
തങ്ങൾ നേരത്തെ എതിർത്തിരുന്ന, എന്നാൽ വോട്ടുബാങ്കിനെ ബാധിക്കുമെന്ന് തോന്നുന്ന വിഷയങ്ങളിൽ നിലപാട് മാറ്റുന്നതിന് ഒരുനാണക്കേടും തോന്നാത്ത പാർട്ടിയാണ് ബിജെപി. വിരുദ്ധ നിലപാടുകളെ കുറിച്ച് ചോദ്യമുന്നയിക്കുന്നവരെ പരിഹസിക്കുകയും സൈബർ ഇടങ്ങളിൽ വേട്ടയാടുകയും ചെയ്യുക എന്ന രീതിയും അവര്‍ അവലംബിക്കാറുണ്ട്. ഇന്ത്യയിലെ ജാതി സെൻസസ് എന്ന വിഷയത്തിൽ അവർ ഇപ്പോൾ നടത്തിയിരിക്കുന്ന മലക്കം മറിച്ചിൽ അതിന്റെ ഉദാഹരണമാണ്.
ഇപ്പോൾ ജാതി സെൻസസിന്റെ അപ്പോസ്തലന്മാരായി അവർ സ്വയം ചമയുകയാണ്. 1931ന് ശേഷം ജാതി സെൻസസ്, പൊതു സെൻസസിനൊപ്പം നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തേണ്ടതില്ലെന്ന് നയപരമായി തീരുമാനിച്ചെന്നുമുള്ള ന്യായം പറഞ്ഞാണ് ബിജെപി ഇതുവരെ അതിനെ എതിർത്തുകൊണ്ടിരുന്നത്. ബിഹാറിൽ ജാതി സെൻസസ് നടത്തുന്ന വേളയിൽ അത് സമൂഹത്തെ വിഭജിക്കുമെന്ന് 2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മെഡി തന്നെ അഭിപ്രായപ്പെട്ടതാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ജാതി സെൻസസ് പ്രചരണ വിഷയമാക്കിയപ്പോൾ അത് നഗര നക്സലുകളുടെ ആശയമാണെന്ന് മോഡി പറഞ്ഞതായി ദ ക്വിന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നു മാത്രമല്ല യുപിഎ സർക്കാരിന്റെ കാലത്ത് 2011ൽ നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സർവേ (എസ്ഇസിസി) യുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനുപോലും 2014ൽ അധികാരത്തിൽ എത്തിയ ബിജെപി സർക്കാർ തയ്യാറായില്ല. രാജ്യസഭാംഗമായിരുന്ന സിപിഐ നേതാവ് ബിനോയ് വിശ്വം 2021 മാർച്ച് 10ന് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ ആഭ്യന്തര വകുപ്പ് സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാമീണ വികസന മന്ത്രാലയവും ഭവന, നഗര ദാരിദ്ര്യ നിർമ്മാർജന മന്ത്രാലയവും സംയുക്തമായി 2011ൽ നടത്തിയ എസ്ഇസിസി സർവേയുടെ റിപ്പോർട്ടിൽ നിന്ന് ജാതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് ബിജെപി സർക്കാർ തീരുമാനിക്കുകയായിരുന്നു. 10 വർഷത്തിലൊരിക്കൽ നടക്കുന്ന കാനേഷുമാരിയിൽ 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ്, ഭരണഘടന (പട്ടികവർഗ) ഉത്തരവ് (കാലാകാലങ്ങളിൽ ഭേദഗതി ചെയ്തത്) എന്നിവ പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളായി പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള ഗോത്രങ്ങളെയും കണക്കാക്കുന്നുണ്ടെന്നും അതുകൊണ്ട് ഇതര ജാതി തിരിച്ചുള്ള ജനസംഖ്യയെ പ്രത്യേകമായി നിർണയിക്കേണ്ടതില്ലെന്ന് നയപരമായി തീരുമാനിച്ചിട്ടുണ്ടെന്നുമാണ് മന്ത്രിയുടെ മറുപടിയിലുള്ളത്.
