ചന്ദ്രബിംബം പോലെ കവി ഭാവനയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ഗോളം സൗരയൂഥത്തിലില്ല. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തവും ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരവും ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനമെല്ലാം ഭാവഗീതങ്ങളായി പാടിപ്പതിഞ്ഞവയാണ്. അനേകായിരം വര്‍ഷങ്ങളായി മാനവരാശിയെ മോഹിപ്പിക്കുന്ന മലയാളികളുടെ ആ ‘അമ്പിളി’ യെ യന്ത്രക്കരങ്ങളാല്‍ തൊടാനൊരുങ്ങുകയാണ് ഇന്ത്യയുടെ ചാന്ദ്രയാന്‍-3. പിന്നിട്ട ഘട്ടങ്ങളെല്ലാം വിജയിച്ചതു പോലെ കാര്യങ്ങള്‍ ശുഭമായി നീങ്ങിയാല്‍ ഈ മാസം 23ന് വൈകിട്ട് 5.47ന് ചാന്ദ്രയാന്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊടും.
മാനവരാശിയുടെ ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് 66 വയസ് തികയുന്ന വേളയിലാണ് വിജയിക്കും എന്ന് ഇന്ത്യന്‍ ശാസ്ത്ര സമൂഹം ഉറച്ചു വിശ്വസിക്കുന്ന ചാന്ദ്രയാന്‍-3 ചന്ദ്രമണ്ഡലത്തിലേക്ക് പറന്നു നീങ്ങുന്നത്. 1957 ഒക്ടോബര്‍ നാലിന് സോവിയറ്റ് യൂണിയന്‍ സ്ഫുട്നിക് എന്ന മനുഷ്യ നിര്‍മ്മിതമായ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെ മുന്‍നിര രാഷ്ട്രങ്ങള്‍ ആരംഭിച്ച ബഹിരാകാശ മത്സരത്തില്‍ ചാന്ദ്രയാന്‍ നേട്ടത്തിലൂടെ ഇന്ത്യക്കു ലഭിക്കുന്നത് വിവരണാതീതമായ മേല്‍ക്കൈ ആയിരിക്കും.
അറുപതു വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണങ്ങളില്‍ അതിനിര്‍ണായകമാണ് ചാന്ദ്രയാന്‍-3 ദൗത്യം. ചാന്ദ്രയാന്‍ ഒന്നും രണ്ടും പൂര്‍ണ വിജയമായില്ലെങ്കിലും അവ ഐഎസ്ആര്‍ഒയ്ക്ക് പല രീതിയില്‍ പ്രയോജനപ്രദമായിരുന്നു. ലാന്‍ഡര്‍ തകരാര്‍ മൂലം അവസാനഘട്ടത്തില്‍ പരാജയപ്പെട്ട ചാന്ദ്രയാന്‍-2 ദൗത്യത്തിലെടുത്ത ചന്ദ്രോപരിതല ചിത്രങ്ങളാണ് ചാന്ദ്രയാന്‍-3 പേടകത്തിലെ ലാന്‍ഡറിന് വഴികാട്ടിയാവുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കഴിഞ്ഞ മാസം 14ന് പുലര്‍ച്ചെയാണ് കൂറ്റന്‍ റോക്കറ്റായ എല്‍വിഎം 3 എം 4 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3) ചാന്ദ്രയാന്‍-3 പേടകവുമായി കുതിച്ചുയര്‍ന്നത്. ചാന്ദ്രരഹസ്യങ്ങളുടെ ഉള്ളറകള്‍ തേടിയുള്ള ആ യാത്രയിലെ നിര്‍ണായക ഘട്ടം ഈ മാസം ഒന്നിന് പുലര്‍ച്ചെ പിന്നിട്ടതോടെ ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് തിളക്കമേറിയിരിക്കുന്നു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം കടന്നതോടെയാണിത്.
