സംസ്ഥാന സർക്കാരിനോട് ക്രൂരമായ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അത് തിരുത്താൻ തയ്യാറാകണം. കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റ കടമായി കണക്കാക്കുന്നതാണ് കേന്ദ്ര നയം. അതേസമയം കേന്ദ്രത്തിന് കീഴിൽ ദേശീയപാത അതോറിട്ടി പോലുള്ള സ്ഥാപനങ്ങളെടുക്കുന്ന വായ്പകൾ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നുമില്ല. അവിടെ അങ്ങനെയാകാം. ഇവിടെ അത് നടക്കില്ലെന്ന പക്ഷപാതപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വെസ്റ്റ് കോസ്റ്റ് കനാൽ ജലപാത ചേറ്റുവ വരെയുള്ള ഭാഗം അടുത്ത ഡിസംബറോടെ ഗതാഗത യോഗ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. കെ ഡിസ്ക് വഴിയുള്ള നിയമനങ്ങൾ സുതാര്യമായാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ സ്ഥാപനമായി കെ ഡിസ്ക് മാറിയിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കേണ്ടി വരും. 2,268.13 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്.
പദ്ധതിക്ക് 2,570 ഏക്കർ ഭൂമി ആവശ്യമാണ്. 3,500 മീറ്റർ റൺവേയാണ് ആവശ്യമായി വരുന്നത്. പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് അനുമതിയും പ്രതിരോധമന്ത്രാലയത്തിന്റെ എന്‍ഒസിയും ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവള കമ്പനി സിയാൽ മാതൃകയിലായിരിക്കും. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കേസ് തീർപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
15,635.50 കോടിയുടെ കിഫ്ബി പദ്ധതികള്‍
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,635.50 കോടിയുടെ 152 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കിഫ്ബി മുഖേന അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറമേ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 840 കോടി രൂപയുടെ അംഗീകാരവും നൽകി. ഇതിൽ 50 കോടിക്ക് മുകളിലുള്ള 68 വൻകിട പദ്ധതികളാണുള്ളത്.
ഇതുവരെ കിഫ്ബിയിലൂടെ 80,998.61 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 1,057 പദ്ധതികളാണ് ഇവയില്‍ ഉൾപ്പെടുന്നത്. ഇതിൽ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തിയ ഏഴ് പദ്ധതികളുമുണ്ട്. അംഗീകാരം നൽകിയ 29,432.97 കോടിയുടെ പദ്ധതികളിൽ 603 എണ്ണത്തിന്റെ കരാര്‍ പൂർത്തിയായി. 26,058.48 കോടിയുടെ 552 പദ്ധതികളാണ് കരാർ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചത്. ലൈഫിൽ 2017 മുതൽ ജൂലൈ 31വരെ 3,48,026 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary: Center showing state: Brutal neglect: CM
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.