1 January 2026, Thursday

വോഡഫോൺ ഐഡിയയെ രക്ഷിക്കാന്‍ കേന്ദ്രം; 87,695 കോടിയുടെ കുടിശികയ്ക്ക് അഞ്ച് വർഷത്തെ മൊറട്ടോറിയം

Janayugom Webdesk
മുംബൈ
December 31, 2025 8:47 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വോഡഫോൺ ഐഡിയയ്ക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര മന്ത്രിസഭയുടെ നിർണായക തീരുമാനം. കമ്പനി നൽകാനുള്ള 87,695 കോടി രൂപയുടെ എജിആർ കുടിശിക അടയ്ക്കുന്നതിന് അഞ്ച് വർഷത്തെ മൊറട്ടോറിയം കേന്ദ്ര സർക്കാർ അംഗീകരിച്ചു. രാജ്യത്തെ ടെലികോം മേഖലയിലെ മത്സരക്ഷമത നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
പുതിയ തീരുമാനപ്രകാരം, കുടിശിക തുക ഉടൻ നൽകേണ്ടതില്ല. 2031–32 സാമ്പത്തിക വർഷം മുതൽ 2040–41 വരെയുള്ള പത്ത് വർഷ കാലയളവിലായി തിരിച്ചടവ് നടത്തിയാൽ മതിയാകും. അഞ്ച് വർഷത്തെ ഈ മൊറട്ടോറിയം കാലയളവിൽ കുടിശിക തുകയ്ക്ക് അധിക പലിശ ഈടാക്കില്ലെന്നത് കമ്പനിക്ക് വലിയ നേട്ടമാണ്. കുടിശിക തുകയിലെ പിശകുകൾ പരിശോധിക്കുന്നതിനും പലിശയും പിഴയും ഒഴിവാക്കുന്നത് പരിശോധിക്കുന്നതിനുമായി ടെലികോം വകുപ്പ് പ്രത്യേക കമ്മിറ്റിയെ നിയമിക്കും. ഈ കമ്മിറ്റിയുടെ തീരുമാനം കമ്പനിക്കും സർക്കാരിനും ഒരുപോലെ ബാധകമായിരിക്കും.
നിലവിൽ വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്ര സർക്കാരാണ്. നേരത്തെയുള്ള സ്പെക്ട്രം കുടിശികകൾ ഇക്വിറ്റിയാക്കി മാറ്റിയതിലൂടെ സർക്കാർ കമ്പനിയുടെ 49 % ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഏകദേശം 19.8 കോടി വരിക്കാരും 18,000‑ത്തിലധികം ജീവനക്കാരുമുള്ള കമ്പനിയുടെ നിലനില്പ് ഇന്ത്യൻ ടെലികോം വിപണിയിൽ അത്യാവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. രണ്ട് കമ്പനികൾ മാത്രം വിപണി ഭരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ വോഡഫോൺ ഐഡിയയുടെ സാന്നിധ്യം അനിവാര്യമാണെന്നും കരുതുന്നു.
സർക്കാർ തീരുമാനത്തെത്തുടർന്ന് വോഡഫോൺ ഐഡിയയുടെ ഓഹരികളിൽ വലിയ ചലനങ്ങളുണ്ടായി. ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 12.8 രൂപ വരെ ഉയർന്നുവെങ്കിലും, പിന്നീട് ലാഭമെടുപ്പ് നടന്നതോടെ വില 10.67 രൂപയിൽ ക്ലോസ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.