“ഏക് രഹേംഗെ തൊ സേഫ് രഹേംഗെ (ഒന്നായി തുടർന്നാൽ നമ്മൾ സുരക്ഷിതരായിരിക്കും)” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുദ്രാവാക്യം, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിപ്പിടിച്ച ജാതി സെൻസസ് എന്ന ആശയത്തെ എതിർക്കാന്‍ എങ്ങനെയാണ് ലക്ഷ്യമിട്ടതെന്ന് മുമ്പൊരു ലേഖനത്തിൽ ചർച്ച ചെയ്തിരുന്നു. ജവഹർലാൽ നെഹ്രു ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പരമ്പരയിൽ നിന്നുള്ള — ചരിത്രപരമായി ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെയും ജാതി വിവരങ്ങളുടെ എണ്ണത്തെയും എതിർത്ത നേതാക്കൾ — ഒരു നേതാവ് ആദ്യമായാണ് ജാതി പ്രശ്നത്തിൽ വേറിട്ട നിലപാട് സ്വീകരിച്ചത്. ചുരുക്കത്തില്‍ ജാതി സെൻസസ് എന്ന ആവശ്യം ആര്‍എസ്എസ് — ബിജെപി സർക്കാരിന് അവഗണിക്കാനാവാത്ത വെല്ലുവിളിയായി പ്രതിപക്ഷം മാറ്റി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ടൈറ്റാനിക്കിനെ മുക്കിക്കളഞ്ഞ മഞ്ഞുമലയോടാണ് പ്രതിപക്ഷം ഇന്ത്യയിലെ ജാതി വ്യവസ്ഥയെ ഉപമിക്കുന്നത്. സമുദ്രോപരിതലത്തിനടിയിൽ മറഞ്ഞിരിക്കുന്ന മഞ്ഞുമല, കൂറ്റൻ കപ്പലിനെ നശിപ്പിച്ചതുപോലെ, സാമൂഹിക ശ്രേണികളിൽ ഉൾച്ചേർന്ന ജാതി വ്യവസ്ഥ, ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ സാധ്യതകളെ തുരങ്കംവയ്ക്കുന്നു. ഈ “ഒളിഞ്ഞിരിക്കുന്ന മഞ്ഞുമല“യും ഇന്ത്യൻ സമൂഹത്തിന്റെ ഘടനയിൽ വിനാശകരമായ അതിന്റെ സ്വാധീനവും തിരിച്ചറിയുന്നതിൽ മുൻ സർക്കാരുകൾ പരാജയപ്പെട്ടു. ഈ പ്രശ്നം അംഗീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ ആദ്യത്തെ നേതാവാണ് രാഹുല്‍ ഗാന്ധി.
മറ്റ് പിന്നാക്ക (ഒബിസി) സമുദായത്തിൽ നിന്നുള്ള പ്രധാനമന്ത്രി മോഡി, ശൂദ്ര — ഒബിസി വോട്ടുകൾ സമാഹരിക്കാൻ തന്റെ ജാതി സ്വത്വം ഉപയോഗിക്കുന്നു. എന്നിട്ടും ജാതി സെൻസസ് ഹിന്ദു സമൂഹത്തെ വിഭജിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആർഎസ്എസും ചില ‘ഉന്നത’ ജാതിചിന്തകരും പ്രചരിപ്പിക്കുന്ന വിശ്വാസമാണത്. ഈ വിഭാഗം പലപ്പോഴും ബ്രാഹ്മണൻ, ബനിയ, കായസ്ഥ, ഖത്രി അല്ലെങ്കിൽ ക്ഷത്രിയ തുടങ്ങിയ തങ്ങളുടെ ജാതികളുടെ പേരുകൾ ഒഴിവാക്കുന്നു. പകരം ‘ഹിന്ദു’ എന്ന അവ്യക്തമായ പദം തിരഞ്ഞെടുക്കുന്നു. ഈ ഒഴിവാക്കൽ, ഹിന്ദു എന്ന് വിളിക്കപ്പെടുന്ന സമൂഹത്തിലെ ആഴത്തിലുള്ള അസമത്വങ്ങളെ മറയ്ക്കുന്നു.
