20 January 2026, Tuesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

വിമാന ഭീഷണിയിൽ കേന്ദ്രത്തിന്റെ നിസംഗത

Janayugom Webdesk
October 22, 2024 5:00 am

നാടകീയവും അതേസമയം അസാധാരണവുമായ സാഹചര്യമാണ് വ്യോമയാന മേഖലയിലുണ്ടായിരിക്കുന്നത്. വ്യോമയാനക്കമ്പനികളെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി ഓരോ ദിവസവും വന്നെത്തുന്ന വ്യാജ ബോംബ് ഭീഷണിയാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നൂറിലധികം ഭീഷണിയാണ് വിവിധ കമ്പനികളുടെ വിമാനങ്ങൾക്ക് ലഭിച്ചത്. രാജ്യത്തിനകത്തും വിദേശത്തേയ്ക്കും സർവീസ് നടത്തുന്ന വിമാനങ്ങൾക്കെല്ലാം ഭീഷണിയുണ്ടായി. ഏറ്റവും കൂടുതൽ എയർ ഇന്ത്യയ്ക്കാണ്. 20ലധികം വിമാനങ്ങൾക്കാണ് സന്ദേശം ലഭിച്ചത്. മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധിച്ചതിൽ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും ഫൈറ്റർ ജെറ്റ് അകമ്പടിയായി പോകേണ്ടിവന്നു. മറ്റൊരു പ്രധാന കമ്പനിയായ വിസ്താരയുടെ 10 വിമാനങ്ങൾക്കാണ് സന്ദേശമെത്തിയത്. ഇതിൽ പകുതിയും സിംഗപ്പൂർ, ഫ്രാങ്ക്ഫർട്ട്, കൊളംബോ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഉൾപ്പെടെ അന്താരാഷ്ട്ര സർവീസുകളായിരുന്നു. ഉദയ്‌പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ഒരു വിസ്താര വിമാനം നിലത്തിറങ്ങിയതിന് ശേഷമാണ് ഭീഷണി ശ്രദ്ധയിൽപ്പെട്ട് പരിശോധിക്കേണ്ടിവന്നത്. ശുചിമുറിയിൽ കണ്ട ഭീഷണിക്കുറിപ്പിനെ തുടർന്നായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ, ഇസ്താംബൂളിലേക്കുള്ള രണ്ട് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ ഏഴ് വിമാനങ്ങൾക്ക് ഭീഷണിയുണ്ടായെന്നാണ് റിപ്പോർട്ട് ചെയ്തത്. ആകാശ എയറിന്റെ അഞ്ച് വിമാനങ്ങളിൽ ബോംബ് ഭീഷണിയുണ്ടായെങ്കിലും പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ല. സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, അലയൻസ് എയർ എന്നിങ്ങനെ രാജ്യത്ത് സർവീസ് നടത്തുന്ന പ്രമുഖ കമ്പനികൾക്കെല്ലാം സന്ദേശം ലഭിക്കുകയുണ്ടായി. ഭീഷണികൾ വ്യാജമാണെന്ന് തെളിയുന്നത് ആശ്വാസമാണെങ്കിലും മണിക്കൂറുകളോളം യാത്രക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതിനും യാത്ര വൈകുന്നതിനും കാരണമാകുകയാണ്.


