16 November 2024, Saturday
KSFE Galaxy Chits Banner 2

സിവിൽ സർവീസ് നിയമഭേദഗതി; ഫെഡറലിസം തകർക്കും, വ്യാപക പ്രതിഷേധം

Janayugom Webdesk
ന്യൂഡൽഹി
January 22, 2022 8:29 pm

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരുമെന്നാണ് വിലയിരുത്തൽ. ഭേദഗതി വന്നാൽ ഏത് സിവിൽ സർവീസ് ഉദ്യോഗസ്ഥനെയും നിർബന്ധപൂർവം കേന്ദ്ര സർവീസിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിനാവും. ഇത് സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ ഇല്ലാതാക്കും. കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ സംസ്ഥാന സർക്കാരുകളിൽ നിന്നും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നും എതിർപ്പുയർന്നു.

ഈ മാസം 12നാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള നീക്കം അറിയിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. 1954 ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസ് റൂൾസിലെ റൂൾ 6 ഭേദഗതി ചെയ്യാനാണ് നീക്കം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണ് ഏത് ഉദ്യോഗസ്ഥനെയും രാജ്യത്തെവിടെയും നിരീക്ഷകനായി നിയമിക്കാൻ അധികാരമുള്ളത്. പക്ഷെ അത് തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെയാണ്. നിലവിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ (എന്‍ഒസി) കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിക്കാനാവില്ല. കേന്ദ്രം അനുവദിച്ചാലും സംസ്ഥാനം വിടുതൽ ഉത്തരവിറക്കാതെ പോകാനാവില്ല.
ഫെഡറൽ സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാരുകളാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സ്ഥാനക്കയറ്റം, സസ്പെൻഷൻ എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്നതും സംസ്ഥാന സർക്കാരുകളാണ്. നടപടിക്രമം പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യുക. സംസ്ഥാനങ്ങളിലെ കേഡർ തസ്തികകളിൽ 40ശതമാനം ഡെപ്യൂട്ടേഷൻ റിസർവാണ്. ഇവരെ കേന്ദ്രം ആവശ്യപ്പെടുമ്പോൾ വിട്ടു നൽകണം. ഡെപ്യൂട്ടി സെക്രട്ടറി മുതൽ സെക്രട്ടറി വരെ കേന്ദ്രത്തിലെ തസ്തികകളെല്ലാം ഓപ്പൺ തസ്തികകളാണ്. ഏത് കേഡറിൽ നിന്നും സർവീസിൽ നിന്നും യോഗ്യരായവരെ നിയമിക്കാം. ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ തടഞ്ഞുവച്ചതിനെ തുടർന്ന് നേരിട്ടെത്തി സമാധാനം ബോധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി മമതാ ബാനർജി തടഞ്ഞതാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത് എന്നാണ് സൂചന.

കേരളം, ബംഗാൾ, ഒഡിഷ തുടങ്ങി പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരത്തേ തന്നെ കേന്ദ്ര നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര നീക്കം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഭരണഘടന നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൊതുജനക്ഷേമത്തിനുമുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് കേന്ദ്ര നീക്കമെന്ന് കത്തിൽ പറയുന്നു. ബിഹാർ, മധ്യപ്രദേശ്, മേഘാലയ തുടങ്ങി ബിജെപി-എൻഡിഎ സംസ്ഥാനങ്ങളും കേന്ദ്ര നീക്കത്തോട് വിയോജിച്ചു. നിലവിലെ രീതിയാണ് ശരിയെന്ന് ബിഹാർ ചീഫ്‍സെക്രട്ടറി അമിർ സുബാനി പ്രതികരിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് കത്തയക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ മേലുള്ള സംസ്ഥാനത്തിന്റെ നിയന്ത്രണം ഇല്ലാതാക്കാൻ കഴിവുള്ളതിനാൽ, നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ നിർബന്ധിതമായി സ്ഥലം മാറ്റിയേക്കാമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർപേഴ്സണും വിരമിച്ച ഐഎഎസ് ഓഫീസറുമായ വജാഹത്ത് ഹബീബുള്ള പറഞ്ഞു. ‘ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നശിപ്പിക്കാനാണ് പുതിയ നീക്കമെന്ന് മുൻ ബിജെപി മന്ത്രിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ യശ്വന്ത് സിൻഹ പറഞ്ഞു.
eng­lish summary;Centre’s move to amend direct the dep­u­ta­tion of civ­il ser­vice offi­cers would usurp the pow­er of the states
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.