23 January 2026, Friday

Related news

January 6, 2026
January 2, 2026
September 27, 2025
July 16, 2025
April 24, 2025
March 11, 2025
February 4, 2025
February 3, 2025
January 14, 2025
June 18, 2024

ചന്ദർകുഞ്ച് ആർമി ടവർ: അർഹമായ നഷ്ടപരിഹാരം വേണമെന്ന് ഫ്ലാറ്റുടമകൾ

Janayugom Webdesk
കൊച്ചി
February 4, 2025 9:33 pm

വൈറ്റിലയിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും വേണ്ടി നിർമ്മിച്ചു നൽകിയ ചന്ദർകുഞ്ച് ആർമി ടവർ ബലക്ഷയം മൂലം പൊളിച്ചുനീക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ഫ്ലാറ്റുടമകൾ. താമസയോഗ്യമല്ലാത്തതിനാൽ രണ്ടു ടവറുകൾ പൊളിച്ചു നീക്കം ചെയ്തു പുതിയത് നിർമ്മിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഇതുവരെ തീർപ്പുണ്ടായിട്ടില്ലെന്ന് ഫ്ലാറ്റുടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്‌ള്യൂഎച്ച്ഒ) നിയന്ത്രണത്തിലാണ്. എഡബ്ല്യുഎച്ച്ഒയും നിർമ്മാണത്തിന്റെ കരാറുകാരായ ശില്‍പ പ്രോജക്ട് ഇൻഫ്രാസ്ട്രച്ചർ കമ്പനിയും പ്രോജക്ട് മാനേജ്‌മന്റ് കൺസൽട്ടന്റ് ആര്‍ക്കിടെക്ട് അജിത്തും ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി ഇവർ ആരോപിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ കൃത്യമായി പാലിക്കാതെയും ആവശ്യമായ അനുമതികളും ഇല്ലാതെയാണ് ഫ്ലാറ്റ് നിർമ്മാണം നടത്തിയിട്ടുള്ളത്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് ഫ്ലാറ്റുടമകൾ. 

75 ലക്ഷത്തോളം രൂപ മുടക്കിയാണ് ഓരോരുത്തരും വർഷങ്ങൾക്ക് മുൻപേ ഫ്‌ളാറ്റിനായി പണം നൽകിയത്. എ, ബി, സി എന്നിങ്ങനെ മൂന്ന് ടവറുകളിലായി 264 അപ്പാർട്ട്മെന്റുകളാണുള്ളത്. നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോവുകയും ചെയ്തു. എ ടവറിൽ ഒരു മാതൃക അപ്പാർട്ട്മെന്റ് കാണിച്ചുകൊടുക്കുകയും ബി, സി ടവറുകളിൽ നറുക്കിട്ടെടുത്താണ് അപ്പാർട്ട്മെന്റ് അനുവദിച്ചത്. ഇതിൽ ഇന്റീരിയര്‍ ജോലികൾ പൂർത്തിയാക്കുന്നതിനു ഫ്ലാറ്റുടമകൾക്ക് ലക്ഷങ്ങൾ ചിലവഴിക്കേണ്ടിവന്നു. 

കോടതി നിർദേശപ്രകാരം നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്ന 40 പേർക്ക് മാത്രമാകും വാടക ലഭിക്കാൻ അർഹത ഉണ്ടാവുകയുള്ളു. ഇന്റീരിയർ ജോലികൾ നടത്തിയതിന്റെ ചിലവുകൾ കണക്കാക്കി നഷ്ടപരിഹാരം ലഭിക്കുകയുമില്ല, ഫ്ലാറ്റുകൾ പൊളിച്ചു പുതിയ നിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള വാടകയും ലഭിക്കുകയില്ല. നിർമ്മാണത്തിനായി എഡബ്ല്യുഎച്ച്ഒ 175 കോടി നൽകുമെന്നാണ് പറയുന്നത്. ഇത് ഉപയോഗിച്ച് ഫ്ലാറ്റ് പൊളിച്ചു നീക്കം ചെയ്തു പുതിയ ടവറുകൾ നിർമ്മിക്കുന്നതിന് മതിയാകുമോ എന്ന കാര്യത്തിലും ഇനിയും പണം നൽകേണ്ടി വരുമോ എന്നതിലും ആശങ്ക ഉണ്ടെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സജി തോമസ്, വി വി കൃഷ്ണൻ, സ്മിത റാണി, ജോർജ് ആന്റണി, ആനി ജോൺസ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.