
ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗിനെതിരെ ഗാർഹിക പീഡന പരാതിയുമായി നടി സെലീന ജയ്റ്റ്ലി (47) രംഗത്ത്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി പരാതി നൽകിയത്. ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ച ഭർത്താവ് ഒരു ‘നാർസിസ്റ്റ്’ ആണെന്നും, തന്നോടോ കുട്ടികളോടോ ഒരുതരത്തിലുള്ള സഹാനുഭൂതിയും കാണിക്കാറില്ലെന്നും സെലീന ആരോപിച്ചു.
ഓസ്ട്രിയയിൽ ഭർത്താവിനൊപ്പമുള്ള മക്കളുടെ സംരക്ഷണം തനിക്ക് വിട്ടു നൽകണമെന്നും നഷ്ടപരിഹാരമായി 50 കോടി രൂപ നൽകണം കൂടാതെ ജീവനാംശമായി പ്രതിമാസം 10 ലക്ഷം രൂപ നൽകണം മുതലായവയാണ് പരാതിയിൽ നടി പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ. വിവാഹശേഷം ജോലിക്കു പോകുന്നതിൽ ഭർത്താവ് വിലക്കേർപ്പെടുത്തിയിരുന്നതായും, അദ്ദേഹത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ഓസ്ട്രിയ വിട്ട് ഇന്ത്യയിലേക്കു വന്നതെന്നും നടി പരാതിയിൽ പറയുന്നുണ്ട്. ഭർത്താവ് മുൻകോപിയും മദ്യപാനിയുമാണെന്നും സെലീന ആരോപിച്ചിട്ടുണ്ട്. ഓസ്ട്രിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമായ പീറ്റർ ഹാഗിന് പരാതിയെ തുടർന്ന് കോടതി നോട്ടിസ് അയച്ചു. കേസ് അടുത്ത മാസം 12ന് പരിഗണിക്കും. ഹാഗ് കഴിഞ്ഞ ഓഗസ്റ്റിൽ ഓസ്ട്രിയയിലെ കോടതിയിൽ വിവാഹമോചന ഹർജി നൽകിയിരുന്നു. 2010ൽ വിവാഹിതരായ ഇവർക്ക് മൂന്ന് മക്കളുണ്ട്. 2001ൽ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സെലീന ജയ്റ്റ്ലി, ‘നോ എൻട്രി’, ‘അപ്‌നാ സപ്‌നാ മണി മണി’, ‘ഗോൽമാൽ റിട്ടേൺസ്’, ‘താങ്ക് യു’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.