മദ്യ കുംഭകോണക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ മനീഷ് സിസോദിയക്ക് നോട്ടീസ് അയച്ചു. ഇന്ന് 11 മണിക്ക് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് നിർദ്ദേശം. മനീഷ് സിസോദിയ തന്നെയാണ് സമന്‍സിനെക്കുറിച്ച് അറിയിച്ചത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയുമാണ് ഡൽഹി മദ്യക്കേസ് അന്വേഷിക്കുന്നത്.
ഈ ആഴ്ച ആദ്യം, കേസുമായി ബന്ധപ്പെട്ട് 25ലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കൂടാതെ മദ്യവില്പന നടത്തുന്ന വ്യവസായികളുടെ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. പഞ്ചാബ്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്‍പ്പെടെ 35 ലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
അതേസമയം മനീഷ് സിസോദിയക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. തടവറയ്ക്കും തൂക്കു കയറിനും ഭഗത് സിങ്ങിന്റെ ഉന്നതമായ ഉദ്ദേശ്യങ്ങളെ തടയാൻ കഴിഞ്ഞില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയ്‌നുമാണ് ഇന്നത്തെ ഭഗത് സിങ്ങെന്നും കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അറസ്റ്റ് നീക്കം. ബിജെപി ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സമന്‍സിന് പിന്നാലെ കേന്ദ്രത്തിനെതിരെ തുറന്നടിച്ചുകൊണ്ട് സിസോദിയ ലെഫ്. ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുമുണ്ട്. ഡല്‍ഹിയിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിമര്‍ശനം. ഡല്‍ഹിയില്‍ അടുത്തിടെയായി നടന്ന കൊലപാതക പരമ്പരകള്‍, പീഡനം തുടങ്ങിയ വിഷയങ്ങളിലും ദയവായി അല്പം ശ്രദ്ധ ചെലുത്തണമെന്ന് ലെഫ്. ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ സിസോദിയ ആവശ്യപ്പെട്ടു.
English Summary: CBI summons to Manish Sisodia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.