വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി എട്ട് ബന്ദികളെ മോചിപ്പിച്ച് ഹമാസ്. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഖാന്‍ യൂനിസിലെ വസതിക്ക് സമീപമാണ് കെെമാറ്റം നടന്നത്.
ഇസ്രയേല്‍ സെെനിക ഉദ്യോഗസ്ഥയായ അഗം ബാര്‍ഗര്‍, ഗാഡി മോസസ്, അർബെൽ യെഹൂദ് എന്നിവരെയും അഞ്ച് തായ്‌ലൻഡുകാരെയുമാണ് വിട്ടയച്ചത്. കെെമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്.
ബന്ദികള്‍ക്കു നേരെ പരിഹാസങ്ങളും കൂകി വിളികളുമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പുമായി രംഗത്തെത്തി.
ബന്ദികളെ മോചിപ്പിക്കുന്ന സമയത്തെ സംഭവവികാസങ്ങള്‍ ഗൗരവത്തോടെ കാണുന്നു. ഹമാസിന്റെ സങ്കൽപ്പിക്കാനാവാത്ത ക്രൂരതയുടെ മറ്റൊരു തെളിവാണിത്. ഇത്തരം ഭയാനകമായ രംഗങ്ങൾ ആവർത്തിക്കാതിരിക്കാനും ബന്ദികളുടെ സുരക്ഷ ഉറപ്പാക്കാനും മധ്യസ്ഥരോട് ആവശ്യപ്പെടുന്നു. ബന്ദികളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു. ബന്ദികള്‍ രാജ്യത്തെത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.
അതേസമയം, മൂന്നാം ഘട്ട ബന്ദി കെെമാറ്റത്തിന്റെ ഭാഗമായി 110 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം ഘട്ട കെെമാറ്റം ഞായറാഴ്ചയുണ്ടാകും. മൂന്ന് ബന്ദികളെയാണ് ഈ ഘട്ടത്തില്‍ മോചിപ്പിക്കുകയെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.