2021 ഫെബ്രുവരി, സെപ്റ്റംബർ 14, 2022 ഫെബ്രുവരി എട്ട്, 2023 ജൂലൈ മാസങ്ങളിൽ പാർലമെന്റിൽ പൊതു സെൻസസിനൊപ്പം ജാതി വിവരങ്ങൾ ശേഖരിക്കുന്നത് ഉൾപ്പെടുത്താൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിൽ സെൻസസിലെ ജാതിതിരിച്ചുള്ള കണക്കെടുപ്പ് നയപരമായി ഉപേക്ഷിച്ചിരുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ജാതി സെൻസസ് സംബന്ധിച്ച ബിജെപി നിലപാടെന്തായിരുന്നുവെന്ന് ഇതിൽനിന്നെല്ലാം സുവ്യക്തമാണ്.
ബിഹാറിലാണ് ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള വിശദമായ കണക്കെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനവും ബിഹാറായിരുന്നു. അവിടെയും ജാതി സെൻസസിനോട് അനുകൂല നിലപാടായിരുന്നില്ല ബിജെപി നേതൃത്വം സ്വീകരിച്ചത്. എൻഡിഎ പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായിരിക്കെ 2021 ഓഗസ്റ്റ് 22ന് ജാതി സെൻസസ് എന്ന ആവശ്യവുമായി ഭരണ, പ്രതിപക്ഷ നേതാക്കന്മാർ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ അനുമതിയോ അനുകൂല മറുപടിയോ നൽകുന്നതിന് പ്രധാനമന്ത്രി തയ്യാറായില്ല. ഇതു സംബന്ധിച്ച് ബിസിനസ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ച വാർത്തയിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാറും കക്ഷി നേതാക്കളും നൽകിയ പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിലപാട് എന്തായിരുന്നു എന്ന മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിന് നിതീഷ് കുമാർ നൽകുന്ന മറുപടി, എല്ലാവരും പറയുന്നത് അദ്ദേഹം ക്ഷമയോടെ കേട്ടെന്നും ആവശ്യം നിരാകരിച്ചില്ലെന്നുമാണ്. ഇതേ ചോദ്യം പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനോടും ഉന്നയിക്കുകയുണ്ടായി. അദ്ദേഹത്തിന് മറുപടി നൽകാൻ അവസരം നൽകാതെ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉടൻ ഒരു നിഗമനത്തിൽ എത്തുന്നത് ശരിയല്ലെന്നും തീരുമാനത്തിനായി കാത്തിരിക്കാമെന്നും പറഞ്ഞ് തേജസ്വി മറുപടി പറയുന്നത് തടയുകയായിരുന്നു. ബിഹാറിൽ ജാതി സെൻസസിന് അനുമതി നൽകുന്നതിന് കേന്ദ്രം തയ്യാറായില്ലെന്ന് ഇതിലൂടെ വ്യക്തമാണ്. തുടർന്ന് നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2022 ജൂൺ ആറിന് ജാതി സെൻസസ് നടത്തുന്നതിന് വേണ്ടിയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും രണ്ടു ഘട്ടങ്ങളായി കണക്കെടുപ്പ് നടത്തുകയും ചെയ്യുന്നത്. ഈ ഘട്ടത്തിൽ നിതീഷ് കുമാർ ബിജെപി ഇതര കക്ഷികളുടെ പിന്തുണയോടെയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. അതുകൊണ്ടാണ് നടപടികൾ മുന്നോട്ടുപോകാനായത്. അധഃസ്ഥിത വിഭാഗങ്ങൾക്ക് നിർണായക സ്ഥാനമുള്ള ബിഹാറിൽ അടിമണ്ണൊഴുകിപ്പോകുമെന്ന ഭയത്താൽ സംസ്ഥാന ബിജെപി ജാതി സെൻസസിനെ പരസ്യമായി എതിർത്തില്ലെങ്കിലും ദേശീയ നിലപാടിനെ തള്ളിപ്പറയാനും സന്നദ്ധമായില്ല. എങ്കിലും സംഘടനകളുടെയും വ്യക്തികളുടെയും പേരിൽ ഹർജികൾ നൽകി സെൻസസ് തടയുന്നതിന് നീക്കങ്ങൾ നടത്തി. ഒരുഘട്ടത്തിൽ നിയമ യുദ്ധം സുപ്രീം കോടതിയിലേക്കും നീണ്ടു. 2023 ഓഗസ്റ്റ് 21ന് സുപ്രീം കോടതിയുടെ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടി ആവശ്യപ്പെട്ടു. ഇതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സെൻസസ് നിയമമനുസരിച്ച് കേന്ദ്രസർക്കാരിന് മാത്രമേ സെൻസസും സെൻസസ് പോലുള്ള നടപടികളും സ്വീകരിക്കുന്നതിന് അനുവാദമുള്ളൂ എന്ന നിലപാടാണ് ആദ്യം അറിയിച്ചത്.
