17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

ആരോഗ്യ സംരക്ഷണം: കേന്ദ്രം കയ്യൊഴിയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 13, 2022 10:57 pm

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഫണ്ട് വര്‍ധിപ്പിക്കാതെ കേന്ദ്ര സർക്കാര്‍. ഇത് ചികിത്സയ്ക്കായി കൂടുതല്‍ പണം ചെലവാക്കുന്നതിന് പാവപ്പെട്ടവരെ നിര്‍ബന്ധിതരാക്കുന്നു. ചികിത്സാ ചെലവിന്റെ ശരാശരി 48.2 ശതമാനം ജനങ്ങള്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ചെലവഴിക്കേണ്ടി വരുന്നു.
ചില സംസ്ഥാനങ്ങളിൽ ചെലവ് ഇതിന്റെ ഇരട്ടിയാണെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
2018–19 ൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സംരക്ഷണ ചെലവ് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 1.28 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 1.35 ശതമാനമായിരുന്നു. സർക്കാർ, ജനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങൾ, ബാഹ്യ ഫണ്ടിങ് എന്നിവയിലൂടെ ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്ന മൊത്തം തുക അഞ്ച് വര്‍ഷത്തിനിടെ ജിഡിപിയുടെ 3.9 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ മൊത്തം ആരോഗ്യച്ചെലവിലെ സർക്കാര്‍ വിഹിതം 2014–15 ലെ 29 ശതമാനത്തിൽ നിന്ന് 2018–19 ൽ 40.6 ശതമാനമായി വർധിച്ചെങ്കിലും ജിഡിപിയില്‍ ഇടിവുണ്ടായി.
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിവരുന്ന ഓരോ 100 രൂപയിലും കുടുംബങ്ങൾക്ക് നേരിട്ട് ചെലവഴിക്കേണ്ടിവരുന്നത് 48.2 രൂപയാണ്. അതായത് ചികിത്സാ ചെലവിലേക്കുള്ള ഓരോ 100 രൂപയിലും ജനങ്ങള്‍ നേരിട്ട് ചെലവഴിക്കുന്നത് 48.2 രൂപ. ഇത് 15 വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ കുറവാണെങ്കിലും ആഗോള ശരാശരിയേക്കാൾ ഉയർന്നതാണ്. ആരോഗ്യചെലവിന്റെ ഏറ്റവും കൂടുതൽ സ്വന്തം പോക്കറ്റിൽനിന്ന് ചെലവാക്കേണ്ടിവരുന്നത് യുപിയിലാണ്-71.3 ശതമാനം. പശ്ചിമ ബംഗാളിൽ 68.6 ഉം കേരളത്തിൽ 68.6 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2018–19 സാമ്പത്തിക വര്‍ഷം ചികിത്സകള്‍ക്കായി ഇന്ത്യക്കാര്‍ 5.9 ലക്ഷം കോടി രൂപ ചെലവഴിച്ചതായാണ് കണക്കുകള്‍. കിടത്തി ചികിത്സയ്ക്കും മരുന്നിനും മാത്രമായി നേരിട്ട് നല്കുന്നത് മൊത്തം ചെലവിന്റെ 53.2 ശതമാനമാണ്. ലോക ബാങ്കിന്റെ 2019ലെ കണക്കുപ്രകാരം ആഗോളശരാശരി 18.01 ശതമാനം മാത്രമാണ്.
ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരുകളാണ് ചെയ്യുന്നത്. ആരോഗ്യരംഗത്ത് ജിഎസ്ഡിപിയുടെ ഏറ്റവും ഉയർന്ന അനുപാതവും (1.7ശതമാനം) സര്‍ക്കാര്‍തലത്തില്‍ പ്രതിശീർഷ ചെലവും കൂടുതലുള്ള (3,604 രൂപ) സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഈ മേഖലയില്‍ ഉയര്‍ന്ന പ്രതിശീർഷ ചെലവ് (9,871 രൂപ) ഉള്ള സംസ്ഥാനം കേരളവും കുറഞ്ഞ സംസ്ഥാനം ബിഹാറും (1,517 രൂപ) ആണ്. 

Eng­lish Sum­ma­ry: Cen­tral gov­ern­ment no increas­ing funds

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.