
സംസ്ഥാനത്തെ ആറു കോർപറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 26ന് നടക്കും. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ വനിതകൾ മേയറാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവ പൊതുവിഭാഗത്തിലായിരുന്നു. മുനിസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.
മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10. 30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടക്കും.
ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. രണ്ടു സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടാണെങ്കിൽ നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തെരഞ്ഞെടുക്കപ്പെടും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ, ഒരു സ്ഥാനാർത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയ ആകെ വോട്ടിനേക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തെരഞ്ഞെടുക്കപ്പെടും. ഇത്തരത്തിൽ ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി, നറുക്കെടുക്കപ്പെടുന്ന ആളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.