കേരളത്തിന്റെ അർഹമായ 13,608 കോടി രൂപയുടെ വായ്‌പ എടുക്കലിന് അനുമതി നൽകാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. സാധാരണ ഗതിയിൽ ലഭിക്കേണ്ട വായ്‌പാനുമതിയും ലഭിക്കാൻ സുപ്രീംകോടതിയിൽ നൽകിയ ഹർജി കേരളം പിൻവിലക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ദുർദാഷ്ഠ്യമാണ് തകർന്നടിഞ്ഞത്. ആ മർക്കടമുഷ്ടി കേരളത്തോടുവേണ്ടെന്ന സന്ദേശം സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നൽകി. ഒപ്പം അധികതുക കടമെടുക്കുന്നതടക്കം കേരളത്തിന്റെ മറ്റ് ആവശ്യങ്ങളെല്ലാം ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കേരളത്തിന്റെ ഹർജി നിലനിൽക്കുമെന്നു വ്യക്തമക്കിയ കോടതി ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സർക്കാരിന്റെ തലയ്‌ക്കിട്ടാണ് കൊട്ടിയത്. ഭരണഘടനയുടെ 131–-ാം അനുച്ഛേദമനസുരിച്ച് തർക്കം പരിഹരിക്കാൻ കോടതിയെ സമീപിക്കാൻ കേരളത്തിന് അവകാശമുണ്ടെന്നും, അത് നിഷേധിക്കാൻ പാടില്ലെന്നുമാണ് സുപ്രീംകോടതിയെ ഓർമ്മിപ്പിച്ചത്.
ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുപ്രധാനമായ ഒരു നിയമവ്യവഹാരമാണ് സുപ്രീംകോടതിയിൽ തുടക്കമായത്. ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പരിഗണിച്ച എസ് ആര്‍ ബൊമ്മെ കേസാണ് കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളും ഫെഡറൽ ഭരണ സംവിധാനവും സംബന്ധിച്ച ഗൗരവമായ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ട ശ്രദ്ധിക്കപ്പെട്ട നിയമ വ്യവഹാരം. ഇതിനും ഒരുപടി മുന്നിൽനിൽക്കുന്നതാണ് സുപ്രീംകാടതി പരിഗണിച്ച കേരളത്തിന്റെ ഹർജി. കേന്ദ്ര–-സംസ്ഥാന ധനകാര്യങ്ങൾ ഇഴകീറി പരിശോധിക്കാൻ ഇടയാവുന്ന ഈ ഹർജി ഇന്ത്യയിൽതന്നെ ഇത്തരത്തിലെ ആദ്യത്തേതായാണ് നിയമജ്ഞർ വിലയിരുത്തുന്നത്.
ഒരു ദിവസം നേരം പുലർന്നപ്പോൾ സൃഷ്ടിക്കപ്പെട്ടതല്ല ഈ നിയമ വ്യവഹാരം. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ നിരന്തര പ്രയത്‌നമാണ് ഇത്തരമൊരു സുപ്രധാന നിയമ പരിശോധനയിലേക്ക് സുപ്രീംകോടതിയെ നയിക്കുന്നത് എന്നതാണ് യാഥാർഥ്യം. രണ്ടരവർഷംമുമ്പുതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർഥ ചിത്രം പൊതുസമൂഹവുമായി പങ്ക് വയ്‌ക്കാൻ ധനകാര്യ മന്ത്രി തയ്യാറായി. മുൻകാലങ്ങളിൽ പ്രതിസന്ധികളെ മയപ്പെടുത്തി അവതരിപ്പിക്കുന്ന രീതിയല്ല കെ എൻ ബാലഗോപാൽ സ്വീകരിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞു. കേന്ദ്ര വിഹിതങ്ങളിലും വായ്‌പാനുമതികളിലും വരുത്തുന്ന വലിയ കുറവുകൾ നമ്മുടെ റവന്യു വരുമാനത്തെ വലിയതോതിൽ ബാധിക്കുന്നതായ സത്യം അദ്ദേഹം ജനങ്ങൾക്കുമുന്നിൽ തുറന്നു അവതരിപ്പിച്ചു.
