3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

സുഡാനില്‍ വെടിനിര്‍ത്തല്‍; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

Janayugom Webdesk
ഖാര്‍ത്തൂം
April 19, 2023 8:53 am

സുഡാനില്‍ 24 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും ധാരണയിലെത്തി. അതേസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. നിരവധി ഇന്ത്യക്കാരടക്കം സംഘര്‍ഷബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
സുഡാനിലെ യുറോപ്യൻ യൂണിയൻ അംബാസഡര്‍ എയോണ്‍ ഒ ഹാരയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ­­ ദിവസം ഖാര്‍ത്തൂമില്‍ സൈ­നിക വിഭാഗവും അര്‍ധ സൈനി­ക വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടത്തിയത്. അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാന്‍ സൈന്യം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനികമേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു 2021ൽ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയത്. ഇരുസൈന്യങ്ങളും തമ്മിലുള്ള വ്യോമാക്രമണവും ഷെല്ലാക്രമണവും വെടിവയ്പും കാരണം ജനജീവിതം താറുമാറായിരിക്കുകയാണ്.
സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ഫ്ലാറ്റിന്റെ ജനാലയിലൂടെ വെടിയേറ്റ ആൽബർട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാല്‍ക്കണി പോലുള്ള തുറസായ സ്ഥലത്ത് നില്‍ക്കരുത്, ആവശ്യത്തിന് വെള്ളവും ഭക്ഷണവും മരുന്നും കരുതിവയ്ക്കുക എന്നിങ്ങനെയും നിര്‍ദേശങ്ങളുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. 

Eng­lish Summary:Ceasefire in Sudan; The num­ber of peo­ple killed in the con­flict has crossed 200
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.