ഹിന്ദു എന്ന പദം ഒരു നിഗൂഢ ലേബലായി മാറിയിട്ടുണ്ട്. ദളിതരെയും ശൂദ്രരെയും ആദിവാസികളെയും ‘ഉന്നത’ ജാതിക്കാര്‍ ചരിത്രപരമായി ചൂഷണം ചെയ്യുന്നതിനെ മറയ്ക്കാൻ ഇത് ഉപയോഗപ്പെടുന്നു. ജാതി അടിസ്ഥാനത്തിലുള്ള അസമത്വങ്ങളുടെ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്താനും ഐക്യം വളർത്താനും ജാതി സെൻസസിന് കഴിയും. ജാതി സെൻസസ് വ്യക്തികളെ അവരുടെ പരമ്പരാഗത സാമൂഹിക അവസ്ഥകളില്‍ തിരിച്ചറിയും. പ്രത്യേക തൊഴിലുകളുമായി ബന്ധപ്പെട്ട് അവരുടെ ജനസംഖ്യയുടെ കൃത്യമായ കണക്ക് നൽകും. ഇത് ജാതി സ്വത്വങ്ങളെ ഊട്ടിയുറപ്പിക്കുമെന്ന് വിമർശകർ വാദിക്കുമ്പോഴും ജാതീയമായ വിവേചനം നിലവിലുണ്ട് എന്നതാണ് യാഥാർത്ഥ്യം. സെൻസസ് അതിന്റെ വ്യാപ്തി വെളിപ്പെടുത്തും.
സാമൂഹികവും തൊഴിൽപരവുമായ മാറ്റം വെളിപ്പെടുത്തുന്ന തരത്തില്‍, പരമ്പരാഗത ജാതി തൊഴിലുകൾക്കപ്പുറത്തേക്ക് എത്ര പേർ മാറിയെന്നും കണക്കുകള്‍ കാണിക്കും. ഉദാഹരണത്തിന്, ബ്രാഹ്മണർ പരമ്പരാഗതമായി പൗരോഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, ആ തൊഴിൽ ‘ശുദ്ധം’ എന്ന് കണക്കാക്കപ്പെടുന്നു. അതേസമയം ചാമർമാരെ തുകൽ ജോലികളുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ‘അശുദ്ധ’ വൃത്തിയായി കണക്കാക്കപ്പെടുന്നു. ഈ ലേബലുകൾ നൂറ്റാണ്ടുകളായി തൊട്ടുകൂടായ്മയും വിവേചനവും നിലനിർത്തിയിട്ടുണ്ട്. അതിനാൽ ജാതി അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ കുറയ്ക്കുന്നതിന് തൊഴിൽപരമായ മാറ്റം അനിവാര്യമാണ്. ചാമർമാർ അധ്യാപനം, ഭരണം തുടങ്ങിയ തൊഴിലുകളിലേക്കോ ബ്രാഹ്മണർ തുകൽപ്പണിയിൽ ഏർപ്പെടുന്നവരായോ മാറിയിട്ടുണ്ടെന്ന് സെൻസസ് വെളിപ്പെടുത്തിയാൽ, അത് ജാതിരഹിത സമൂഹത്തിലേക്കുള്ള പുരോഗതിയെ സൂചിപ്പിക്കും.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അസമത്വവും ഇല്ലാതാക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഇത് നേടുന്നതിന്, ജാതി നാമങ്ങൾക്ക് തുല്യ ബഹുമാനം ഉണ്ടായിരിക്കണം. സ്കൂളുകളും കോളജുകളും സർവകലാശാലകളും എല്ലാ തൊഴിലുകളുടെയും അന്തസിനെ അംഗീകരിക്കുകയും തൊഴിൽപരമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും വേണം.
വ്യക്തികൾ പുതിയ തൊഴിലുകളിലേക്ക് മാറുകയും, പുതിയ കഴിവുകൾ നേടുകയും, ജാത്യതീത വിവാഹങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ ജാതിരഹിത സമൂഹം വികസിക്കുന്നത്. അന്തർ‑ജാതി വിവാഹങ്ങൾ സാംസ്കാരിക വിനിമയം വളര്‍ത്തുകയും ജാതിയുടെ കർക്കശമായ അതിരുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണശീലങ്ങളിലും ആചാരങ്ങളിലും സാമൂഹിക ആചാരങ്ങളിലുമെല്ലാം ജാതി കാര്യമായ വിഭജനം സൃഷ്ടിച്ചിട്ടുണ്ട്.
ബി ആർ അംബേദ്കർ ‘ജാതി ഉന്മൂലനം’ എന്ന ആശയം മുന്നോട്ടുവച്ചു. എന്നാൽ അതിനെതിരെ ചില സൈദ്ധാന്തിക ചട്ടക്കൂടുകൾ ഉയർന്നുവന്നു. ബൗദ്ധിക വരേണ്യവർഗം, മുഖ്യമായും ബ്രാഹ്മണര്‍ ഈ വിഷയത്തെ അവഗണിച്ചു. തൊണ്ണൂറുകളിലെ മണ്ഡല്‍ പ്രസ്ഥാനത്തിന്റെ കാലത്ത് പോലും, ജാതിയെ ഒരു വ്യവസ്ഥാപിത പ്രശ്നമായി അഭിസംബോധന ചെയ്യുന്നതിനുപകരം സംവരണത്തിന്റെ ഗുണദോഷങ്ങളിൽ മാത്രം ചർച്ചകൾ പരിമിതപ്പെടുത്തി. സംവരണത്തിന് ജാതി കാരണമല്ല; അതൊരു അനന്തരഫലമാണ്. മൂലപ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന്, കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കും സമാനമായ ആഴത്തിലുള്ള സമീപനം ആവശ്യമാണ്. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കാതെ, സംവരണത്തിന് പോലും സമനില സൃഷ്ടിക്കാൻ കഴിയില്ല.
