19 January 2026, Monday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ബില്ലുകളിൽ സമയപരിധി: എതിര്‍ത്ത് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2025 9:05 pm

രാഷ്ട്രപതിക്കും ഗവർണര്‍ക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. 

ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് ​കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ രാഷ്ട്രപതി തന്നെ പ്രസിഡന്റ് റെഫറൻസ് വഴി സുപ്രീം കോടതിയെ സമീപിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് റെഫറൻസിൽ ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.

​ഭരണഘടനയുടെ അനുച്ഛേദം 142 സുപ്രീം കോടതിക്ക് ഒരു പ്രത്യേക അധികാരം നൽകുന്നുണ്ട്. ഏതെങ്കിലും കേസിൽ സമ്പൂർണ നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ നിര്‍ദേശങ്ങൾ നൽകാനും ഉത്തരവുകൾ പുറപ്പെടുവിക്കാനും കോടതിക്ക് ഇത് അധികാരം നൽകുന്നു. അയോധ്യ കേസ് ഉൾപ്പെടെയുള്ള പല പ്രധാന കേസുകളിലും ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുണ്ട്. ​എന്നാൽ ബില്ലുകൾക്ക് അംഗീകാരം നൽകാൻ സമയപരിധി നിശ്ചയിക്കുന്നത് ഈ അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഭരണഘടനാപരമായ ചുമതലകളുള്ള രാഷ്ട്രപതിക്കും ഗവർണർക്കും ഇത്തരത്തിൽ ഒരു സമയപരിധി വെക്കുന്നത് അവരുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും കേന്ദ്രം വാദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.