ഇപ്പോള്‍ ചന്ദ്രമണ്ഡലത്തിലൂടെ ചന്ദ്രനെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ചാന്ദ്രയാന്‍ പേടകം നിശ്ചിത ദിവസമായ ഈ മാസം 23ന് ചന്ദ്രോപരിതലത്തിന് 100 കി.മീറ്റര്‍ മുകളിലെത്തുമെന്നാണ് കണക്കുക്കൂട്ടല്‍. ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലെ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ നിന്ന് ശാസ്ത്രജ്ഞര്‍ നല്‍കുന്ന കമാന്‍ഡുകള്‍ പ്രകാരം വേഗത കുറച്ച് ഭ്രമണപഥം ചന്ദ്രനോടടുപ്പിക്കുന്ന പേടകത്തില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട് ലാന്‍ഡിങ് നടത്തും. ഈ സോഫ്ട് ലാന്‍ഡിങ് ഘട്ടത്തിലാണ് ചാന്ദ്രയാന്‍-2 ദൗത്യത്തില്‍ പിഴവുണ്ടായത്.
സോഫ്റ്റ് ലാന്‍ഡിങ്ങിനായി ലാന്‍ഡറിനെ വേര്‍പെടുത്തിയ ശേഷം പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ എന്ന പേടകം മാത്രം ഭ്രമണപഥത്തില്‍ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയുടെയും അന്യഗ്രഹങ്ങളുടെയും ചിത്രങ്ങളെടുക്കാനും ചലനങ്ങള്‍ നിരീക്ഷിക്കാനുമുള്ള കാമറകളും സെന്‍സറുകളും മാത്രമാണ് ആ മോഡ്യൂളില്‍ ഉണ്ടാവുക. ഈ പരീക്ഷണ സംവിധാനങ്ങള്‍ ചാന്ദ്രയാന്‍-3 ദൗത്യത്തിലെ മുഖ്യ ലക്ഷ്യവുമല്ല. സോഫ്റ്റ് ലാന്‍ഡിങ്ങിനു ശേഷമുള്ള നിമിഷങ്ങളാണ് ദൗത്യത്തിലെ അതിനിര്‍ണായക ഘട്ടം.
പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങുന്നതു പോലെയാണ് നാല് കാലുള്ള ലാന്‍ഡര്‍ ചന്ദ്ര ഉപരിതലത്തിലേക്ക് കുത്തനെ ഇറങ്ങുന്നത്. ചന്ദ്രന് അന്തരീക്ഷമില്ലാത്തതിനാല്‍ പാരച്യൂട്ട് ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാല്‍ പിന്നിലേക്ക് വലിക്കുന്നവിധം സമ്മര്‍ദം (ത്രസ്റ്റ്) നല്‍കിയാണ് ലാന്‍ഡറിനെ മെല്ലെ ഇറക്കുന്നത്. തുടര്‍ന്നാണ് ലാന്‍ഡറില്‍ നിന്ന് റോബോട്ട് എന്നു വിശേഷിപ്പിക്കാവുന്ന റോവറിനെ പാളങ്ങളിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നത്.
1752 കി.ഗ്രാം ഭാരമുള്ള ലാന്‍ഡറിന് വിക്രം എന്നും 26 കി.ഗ്രാം വരുന്ന റോവറിന് പ്രഗ്യാന്‍ (വിജ്ഞാനം) എന്നുമാണ് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. ചാന്ദ്രയാന്‍-2 വിക്ഷേപണ ഘട്ടത്തില്‍ ചന്ദ്രോപരിതല ചിത്രങ്ങളുടെ പിന്‍ബലം ഇല്ലായിരുന്നെങ്കില്‍ പരാജയപ്പെട്ട ആ ദൗത്യത്തിലെടുത്ത ചിത്രങ്ങള്‍ ഇത്തവണ വഴി കാട്ടാനുണ്ട്. അതു കൂടി സൂക്ഷ്മമായി വിലയിരുത്തിയാവും ലാന്‍ഡിങ് പ്രദേശം അന്തിമമായി നിര്‍ണയിക്കുക. ലാന്‍ഡറിലും റോവറിലും കാമറകളുണ്ടെങ്കിലും ലൈവ് ദൃശ്യങ്ങള്‍ കിട്ടാനിടയില്ല. എന്നാല്‍ ലാന്‍ഡിങ്ങിനു ശേഷമുള്ള ദൃശ്യങ്ങള്‍ ഉടനുടന്‍ ഭൂമിയില്‍ ലഭ്യമാവും.