കമ്മ്യൂണിസ്റ്റുകൾ ജാതിയെക്കാൾ വർഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനു വിപരീതമായി, ആർഎസ്എസും ബിജെപിയും ജാതി അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യത്തെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള ആർഎസ്എസിന്റെ കാഴ്ചപ്പാട് ജാതി ശ്രേണികളെ ഉയർത്തിപ്പിടിക്കുകയും ആത്മീയ ജനാധിപത്യത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഇത് സമത്വപാതയിലേക്കുള്ള യഥാർത്ഥ പുരോഗതിയെ തടയുന്നു.
ചരിത്രപരമായി, ജാതിയെ ഘടനാപരമായ പ്രശ്നമായി അംഗീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇതാണ് ആർഎസ്എസ്-ബിജെപി സംഘത്തിന് അധികാരത്തിലെത്താൻ ഇടം നൽകിയത്. രാഹുൽ ഗാന്ധി സമൂഹത്തില്‍ ഒരു ‘എക്സ്-റേ’ സമാനമായ ഉപകരണമായാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത്. ജാതി സെൻസസ് ഇന്ത്യൻ സമൂഹത്തിന്റെ എക്സ്-റേ ആകും, പിന്നീട് ആഴത്തിലുള്ള വിശകലനവും (സ്കാൻ) ഇടപെടലും (ബയോപ്സി) ഉണ്ടാകണം എന്നാണദ്ദേഹം പറയുന്നത്.
സെൻസസ് സമഗ്രമായ സാമൂഹിക സാമ്പത്തിക കണക്കുകള്‍ നൽകുകയും അസമത്വത്തിന്റെ മേഖലകൾ ഉയർത്തിക്കാട്ടുകയും ചെയ്യും. ജാതീയമായ തിരിച്ചറിവുകൾ കുറച്ചുകാലം നിലനിൽക്കുമെങ്കിലും, ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും തൊഴിൽപരമായ അപമാനവും ഇല്ലാതാക്കുന്നതിലായിരിക്കണം അടിയന്തര ശ്രദ്ധ. ഉദാഹരണത്തിന്, ഒരു ബ്രാഹ്മണന്റെ കുട്ടി തുകൽപ്പണിയിൽ ഏർപ്പെടാൻ പാടില്ലെന്നോ ദളിതന് ക്ഷേത്ര പൂജാരി ആകാൻ കഴിയില്ലെന്നോ ഉള്ള വിശ്വാസം വെല്ലുവിളിക്കപ്പെടേണ്ടതാണ്.
കൃത്യമായ ജാതി ഡാറ്റയ്ക്ക് മറ്റ് ഗുണങ്ങളും ഉണ്ടാകും. തങ്ങളുടെ ജനസംഖ്യയെക്കുറിച്ച് ഊതിപ്പെരുപ്പിച്ച ധാരണകളുള്ള ജാതിവിഭാഗങ്ങള്‍ക്ക് യാഥാര്‍ത്ഥ പരിശോധന
നേരിടേണ്ടിയും വന്നേക്കാം. അതേസമയം ചില ഗ്രൂപ്പുകൾ അര്‍ഹമായ വിഭവങ്ങളുടെയും അവസരങ്ങളുടെയും ന്യായമായ വിഹിതത്തിനായി അണിനിരന്നേക്കാം. തൊഴിൽപരമായ മാറ്റങ്ങളുടെയും അന്തർ‑ജാതി വിവാഹങ്ങളുടെയും നിർണായക ചാലകമായ വിദ്യാഭ്യാസവും പുതിയ രീതിയില്‍ ശ്രദ്ധ നേടും. ജാതി സെൻസസ് അസമത്വങ്ങൾ തിരിച്ചറിയാനുള്ള ഒരു ഉപകരണം മാത്രമല്ല, കൂടുതൽ സമത്വമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗരേഖയാണ്. ജാതി അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ തിരിച്ചറിയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നതിലൂടെ, ജാതിക്കതീതമായ അന്തസും സമത്വവും അവസരവുമുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അംബേദ്കറുടെ കാഴ്ചപ്പാടിലേക്ക് കൂടുതൽ അടുക്കാൻ ഇന്ത്യക്ക് കഴിയും.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.