാറ്റി നിർത്തി. മറ്റു രാജ്യങ്ങളിൽ പിറവിയെടുത്ത മതങ്ങൾ പോലും ഇന്ത്യയിൽ ഈ രീതിയിലാണ് തുടരുന്നത്. ഈ മതങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ ഇങ്ങനെയുള്ള ഭീതികൾ ഇല്ലായിരുന്നപ്പോഴും ഇന്ത്യയിൽ അവർ പിന്തുടർന്നത് തൊട്ടുകൂടായ്മയാണ്. ഇത് ഇന്ത്യയിലെ മതങ്ങൾക്ക് സഹിഷ്ണുതയില്ല, എന്നു മാത്രമല്ല, അസഹിഷ്ണുതയാണ് ഇന്ത്യയിലെ മതങ്ങളുടെ വിശ്വാസമെന്ന് വ്യക്തമാക്കുകയും ചെയ്തു. അത് വിശ്വാസിയുടെ സാമൂഹിക പശ്ചാത്തലത്തിന്റെ ഭാഗമായി. ജന്മം കൊണ്ടാണ് ഒരാൾ ഹിന്ദുവിലെ ജാതിയിൽ അംഗമാകുന്നത്. പരിവർത്തനം ചെയ്ത് ഹിന്ദുവാക്കുക എന്നത് അസാധ്യമായിരുന്നു. ജാതി വ്യക്തിത്വം മാറ്റാൻ കഴിയുന്നതായിരുന്നില്ല. താഴ്ന്ന ജാതിയിൽപ്പെട്ട വിഭാഗങ്ങൾ കർമ്മഫലം എന്ന ആശയത്തോട് യോജിച്ചിരുന്നില്ല. പുനർജന്മം എന്ന ആശയത്തോട് പലരും യോജിച്ചു എങ്കിലും കഴിഞ്ഞ ജന്മത്തിലെ ചെയ്തികളുടെ ഫലമാണ് ഈ ജന്മത്തിലെ ദുരിതങ്ങൾ എന്നവർ വിശ്വസിച്ചിരുന്നില്ല. ഇന്നും അവർ പുറന്തള്ളപ്പെട്ട മനുഷ്യരാണ്. ബ്രാഹ്മണമേധാവിത്വവും ആഗോള സാമ്രാജ്യത്വവും കോർപറേറ്റ് മൂലധന ശക്തികളും ചേർന്ന് ഇവരെ നിരന്തരം ഉപേക്ഷിച്ച സ്വത്തുക്കളായി പരിഗണിക്കുന്ന ക്രൂരമായ സ്ഥിതിയാണ് ഇന്നും ഉള്ളത്. മനുഷ്യർ തമ്മിൽ ഉച്ചനീചത്വങ്ങൾ കല്പിക്കുകയും ചില മനുഷ്യരുടെ അടിമകളായിരിക്കണം മറ്റു മനുഷ്യരെന്ന് പ്രചരിപ്പിക്കുന്ന വേദങ്ങളുടെയും സ്മൃതികളുടെയും മതമല്ല യഥാർത്ഥ ഹിന്ദുമതം. ലോകത്ത് മനുഷ്യനെ മനുഷ്യർ ഏറ്റവും ക്രൂരമായി ആക്രമിച്ചിട്ടുള്ളത് പൗരോഹിത്യമതങ്ങളുടെ പ്രേരണയിലാണ്. ഏറ്റവും കൂടുതൽ ജനങ്ങൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തവും പൗരോഹിത്യത്തിനാണ്. ഇന്നും മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്കും മനുഷ്യക്കുരുതികൾക്കും മൗലികമായ കാരണം പൗരോഹിത്യത്തിന്റെ പ്രേരണയാണ്. എക്കാലത്തും മാനവരാശിയുടെ പുരോഗതിക്കായി ദാർശനികർ ശ്രമിച്ചിട്ടുള്ളപ്പോൾ പൗരോഹിത്യ മതം അതിനെതിരായ ഏത് ഹീനമാർഗവും സ്വീകരിച്ചിട്ടുണ്ട് എന്ന് കാണാം. ശ്രുതികളും സ്മൃതികളും ദൈവഹിതമാണെന്നും അതുകൊണ്ട് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണെന്ന പൗരോഹിത്യമതവാദം യഥാർത്ഥ ഹിന്ദുമതമല്ല. യഥാർത്ഥ ഹിന്ദുമതം ദേവാരാധനയിൽ മാത്രം മനുഷ്യരെ ബന്ധിപ്പിക്കുന്നില്ല.


