കോവിഡിന്റെ മറവിൽ അടച്ചുപൂട്ടിയ നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ മാനേജ്മെന്റിന് കീഴിലുള്ള മില്ലുകളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവനും ജീവിതവും അവതാളത്തിൽ തുടരുമ്പോഴും മില്ലുകൾ തുറക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് കേന്ദ്രസർക്കാർ.
പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ മരണക്കെണിയിൽപ്പെട്ട് ഊഴം കാത്തിരിക്കുകയാണ് രാജ്യത്ത് എൻടിസിയുടെ 23 മില്ലുകൾ. ഇതിൽ തൃശൂരിലെ അളഗപ്പയും കേരള ലക്ഷ്മിയും ഉൾപ്പെടെ നാലെണ്ണം കേരളത്തിലാണ്. കോവിഡിന്റെ പേരിൽ എൻടിസി മില്ലുകൾ അടച്ചുപൂട്ടിയിട്ട് നാല് വർഷം തികയുമ്പോഴും തൃശൂരിന്റെ വികസനങ്ങളിൽ അവകാശവാദം ഉന്നയിക്കുന്ന കോൺഗ്രസിന്റെ എംപി ടി എൻ പ്രതാപനും തൃശൂരിലേക്ക് വികസനമെത്തിക്കുന്നുവെന്ന് പറയുന്ന രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപിയും തൃശൂരിലെ മില്ലുകൾക്കായി ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നതാണ് വസ്തുത.
എൻടിസി മില്ലുകൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളസർക്കാർ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതുവരെയും അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല. അതേസമയം, മില്ലുകൾ തുറക്കാത്തതിനാൽ ടെക്സ്റ്റൈൽ തൊഴിലാളികളുടെ ജീവിതം ദുരിതമയമായി തുടരുകയാണ്. മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനിടെ എഐടിയുസിയുടെ നേതൃത്വത്തിൽ സംയുക്ത തൊഴിലാളി സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയിരുന്നു. നിരന്തര സമരങ്ങൾക്കും തുടർ ചർച്ചകൾക്കും ശേഷം ഉടനെ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മില്ലുകൾ ഇപ്പോഴും പൂട്ടി കിടക്കുകയാണ്. ലോക്ഡൗൺ കാലത്ത് പകുതി ശമ്പളമാണ് സ്ഥിരം ജീവനക്കാർക്ക് മാനേജ്മെന്റ് നല്കിയത്. എന്നാൽ കമ്പനി പ്രവർത്തിക്കാത്തതിനാൽ പിന്നീട് കാൽഭാഗം ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.
ഒരു കാലത്ത് നാഷണൽ ടെക്സ്റ്റൈയിൽസ് കോർപറേഷന് കീഴിൽ ഏറ്റവും കൂടുതൽ ലാഭം നേടികൊടുത്തിരുന്നതാണ് അളഗപ്പമിൽ. മൂവായിരത്തോളം പേർ വരെ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ കോവിഡിനു മുന്നേ തന്നെ 180 ഓളം വരുന്ന ഗേറ്റ് ബദലി തൊഴിലാളികൾക്ക് ജോലി നൽകാതായി. 287സ്ഥിരം തൊഴിലാകളികളും 197 ദിവസ വേതനക്കാരും 52 ഓഫിസ് ജീവനക്കാരുമടക്കം മൊത്തം 536 തൊഴിലാളികളാണുള്ളത്.
തൊഴിലാളികളിൽ പകുതിയോളം പേർ സ്ത്രീകളാണ്. അനുബന്ധ തൊഴിലാളികൾ ഇതിലേറെ വരും. ലക്ഷ്മി മില്ലിൽ 271 സ്ഥിരം തൊഴിലാളികളും 168 ദിവസവേതനക്കാരും 50 ഓഫീസ് ജീവനക്കാരുമടക്കം മൊത്തം 489 തൊഴിലാളികളുണ്ട്. മില്ലുകൾ തുടർന്ന് പ്രവർത്തിക്കാൻ വൈകുന്നത് യന്ത്രങ്ങളുടെ തുടർപ്രവർത്തനത്തെ ബാധിക്കുമെന്നും തൊഴിലാളികൾ പറയുന്നു.
English Summary: Centralization of PSUs is a death trap for NTC mills
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.