22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

കടംകയറി മൂടി; കേന്ദ്രത്തിന്റെ ബാധ്യത 157 ലക്ഷം കോടി

ഒമ്പത് വര്‍ഷത്തിനിടെ 150 ശതമാനം വര്‍ധന
വ്യക്തിഗത വായ്പ 400 ശതമാനം കൂടി
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
July 9, 2023 11:08 pm

രാജ്യത്ത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ മാത്രമല്ല ജനങ്ങളുടെയും സാമ്പത്തിക ബാധ്യത കുതിച്ചുയരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 157 ലക്ഷം കോടിയായപ്പോള്‍ 2022–23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യത 76 ലക്ഷം കോടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍. വ്യക്തിഗത വായ്പകളുടെ മൂല്യം 41 ലക്ഷം കോടിയായും കൂടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയതും ക്ഷേമ പദ്ധതി വിഹിതം കുറച്ചതുമാണ് പൗരന്മാരുടെ കടബാധ്യത കൂട്ടാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തിന്റെ പൊതുകടം അതിവേഗത്തില്‍ ഉയരുന്നതിനെ ജനകീയ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിക്ക് അടക്കം ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ ഈ വാദം പൊള്ളയാണെന്ന് വ്യക്തമാകുന്നു.

നികുതി നിരക്കിലടക്കം ഇളവ് നേടിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് മേഖലയിലേക്കാണ് കടമെടുപ്പിന്റെ ഗുണഫലങ്ങളും ചെന്നെത്തുന്നത്. ജനകീയ പദ്ധതികളില്‍ നിന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റമാണ് സംസ്ഥാനങ്ങളുടെ കടം വര്‍ധിക്കാനിടയാക്കിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കേന്ദ്രം പിന്മാറിയ സാമൂഹിക ക്ഷേമം അടക്കമുള്ള മേഖലകളിലെ വിടവ് സംസ്ഥാനങ്ങള്‍ നികത്തേണ്ടിവരുന്നു. 2014–15ല്‍ സംസ്ഥാനങ്ങളുടെ ആകെ വായ്പ 25 ലക്ഷം കോടിയായിരുന്നു. ജിഎസ്‌ടി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന നികുതിവരുമാനത്തിലും ചോര്‍ച്ചയുണ്ടായി. ഈ സാഹചര്യമാണ് പരിധിയില്ലാതെ വായ്പ സ്വീകരിക്കുന്ന നിലയിലേക്ക് സംസ്ഥാനങ്ങള്‍ എത്തിപ്പെടാന്‍ ഇടയാക്കിയതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭവന- വാഹന രംഗത്തും മറ്റ് വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനുമായി വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി പെരുകി. 2014 മുതല്‍ ദൃശ്യമായ ഇത്തരം പ്രവണതയുടെ ഫലമായി വായ്പാ തോത് 400 ശതമാനം വരെ ഉയര്‍ന്നു. 2014ല്‍ 10.2 ലക്ഷം കോടിയായിരുന്നു വ്യക്തിഗത വായ്പകളുടെ മൂല്യം. ഇപ്പോള്‍ വ്യക്തിഗത വായ്പാ നിരക്കിലെ കതിച്ചുചാട്ടം 2023–24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് തുകയായ 45 ലക്ഷം കോടിയോട് കിടപിടിക്കുന്നതായി മാറി. വ്യക്തിഗത വായ്പാത്തോത് ഉയരുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വിപരീത ഫലമാകും ഉണ്ടാക്കുകയെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പവും, ഉയരുന്ന തൊഴിലില്ലായ്മാ നിരക്കും കുറഞ്ഞ വേതനവും വ്യവസായ മേഖലയിലെ തകര്‍ച്ചയും സ്ഥിരപ്രതിഭാസമായ രാജ്യത്ത് കടബാധ്യത ഉയരുന്നത് കൂടുതല്‍ ദോഷഫലങ്ങള്‍ സൃഷ്ടിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ഇടപാട് രണ്ട് ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

11 ലക്ഷം, കേന്ദ്രസര്‍ക്കാരിന്റെ പലിശ ബാധ്യത

കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയില്‍ 58 ശതമാനവും വാണിജ്യ വായ്പാദാതാക്കളില്‍ നിന്നുള്ളതാണ്. ഇവയ്ക്ക് വര്‍ഷം തോറും കൂടിയ നിരക്കില്‍ പലിശ നല്‍കേണ്ടിവരും. കഴിഞ്ഞ ബജറ്റില്‍ പലിശയിനത്തില്‍ നീക്കിവയ്ക്കേണ്ടി വന്നത് 11 ലക്ഷം കോടിക്കടുത്തായിരുന്നു. ഇത് ആകെ ബജറ്റിന്റെ 23 ശതമാനത്തോളമാണ്. പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കല്‍ നിന്നും കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ വായ്പയായി സ്വീകരിക്കുന്നുണ്ട്. 2014ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യത 64 ലക്ഷം കോടിയായിരുന്നു. പിന്നീട് വലിയ തോതില്‍ ഉയരുകയായിരുന്നു. 2022–23ല്‍ എത്തുമ്പോള്‍ 157 ലക്ഷം കോടിയായി. ഒമ്പത് വര്‍ഷത്തിനിടെ 150 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Cen­tral gov­ern­ment debt lia­bil­i­ty is 157 lakh crores
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.