ഇതുകൂടി വായിക്കാം; ഗവേഷണത്തിന്റെ ജാതിവാല്‍


ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ആണ് യഥാർത്ഥ ഹിന്ദുമതം എന്ന് പ്രചരിപ്പിക്കുന്നവർക്ക് യഥാർത്ഥ ഹിന്ദുമതത്തെക്കുറിച്ചൊന്നും അറിയില്ല. വർണങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ സാധാരണ മനുഷ്യനെ മൃഗതുല്യരായി കാണുന്ന പൗരോഹിത്യ മതത്തിന് കടകവിരുദ്ധമാണ് യഥാർത്ഥ ആർഷമതം അഥവാ സനാതന സംസ്കാരം. മനുഷ്യ സമൂഹത്തിലെ അസമത്വം, ജന്മനാ ഉടലെടുക്കുന്നു എന്നതാണ് ജാതിവ്യവസ്ഥയുടെ അടിസ്ഥാന തത്വം. ബ്രാഹ്മണൻ അവന്റെ ജന്മംകൊണ്ട് മറ്റുള്ളവരേക്കാൾ ഉയർന്നവനത്രെ. ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അസമത്വം ഒരിക്കലും മാഞ്ഞുപോകില്ല എന്ന് അവർ ശഠിക്കുന്നു. ഈ തത്വം രാജ്യത്തിന്റെ മഹാഭൂരിപക്ഷത്തിന്റെ നേരെ എന്നും പ്രയോഗിക്കപ്പെട്ടു. ഇവിടെ ഓർക്കേണ്ട വസ്തുത സവർണ വിഭാഗം ഇന്ത്യയിൽ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നാണ്. ജാതിവ്യവസ്ഥ തൊഴിൽ രംഗത്ത് പോലും വ്യാപകമായ അസമത്വം സൃഷ്ടിച്ചു. മറ്റൊരു കാര്യം, ചാതുർവർണ്യപ്രകാരം ബ്രാഹ്മണ്യം മറ്റുള്ളവരെ സാമൂഹ്യമായി അകറ്റി നിർത്തി. ജാതി സർവത്തെയും വെവ്വേറെയാക്കുന്നു. വെവ്വേറെയിൽ ഒരിക്കലും ഒന്നില്ല. പലതുമാത്രം. ജാതിയും മതമൗലികവാദവും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നു. എല്ലാം വേറിട്ടു നിൽക്കണം അവർക്ക്, അത് അരാജകത്വം സൃഷ്ടിക്കും എന്നറിഞ്ഞിട്ടും. ശരിയായ മാർഗം ഐക്യമാണെന്നിരിക്കെ മനസിനെ വിപരീത ദിശയിൽ കൊണ്ടു പോകുന്നത്, വെറിയും ദുരാഗ്രഹവുമാണ്. അതിഭീകരമാണ് ചാതുർവർണ്യം. ജാതി മതവെറിയും രാഷ്ട്രീയ വെറിയും എല്ലാം വെറുപ്പിന്റെ ചരിത്രം വാർത്തെടുക്കുന്നു. മറ്റുള്ളവരിൽ വെറുക്കാനിഷ്ടപ്പെടുന്നതത്രയും വാസ്തവത്തിൽ സ്വന്തം ഉള്ളിലെ ഇഷ്ടപ്പെടാത്ത ഘടകങ്ങൾ തന്നെയാണ്. അവയെ പുറത്തേക്ക് പ്രദർശിപ്പിക്കുന്നു. ആശയം ഇത്രയേ ഉള്ളു, ഞാനല്ല ഭീകരം, നീയാണ്, ബ്രാഹ്മണ്യവും മുതലാളിത്തവും ആണ് തൊഴിലാളികളുടെ ഇരട്ട ശത്രുക്കൾ, എന്ന് ഡോ. അംബേദ്കർ പറയുകയുണ്ടായി. ഒന്നിന് എതിരെയുള്ള സമരം മറ്റേതിനു എതിരെയുള്ളതിനു പൂരകമാകണം എന്ന സൂചന അതിലുണ്ട്. ഒന്നിനെതിരെ പോരാടുന്നവർ മറ്റൊന്നിനെതിരെ പോരാടുന്നവരുമായി ആശയവിനിമയം നടത്തണമെന്ന് സ്വാഭാവിക അനുമാനമാകുന്നു.ഈ രാജ്യം മനുഷ്യരുടേതാണ്, ദേവന്മാരുടേതല്ല. അപ്പോൾ രാഷ്ട്രത്തിന്റെ പൊതുമുതൽ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യലോകത്തിലെ സങ്കല്പദേവതകളുടെ പ്രീതിക്കായി ദുർവ്യയം ചെയ്യാനുള്ളതല്ല. ബ്രാഹ്മണ്യത്തിന്റെ സുഖസൗകര്യങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ളതല്ല. കുത്തക മൂലധനശക്തികളുടെ സമ്പത്ത് വർധിപ്പിക്കാനുള്ളതല്ല. വിദ്യാഭ്യാസം, ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെ ജനതയെ മഹത്വത്തിലേക്കുയർത്താൻ ഇവിടെത്തെ ധനശക്തിയും പ്രവർത്തനശേഷിയും തിരിച്ചുവിടുക എന്നതാകണം രാഷ്ടീയം. മനുഷ്യജീവിതത്തിന്റെ നാനാതുറകളിലും പരിവർത്തനത്തിന്റെ ആവശ്യം നേരിട്ട ഒരു ഘട്ടത്തിൽ കൂടിയാണ് നാമിന്നു കടന്നു പോകുന്നത്. ഈ പ്രക്രിയ ഇന്നല്ല ചരിത്രത്തിന്റെ പല കാലങ്ങളിൽ പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. അത്തരം പരിണാമ ഘട്ടമാണ് നവോത്ഥാനം. നവോത്ഥാനത്തിന്റെ ആയുധങ്ങൾ ആശയങ്ങളാണ്. നവോത്ഥാനം എന്നും ഉള്ള തുടർ പ്രക്രിയയാണ്. അടരാടേണ്ടതു മാമൂലിനോടാണ്. അങ്ങനെ ബുദ്ധിപരമായി, സാംസ്കാരികമായി, പ്രവർത്തന മേഖലകളിൽ, മാനവികതയെ ചേർത്തുപിടിച്ച്, കടുത്ത യാഥാസ്ഥിതികത്വത്തിനെതിരെ, പോരാടണം. നവോത്ഥാനത്തെ ത്വരിതപ്പെടുത്തണം. മനുഷ്യസ്നേഹപരമായ വിശാലവീക്ഷണം, ത്യാഗാത്മക മനോഭാവം എന്നിവ ഉള്ളവരാണ് ലോകത്തിന്റെ ഭാവി നിർണയിക്കുക. അത് നേടുവാനുള്ള കഴിവ് സ്വായത്തമാക്കലാണ് നമ്മുടെ കടമ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.