
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് ഫെഡറല്‍ തത്വങ്ങളോട് അലര്‍ജിയുള്ള സര്‍ക്കാരാണെന്ന് തമിഴ‌്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫെഡറലിസത്തിനെതിരായ കടന്നാക്രമണങ്ങള്‍ എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാരിയ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട വ്യക്തിയായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് തവണ രാജ്യം ഭരിക്കുകയും മൂന്നാമത്തെ തവണ ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മോഡി പ്രസ്തുത കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര ഭരണം കൂടുതല്‍ കേന്ദ്രീകൃത സ്വഭാവം പ്രകടിപ്പിക്കുകയാണെന്നും രാജ്യത്തെ ഫെഡറല്‍ ഘടന നേരിടുന്ന വലിയ അപകടങ്ങളില്‍ ഒന്നാണിതെന്നും സെമിനാറില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ കേന്ദ്ര ഭരണകക്ഷിയുടെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച്, ഫെഡറലിസത്തിന്റെ വേരുകൾ വെട്ടിമുറിക്കുകയാണ്. ഭൂരിപക്ഷ വർഗീയതയുടെ പിന്തുണയോടെ കോർപറേറ്റ് അജണ്ട നടപ്പിലാക്കുകയും സ്വേച്ഛാധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ(എം) പോളിറ്റ് ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ എന്നിവരും സെമിനാറില്‍ സംസാരിച്ചു. കെ ബാലകൃഷ്ണൻ അധ്യക്ഷനായി. എം ഗണേശന്‍ സ്വാഗതം പറഞ്ഞു. ബുധനാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ച രണ്ടാം ദിവസമായ ഇന്നലെ ആരംഭിച്ചു. കേരളത്തില്‍ നിന്ന് കെ കെ രാഗേഷ് ഉള്‍പ്പെടെ 18 പേര്‍ പങ്കെടുത്തു. ചര്‍ച്ച ഇന്നും തുടരും. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു. ഹിന്ദുത്വ ആശയത്തെ തടയുന്നതിലും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലും കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തുന്നതിലും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
മേയ് 20ന് കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിവർഗം നടത്തുന്ന യോജിച്ച പോരാട്ടത്തിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു. ആർഎസ്എസ്-ബിജെപി, സംഘ്പരിവാർ എന്നിവയുടെ പൈശാചിക വർഗീയ ആക്രമണങ്ങളെ ചെറുക്കണമെന്ന പ്രമേയവും അംഗീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 729 പ്രതിനിധികളും 79 നിരീക്ഷകരുമാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 38 കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാര്‍ട്ടികള്‍ സന്ദേശമയച്ചതായി അവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.