ആറു ചക്രങ്ങളുള്ള റോവര്‍ (പ്രഗ്യാന്‍) ആണ് ചന്ദ്രോപരിതലത്തിലെ ശാസ്ത്രജ്ഞന്‍. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും റഷ്യയുടെ റോസ് കോസ്‌മോസും ചൈനയുടെ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനും (സിഎന്‍എസ്എ) ഒട്ടേറെ ചാന്ദ്രരഹസ്യങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ടെങ്കിലും ഓരോ പരീക്ഷണവും പുതിയ അറിവുകള്‍ നേടിത്തരും എന്ന തത്വത്തിലൂന്നിയാണ് ചാന്ദ്രയാന്‍ ദൗത്യം മുന്നേറുന്നത്.
റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണും പാറയും തുരന്ന് ശേഖരിക്കാനും അവയിലെ മൂലകങ്ങളുടെ തോത് നിര്‍ണയിക്കാനുമുള്ള ഉപകരണങ്ങള്‍ റോവറിലുണ്ട്. കൊടും തണുപ്പുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും മറ്റ് ചില ഭാഗങ്ങളിലും മഞ്ഞിന്റെ സാന്നിധ്യം ശാസ്ത്രലോകം മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുകയും റോവറിന്റെ ദൗത്യമാണ്.
ചന്ദ്രോപരിതലത്തില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മൂലകങ്ങളായ മഗ്നീഷ്യം, സിലിക്കണ്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, ടൈറ്റാനിയം, മാംഗനീസ്, ഹീലിയം എന്നിവയുടെ ഘടനയും തോതും തിരിച്ചറിയാനുള്ള സ്പെക്ട്രോസ്കോപ്പും സ്പെക്ടോ മീറ്ററുമാണ് റോവറിലെ പ്രധാന നിരീക്ഷണ ഉപകരണങ്ങള്‍. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമാണ് ഇവ. ചന്ദ്രോപരിതലത്തില്‍ ചലിക്കാതെ നില്‍ക്കുന്ന ലാന്‍ഡറിലുമുണ്ട് ഏതാനും പരീക്ഷണ ഉപകരണങ്ങള്‍. ചാന്ദ്രമണ്ഡലത്തിലെ പ്ലാസ്മയുടെ തോത് നിര്‍ണയം, ഭൂകമ്പത്തിനു സമാനമായി ചാന്ദ്ര ഉപരിതലത്തിലുണ്ടാവുന്ന കമ്പനങ്ങള്‍ കണ്ടെത്തുക, അന്തരീക്ഷ ചലനങ്ങള്‍ അളക്കുക ഊഷ്മാവ് നിര്‍ണയം എന്നിവയാണ് ലാന്‍ഡര്‍ നിര്‍വഹിക്കുക.
ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ മുഖേന ലാന്‍ഡര്‍, റോവര്‍ എന്നിവയുമായും ചന്ദ്രനെ വലം വയ്ക്കുന്ന മോഡ്യൂളുമായും ശാസ്ത്രജ്ഞര്‍ക്ക് ആശയവിനിമയം സാധ്യമാണ്. പ്രകാശവേഗത്തില്‍ ഓരോ ചലനങ്ങളും ബംഗളൂരു കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും. ചന്ദ്രന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ ദൗത്യം ഫലപ്രാപ്തിയിലെത്തിയാല്‍ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് അതൊരു വലിയ നേട്ടമാവും. നീല്‍ ആംസ്ട്രോങ്ങിന്റെ വാക്കുകള്‍ പോലെ ”ഒരു ചെറിയ കാല്‍വയ്പ്, മാനവരാശിക്കൊരു വലിയ കുതിച്ചു ചാട്ടം”എന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും അഭിമാനിക്കാം.
(വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അജില്‍ കോട്ടായില്‍, സയന്റിസ്റ്റ്,
കൊച്ചി സര്‍വകലാശാല റഡാര്‍ സെന്റര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.