ബജറ്റ് പ്രസംഗങ്ങളെ ഇതിനുള്ള ആയുധമാക്കി. ഒപ്പം, സംസ്ഥാനത്തിന്റെ തനതുവരുമാനം ഉയർത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു. തന്റെ രണ്ടാമത്തെ ബജറ്റിൽ (ഒന്നാമത്തേത് പുതുക്കിയ ബജറ്റായിരുന്നു) ധനാഗമന മാർഗങ്ങൾക്കായി പുതിയ നികുതി നിർദേശങ്ങൾ കൊണ്ടുവന്നു. ഇതിന് വലിയ പഴി കേൾക്കേണ്ടിവന്നിട്ടും പിന്മാറാൻ തയ്യാറായില്ല. ഒപ്പം ജിഎസ്‌ടി വകുപ്പിന്റെ ശാസ്‌ത്രീയ പുനസംഘടന ഉറപ്പാക്കിയും, നികുതിയേതര വരുമാന സമാഹരണം കൂടുതൽ ശാക്തീകരിച്ചും റവന്യു വരുമാനം ഉയർത്തി.
അടുത്തപടിയായി സാമ്പത്തിക പ്രയാസങ്ങളും അവയുടെ കാരണങ്ങളും ജനങ്ങൾക്കുമുന്നിൽ തുറന്നുപറയാൻ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയെയും, സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച നവകേരള സദസിനെയും ഉപയോഗിപ്പെടുത്തി. കേരളത്തിന്റെ ധനകാര്യ നേട്ടങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം കേരളത്തിന്റെ റവന്യു വരുമാനത്തിലുണ്ടാകുന്ന കുറവും, അതുമൂലം സംസ്ഥാനം നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രയാസങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേസ്വരത്തിൽ ജനങ്ങളുമായി സംവദിക്കുന്ന നിലയിലേക്ക് എത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ അവരോട് തുറന്നുപറയുന്ന ബാലഗോപാൽ തന്ത്രമാണ് വിജയം കണ്ടത്. അർഹതപ്പെട്ട പണം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന യാഥാർഥ്യം ജനങ്ങളുടെയാകെ മനസിലെത്തിക്കാൻ സാധിച്ചു.
കേരളം അവകാശങ്ങൾക്കായി പോരാടാൻ ഉറച്ചപ്പോൾ വിരുദ്ധ നിലപാട് സ്വീകരിച്ച പ്രതിപക്ഷത്തിന് മുന്നോട്ടുവച്ച വാദങ്ങളെയാകെ ഇല്ലാതാക്കാൻ സഹായിച്ചതും ധന വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ്. തനത് വരുമാനം ഉയർത്തുക വഴി ധനാസമാഹരണത്തിൽ പരാജയമെന്ന പ്രതിപക്ഷ വാദത്തിന്റെ മുന ഒടിക്കാൻ ധന വകുപ്പിനായി. രാജ്യത്തുതന്നെ ഏറ്റവും മികച്ച ജിഎസ്‌ടി വകുപ്പായി കേരള ജിഎസ്‌ടിയെ പുനസംഘടിപ്പിച്ച സംസ്ഥാനമെന്ന നേട്ടവും കേരളത്തിന് ഉറപ്പിക്കാനായി. ഇത് പ്രതിപക്ഷ വാദങ്ങളെ ദുർബലമാക്കി.
സംസ്ഥാനം ഹർജി നൽകാൻ തീരുമാനിച്ചതോടെ കേരളത്തെ സാമ്പത്തികമായി ദുർബലപ്പെടുത്തി സമ്മർദ്ദത്തിലാക്കാനുള്ള കുതന്ത്രങ്ങൾ കേന്ദ്ര സർക്കാർ തുടങ്ങിയിരുന്നു. അവസാന മാസങ്ങളിലെ അധിക ചെലവുകൾക്ക് ലഭിക്കേണ്ടിയിരുന്ന 13,608 കോടി രൂപ തടഞ്ഞുവച്ചു. എന്നിട്ടും കേരളം പോലാെരു സംസ്ഥാനത്തിന്റെ ട്രഷറി ഒരുദിവസം പൂട്ടാതെ, അവശ്യം കാര്യങ്ങളെല്ലാം നിറവേറ്റി മുന്നോട്ടുപോകാനായതിന് ധനവ വകുപ്പിന് കൈയ്യടിക്കാം.
English Summary: centre allows borrowing of 13600 crores
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.