പ്രമാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ സിഎജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ കുറ്റപത്രം. മുന്‍ സിഎജിയും പ്രതിരോധ വകുപ്പ് സെക്രട്ടറിയുമായിരുന്ന ശശി കാന്ത് ശര്‍മ്മ, വ്യോമസേനയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വ്യോമസേനയിലെ ഡെപ്യൂട്ടി ചീഫ് ടെസ്റ്റിങ് പൈലറ്റ് ആയി വിരമിച്ച എസ്‍ എ കുണ്ഡെ, വിങ് കമാന്‍ഡര്‍ തോമസ് മാത്യു, ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയി വിരമിച്ച എന്‍ സന്തോഷ് എന്നിവരെയാണ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവരെ വിചാരണ ചെയ്യുന്നതിനുള്ള അനുമതിയും സിബിഐ തേടിയിട്ടുണ്ട്.
2003 ‑07 കാലത്ത് പ്രതിരോധ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മ്മ 2011-12 കാലത്ത് പ്രതിരോധ വകുപ്പ് സെക്രട്ടറിയും 2013 മുതല്‍ 2017 വരെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായി പ്രവര്‍ത്തിച്ചു. കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ 2017 സെപ്റ്റംബര്‍ ഒന്നിന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്ക് സഞ്ചരിക്കുന്നതിനായാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നത്. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ തിഹാര്‍ ജയിലിലാണുള്ളത്. 2018ലാണ് ദുബായില്‍ നിന്ന് മിഷേലിനെ ഇന്ത്യയിലെത്തിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ബ്രിട്ടനിലെ അനുബന്ധ സ്ഥാപനമായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡില്‍ നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നതാണ് കേസ്. 2010 ഫെബ്രുവരിയിലായിരുന്നു ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 3565 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടത്.
2013 ഫെബ്രുവരിയില്‍ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗ്വിസെപ്പ് ഓര്‍സിയെ കൈക്കൂലി, അഴിമതി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റ് ചെയ്തതോടെ ഇന്ത്യന്‍ ഇടപാടും സംശയാസ്പദമായി. 3608.2 കോടിയുടെ കോഴ നടന്നുവെന്നായിരുന്നു ആരോപണം.
അഴിമതി നടന്നുവെന്ന് പ്രതിരോധ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും ശരിവച്ചു. സംഭവം വന്‍വിവാദമായതോടെ അന്വേഷണം സിബിഐക്ക് വിട്ടു.
English Summary:Chargesheet against former CAG over VVIP helicopter deal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.