16 June 2024, Sunday

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 16, 2024
May 13, 2024
May 9, 2024
May 6, 2024

റേഷൻ കാർഡ് പട്ടിക പുതുക്കൽ: സുപ്രീം കോടതി നിർദ്ദേശങ്ങൾ കേന്ദ്രം നടപ്പാക്കുന്നില്ല

Janayugom Webdesk
ന്യൂഡൽഹി
September 30, 2021 7:24 pm

റേഷൻ കാർഡ് പട്ടിക പുതുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിച്ചുവെന്ന് റിപ്പോർട്ട്. അസംഘടിത, കുടിയേറ്റ തൊഴിലാളി വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ജൂൺ 29നാണ് പരമോന്നത കോടതി ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവിന്മേൽ ഇതുവരെ ഒരു നടപടിയും മോഡി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നത്. 

കോവിഡ് മഹാമാരിയുടെ തീവ്ര വ്യാപനത്തിനിടെ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച ദുരിതങ്ങൾ സംബന്ധിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള സുപ്രധാന നിർദ്ദേശങ്ങൾ സുപ്രീം കോടതി നൽകിയത്. ഇതിനിടെ കോടതി പ്രത്യേകം ചൂണ്ടിക്കാണിച്ച ഒന്നായിരുന്നു റേഷൻ കാർഡ് പട്ടികയുടെ പുതുക്കൽ. 

ജനസംഖ്യ വർധിച്ചിട്ടും 2011ലെ സെൻസസിനു ശേഷം ഇതുവരെ പട്ടിക പുതുക്കിയിട്ടില്ല. റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനായി ഗ്രാമങ്ങളിലും നഗരങ്ങളിലും ഉൾപ്പെടുന്ന ആകെ ജനങ്ങളുടെ എണ്ണം പുനർനിർണയിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. കൂടാതെ കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസ റേഷൻ (ഡ്രൈ റേഷൻ) ലഭ്യമാക്കുന്നതിനു വേണ്ടി ജൂലൈ 31ന് മുമ്പ് പദ്ധതി ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകി. ഇതു നടപ്പിലാക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അധിക ഭക്ഷ്യ ധാന്യങ്ങൾ അനുവദിക്കേണ്ടതുണ്ട്. എന്നാൽ പ്രധാനപ്പെട്ട ഈ രണ്ടു നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ഭക്ഷ്യ അവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജിന്റെ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. 

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ (എൻഎഫ്എസ്എ) പ്രകാരം രാജ്യത്തെ ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനവും നഗര ജനസംഖ്യയുടെ 50 ശതമാനവുമാണ് പൊതുവിതരണ സംവിധാനത്തിന്റെ ഗുണഭോക്താക്കളെന്ന് ഓഗസ്റ്റ് 24ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരെ എൻഎഫ്എസ്എയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എൻഎഫ്എസ്എ അനുസരിച്ച് അടുത്ത സെൻസസ് ഡാറ്റ പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമേ പരിഷ്ക്കരണം സാധ്യമാകൂ എന്നും മറുപടിയിൽ പറയുന്നു. 

കോടതി ഉത്തരവിനെ തുടർന്ന് തെലങ്കാനയും മേഘാലയയും മാത്രമാണ് അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുള്ളത്. ഈ കത്തുകളുടെ പകർപ്പ് നൽകാൻ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം തയാറായില്ല. അതേസമയം ഉത്തരവ് പ്രകാരം ഒരു സംസ്ഥാനത്തിനു പോലും അധിക ഭക്ഷ്യ ധാന്യങ്ങൾ അനുവദിച്ചിട്ടില്ലെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
കോവിഡ് മൂലം പുതിയ സെൻസസ് പ്രസിദ്ധീകരിക്കാൻ 2023–24 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റേഷൻ കാർഡ് പട്ടിക പുതുക്കുന്നതിൽ വരുത്തുന്ന കാലതാമസം സുപ്രീം കോടതി ഉത്തരവിന്റെ സദുദ്ദേശ്യത്തെ വ്യർത്ഥമാക്കുമെന്നും അഞ്ജലി ഭരദ്വാജ് പറയുന്നു. 

Eng­lish Sum­ma­ry : cen­tral gov­ern­ment ignored sc direc­tion to update ration card renewing

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.