ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം നാളെ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.35 ന് എല്‍വിഎം-3 റോക്കറ്റിലേറി ചന്ദ്രയാൻ‑3 കുതിച്ചുയരും. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രയാൻ‑3 അടുത്ത മാസം 23നോ 24നോ ചന്ദ്രോപരിതലത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ചന്ദ്രയാൻ‑3ന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവര്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കും. ലാൻഡര്‍, റോവര്‍ എന്നിവയെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ചുമതല.
ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കിയ ശേഷം റോവര്‍ അതിന്റെ പര്യവേഷണം തുടരും. പ്രൊപ്പല്‍ഷൻ മോഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേലോഡിന്റെ ആയുസ് മൂന്ന് മുതല്‍ ആറ് മാസം വരെയാണ്. എന്നാല്‍ ലാൻഡറിന് ഒരു ചാന്ദ്ര ദിനം അല്ലെങ്കില്‍ 14 ഭൗമ ദിനമായിരിക്കും ആയുസ്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനില്‍ റോവറിന്റെ ചലനശേഷി നിരീക്ഷിക്കുക, ചന്ദ്രന്റെ ഘടന മനസ്സിലാക്കുന്നതിനായി ഉപരിതലത്തിലെ രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, വെള്ളം എന്നിവയില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചന്ദ്രയാൻ‑3ന്റെ ലക്ഷ്യം.
ചന്ദ്രയാൻ‑2ന്റെ പിന്തുടര്‍ച്ചയായിട്ടാണ് ചന്ദ്രയാൻ‑3 വിക്ഷേപിക്കുന്നത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാൻ‑2 പൂര്‍ണ വിജയമായിരുന്നില്ല. അന്ന് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഗവേഷണം
സ്പെക്ട്രോ-പോളാരിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് അഥവാ ഷെയ്പ്പ് എന്ന പേലോഡാണ് ചന്ദ്രയാൻ‑3ന്റെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ ഉള്ളതെന്നും ചന്ദ്രോപരിതലത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രനിലെ താപചാലകത, താപ വ്യതിയാനം എന്നിവ നിരീക്ഷിക്കുന്നതിന് ചാസ്റ്റ്, പ്രകമ്പനം നിരീക്ഷിക്കുന്നതിന് ഐഎല്‍എസ്എ, പ്ലാസ്മ സാന്ദ്രത നിരീക്ഷിക്കുന്നതിന് എല്‍പി എന്നീ പേലോഡുകള്‍ ലാൻഡറിലുണ്ട്.
3900 കിലോഗ്രാം ഭാരം
ചന്ദ്രയാന്‍-3 ദൗത്യത്തിലെ മൂന്നു ഘടകങ്ങള്‍ക്കും കൂടി 3900 കിലോഗ്രാം ഭാരമുണ്ട്. 2,148 കിലോഗ്രാമാണ് പ്രൊപ്പല്‍ഷൻ മോഡ്യൂളിന്റെ ഭാരം. ലാൻഡറിന് 1,723.89 കിലോഗ്രാം ഭാരവും റോവറിന് 26 കിലോഗ്രാം ഭാരവുമുണ്ട്. രണ്ടാം ദൗത്യത്തില്‍ ലാന്‍ഡറിന് വിക്രം, റോവറിന് പ്രഗ്യാന്‍ എന്നിങ്ങനെ പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തില്‍ പേരുകള്‍ നല്‍കിയിട്ടില്ല.
മൂന്ന് ഘട്ടം
വിക്ഷേപണദൗത്യത്തില്‍ മൂന്ന് ഘട്ടങ്ങള്‍. 43.2 മീറ്റര്‍ ഉയരവും 642 ടണ്‍ ഭാരവുമുള്ള ഇന്ത്യയുടെ എല്‍വിഎം3 റോക്കറ്റ് ചന്ദ്രോപരിതലത്തില്‍ ഇറക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. റോക്കറ്റിന്റെ ആദ്യ ഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ദ്രവ്യ ഇന്ധനവും മൂന്നാം ഘട്ടത്തില്‍ ദ്രവീകൃത ഹൈഡ്രജൻ, ദ്രവീകൃത ഓക്സിജൻ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ക്രയോജനിക് എൻജിനും ഊര്‍ജ്ജം പകരും. 16 മിനിറ്റിനുള്ളില്‍ റോക്കറ്റ് ചന്ദ്രയാൻ‑3നെ 179 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കും. ഇതിന് ശേഷമായിരിക്കും പേടകം റോക്കറ്റില്‍ നിന്നും വേര്‍പെടുക.
english summary; Chandrayaan‑3 to launch tomorrow; India’s Third Moon Mission
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.