മണിപ്പൂർ: ബിജെപി തുറന്നുവിട്ട ഭൂതം


ഓരോ ഭീഷണി ലഭിക്കുമ്പോഴും വിമാനങ്ങളും അതാത് കമ്പനികളും പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അവ അപ്രതീക്ഷിതമായി വൻ ചെലവ് വരുത്തുന്നവയുമാണ്. രണ്ടാഴ്ച മുമ്പ് സാങ്കേതിക തകരാറിനെത്തുടർന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കാനാകാതെ രണ്ട് മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടുപറന്ന സംഭവം ഉദ്വേഗഭരിതമായ മണിക്കൂറുകളാണ് യാത്രക്കാർക്കും ജനങ്ങൾക്കും നൽകിയത്. ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചു പറന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ചിരിക്കണമെന്നുള്ളതിനാലാണ് ആകാശത്ത് രണ്ട് മണിക്കൂറുകളോളം പറക്കേണ്ടിവന്നത്. ഇതിന് സമാനമായി ബോംബ് ഭീഷണിയുണ്ടാകുമ്പോഴും സാങ്കേതികമായും അല്ലാതെയും കൈക്കൊള്ളേണ്ട നടപടിക്രമങ്ങളുണ്ട്. പുറപ്പെടാനൊരുങ്ങുന്നതാണെങ്കിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വിശദ പരിശോധന നടത്തേണ്ടതുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രമേ പുറപ്പെടാൻ പാടുള്ളൂ. പുറപ്പെട്ട ശേഷമാണെങ്കിൽ തിരിച്ചിറക്കി വേണം പരിശോധന നടത്തേണ്ടത്. വിമാനത്താവളത്തിൽ തങ്ങുന്ന അധിക സമയത്തിനുള്ള നിരക്ക്, തിരിച്ചിറക്കേണ്ടിവരുമ്പോൾ അതിനുള്ള വാടക തുക, കൂടുതൽ ഇന്ധനം നിറയ്ക്കേണ്ടി വരുന്നതിന്റെ വില എന്നിങ്ങനെ പല ചെലവുകളും കമ്പനികൾക്ക് അധികമായുണ്ടാകുന്നു. ഇതിനെല്ലാം പുറമേയാണ് യാത്രക്കാർക്കും ബന്ധുക്കൾക്കുമുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ. ജനങ്ങളാകെ പരിഭ്രാന്തിയിലാകുകയും ചെയ്യുന്നു.


ബിജെപിയുടെ നയങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നില്ലേ ?


പക്ഷേ ഇത്രയും ഗുരുതരമായ വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാർ പൂർണമായും ഇരുട്ടിൽ തപ്പുകയാണ്. ആദ്യഘട്ടത്തിൽ ഇന്ത്യ — കാനഡ ബന്ധത്തിലുണ്ടായ പ്രശ്നത്തെ തുടർന്നാണെന്നായിരുന്നു ഭാഷ്യംചമയ്ക്കാൻ ശ്രമിച്ചത്. തുടർച്ചയായ ഭീഷണിയുണ്ടായപ്പോൾ ഒരു കൗമാരക്കാരനാണ് ചില സന്ദേശങ്ങൾ അയച്ചതെന്ന് കണ്ടെത്തിയെന്ന് അറിയിച്ചെങ്കിലും ഇപ്പോൾ അതുസംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശങ്ങൾ പലതും ലഭിച്ചത്. എന്നിട്ടും കണ്ടെത്താൻ കഴിയാതെ ആശയക്കുഴപ്പത്തിലും അവ്യക്തതയിലും ഉഴലുകയാണ് കേന്ദ്രസർക്കാരെന്നാണ് വ്യക്തമാകുന്നത്. നൂറോളം വരുന്ന ഭീഷണികളിൽ 50ഓളവും ഒരേ വിലാസത്തിൽ നിന്നാണെന്ന വിവരം പുറത്തുവന്നിട്ടും ആരാണ് ഇതിന് പിറകിലെന്ന് കണ്ടെത്താനാകാത്തത് ഗുരുതരമായ വീഴ്ചയാണ്. സംഘടിത നീക്കം ഇതിന് പിന്നിലുണ്ടോയെന്നും കണ്ടെത്താനാകുന്നില്ല. സമൂഹമാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായാൽ പോലും വിവിധ സംവിധാനങ്ങളിലൂടെ കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് ധൃതി കാട്ടുന്നവരാണ് ഇത്രയും ഗൗരവമേറിയ പ്രശ്നത്തെ ലാഘവത്തോടെ സമീപിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുകയല്ല, ഭയപ്പെടുത്തുകയാണ്. പതിനായിരക്കണക്കിന് പേർ ആശ്രയിക്കുന്ന യാത്രാ സംവിധാനത്തെയാണ് ഭീഷണിപ്പെടുത്തുന്നതെന്ന ഗൗരവത്തിലല്ല സർക്കാർ ഇതിനെ കാണുന്നതെന്നുവേണം അനുമാനിക്കുവാൻ. നിരവധി പേരുടെ ജീവൻവച്ച് ആരൊക്കെയോ തമാശ കളിക്കുമ്പോൾ ഇതുപോലെ നിസംഗതയോടെ പെരുമാറുവാൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കുകയുള്ളൂ.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.