ജാതി സെൻസസ് നടത്തണമെന്ന ആവശ്യം വളരെ നേരത്തെ തന്നെ സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്നുണ്ട്. രാജ്യസഭയിൽ ബിനോയ് വിശ്വവും പി സന്തോഷ് കുമാറും ചോദ്യങ്ങളായും പരാമർശങ്ങളായും ഒന്നിലധികം തവണ സമഗ്ര ജാതി സെൻസസ് നടത്തേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചിരുന്നു. ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ സമൂഹം ഇപ്പോഴും ജാതിവ്യവസ്ഥയ്ക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം മനസിലാക്കാൻ ജാതി നിർണയം അനിവാര്യമാണെന്നുമായിരുന്നു സിപിഐ നിലപാട്. സമഗ്ര ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ സംവരണ നയങ്ങൾ പോലും പുനർനിർവചിക്കാനാകുമെന്നും സാമൂഹ്യ ശ്രേണി, ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ, വിവിധ ജാതികളുടെയും സമുദായങ്ങളുടെയും പ്രാതിനിധ്യക്കുറവ് എന്നിവ പരിഹരിക്കുന്നതിനുള്ള നയരൂപീകരണത്തിന് നിർണായകമാണെന്നുമുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്.
10 വർഷത്തിലൊരിക്കൽ നടത്താറുള്ള പൊതു സെൻസസ് പോലും നാലു വർഷത്തിലധികമായി വൈകിപ്പിച്ചവരാണ് നരേന്ദ്ര മോഡി സർക്കാർ. 2021ലെ സെൻസസ് നടത്തുന്നതിന് 2019ൽ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. 2019 മാർച്ച് 28ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി ലോക്‌സഭയിൽ നൽകിയ മറുപടിയിലുണ്ട്. എന്നാൽ 2020ലെ കോവിഡ് 19 മഹാമാരിയെ തുടർന്ന് തുടർനടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുകയും ജീവിതം സാധാരണ നിലയിലെത്തുകയും ചെയ്തുവെങ്കിലും പൊതു സെൻസസ് തുടങ്ങുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുകപോലും ചെയ്തില്ല. അതേസമയം ജനസംഖ്യ കുറവാണെങ്കിലും കാനഡ ഉൾപ്പെടെ രാജ്യങ്ങൾ യഥാസമയം സെൻസസ് പൂർത്തിയാക്കി എന്നുള്ളതും ഇവിടെ പ്രസക്തമാണ്.
ജാതി സെൻസസ് എന്ന ആവശ്യത്തോട് എല്ലാ കാലത്തും നിഷേധ സമീപനം സ്വീകരിക്കുകയും പൊതു സെൻസസ് പോലും അനന്തമായി വൈകിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരാണ് പൊടുന്നനെ ജാതി സർവേ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപി വനിതാ സംവരണ ബിൽ പാസാക്കിയത്. പൊതു സെൻസസ് നടത്തി പ്രാബല്യത്തിൽ വരുത്തുമെന്ന ഉപാധിയോടെയായിരുന്നു അത്. ഒന്നര വർഷം പിന്നിട്ടിട്ടും സെൻസസ് നടത്തി ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ജാതി സെൻസസിന്റെ സ്ഥിതിയും വ്യത്യസ്തമാകില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കൺകെട്ട് വിദ്യ മാത്രമാണത് എന്നതുതന്നെ കാരണം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വനിതാ ബില്ലെന്നതുപോലെ ജാതി സെൻസസ് പ്രഖ്യാപനവും പരണത്ത് വയ്ക്കപ്പെടുകയാണുണ്ടാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.