
ചന്ദ്രനിലേക്ക് ഒരു ചുവടുകൂടി അടുത്ത് ചന്ദ്രയാൻ 3 ദൗത്യം. ലാൻഡറും റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൂൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. വിക്ഷേപിച്ച് 33 ദിവസത്തിന് ശേഷമാണ് ലാൻഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ലോകം കാത്തിരിക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ്ങിലേക്ക് ഇനി വെറും അഞ്ചുനാളുകള്‍കൂടി മാത്രം.
ചന്ദ്രന്റെ 150 കിമീx 163 കിമീ പരിധിയിലുളള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. ഇനി ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെ ഇത് 30x 100 കിലോമീറ്ററായി ചുരുക്കും. നാളെ വൈകീട്ട് നാലിനാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് അടുത്ത പ്രധാന ഘട്ടം. ഈ മാസം 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
എൻജിനുകൾ തകരാറിലായാൽ പോലും സോഫ്റ്റ് ലാൻഡിങ് നടത്താനാകുന്ന തരത്തിലാണ് ലാൻഡര്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡറും റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തും. ലാന്‍ഡറിന്റെ ഭാരം 1726 കിലോഗ്രാമാണ്. പ്രധാനപ്പെട്ട നാല് പേലോഡുകള്‍ ലാന്‍ഡറിലുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന റോവറിന് രണ്ട് പേലോഡുകളുണ്ട്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ പേലോഡുകള്‍ ചന്ദ്രനെയും ഭൂമിയെയും കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ നല്‍കും.
ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും ചന്ദ്രയാൻ3 പേടകവുമായി എൽവിഎം 3 റോക്കറ്റ് കുതിച്ചുയർന്നത്. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്‌റ്റേഷനാണ് പേടകത്തിന്റെ നിയന്ത്രണം. ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാകുന്ന ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് റഷ്യന്‍ ചാന്ദ്രദൗത്യമായ ലൂണ‑25 വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ മാസം 11ന് വിക്ഷേപിച്ച ലൂണ കഴിഞ്ഞദിവസം ചന്ദ്രന്റെ ആകര്‍ഷണവലയത്തിലിറങ്ങി. 21 ന് ലൂണ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് കണക്കുകൂട്ടല്‍.
English Summary;Chandrayaan 3: Critical Milestone Success, Lander Begins Journey
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.