21 December 2024, Saturday
KSFE Galaxy Chits Banner 2

ചങ്ങമ്പുഴ വഴി ചാർവാകം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
March 14, 2024 4:45 am

ള്ളിശേരി തേയൻ വൈദ്യരുടെ മകൻ കലാനാഥൻ സ്വാഭാവികമായും ഒന്നാംതരം ഭക്തൻ ആകേണ്ടതായിരുന്നു. എന്നാൽ വിദ്യാർത്ഥി ജീവിതകാലത്തുതന്നെ ആ യുവാവിന്റെ തലയ്ക്ക് പിടിച്ചത് ചങ്ങമ്പുഴക്കവിത. ഒപ്പം ഹൃദയപക്ഷരാഷ്ട്രീയവും. ചങ്ങമ്പുഴക്കവിതയാണ് കലാനാഥനെ ചാർവാക ദർശനത്തിലേക്ക് നയിച്ചത്. പുരാണങ്ങളെയും ജടയും ചിതലും മൂടിയ പ്രാചീന തത്വശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞ ചങ്ങമ്പുഴക്കവിതയിലൂടെ ഹൃദയപക്ഷത്ത് എത്തിയ അദ്ദേഹം മതാതീത മനുഷ്യ സംസ്കാരം ഉയർത്തിപ്പിടിക്കുകയും ചാർവാകം എന്ന വീടുണ്ടാക്കി താമസമാരംഭിക്കുകയും ചെയ്തു.
ശാസ്ത്രാധ്യാപകനായിരുന്ന കലാനാഥൻ ശാസ്ത്രബോധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിച്ച്, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിർത്തു. മലയാളിയുടെ മനസിനോടും ബുദ്ധിയോടും സംസാരിച്ച അദ്ദേഹം, ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ അവിശ്വസിക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ചു. രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും വള്ളിക്കുന്ന് പഞ്ചായത്തിനെ നയിക്കുകയും ചെയ്ത കലാനാഥൻ ജനകീയാസൂത്രണത്തിനുവരെ മാതൃകയായി.


ഇതുകൂടി വായിക്കൂ: ആപത്ത് അരികിലെത്തിയിട്ടുണ്ട്


ജനകീയാസൂത്രണം വലിയ തോതിലുള്ള പഠനക്ലാസുകളോടെയാണ് കേരളത്തിൽ പ്രാവർത്തികമാക്കിയതെങ്കിൽ ഏഥൻസിൽ ജനാധിപത്യം നടപ്പിലാക്കിയതുപോലെ അതിലളിതമായിട്ടായിരുന്നു വള്ളിക്കുന്ന് പഞ്ചായത്തിലെ ജനകീയാസൂത്രണം. കടലുണ്ടി-ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്റർ തുടങ്ങി നിരവധി സ്വപ്നപദ്ധതികൾ കലാനാഥൻ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സാക്ഷാത്ക്കരിക്കപ്പെട്ടു. കാട്ടുങ്ങൽ തോട് ജനകീയ ജലസേചന പദ്ധതി, മണൽച്ചാക്കുകൾ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവർത്തനം, മലയാട്ടിൽ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിർമ്മാണം തുടങ്ങിയ ഭാവനാപൂർണമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകർഷിച്ച വള്ളിക്കുന്ന് പഞ്ചായത്ത്, കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്കാരവും നേടി.


ഇതുകൂടി വായിക്കൂ: വാഴക്കുല വീണ്ടും വായിക്കുമ്പോൾ


മതാതീത ബോധ്യമുള്ള ഒരാൾ രാഷ്ട്രീയാധികാരത്തിൽ എത്തിയാൽ ചടുലവും നീതിപൂർണവുമായിരിക്കും പ്രവർത്തനങ്ങൾ എന്നതിന്റെ ഉദാഹരണമാണ് യു കലാനാഥൻ. സഹോദരൻ അയ്യപ്പനെ മാതൃകയാക്കിയ അദ്ദേഹം കവിതയെ നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട്, നിരവധി പുരോഗമന ആശയങ്ങൾ പ്രാവർത്തികമാക്കി. അന്ധവിശ്വാസ നിർമ്മാർജന ബില്ലിന്റെ കരടുരേഖ തയ്യാറാക്കി അധികാരസ്ഥാനത്തുണ്ടായിരുന്ന വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയ്ക്കും നല്‍കിയത് കലാനാഥന്റെ നേതൃത്വത്തിൽ ആയിരുന്നു. കേരളീയരെ പിന്നോട്ടുനയിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാൻ അദ്ദേഹവും അനുയായികളും അശ്രാന്തപരിശ്രമം നടത്തി. ഡോ. എ ടി കോവൂരിന്റെയും പവനന്റെയും മറ്റും നേതൃത്വത്തിൽ ഉയർന്നുവന്ന സമരോത്സുക യുക്തിവാദത്തിന് ഊർജം നല്‍കുവാൻ കലാനാഥൻ പരിശ്രമിച്ചു. ഫിറ എന്ന സംഘടനയിലൂടെ അഖിലേന്ത്യാതലത്തിലും അദ്ദേഹം പ്രവർത്തിച്ചു. സ്നേഹപൂർണവും എന്നാൽ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി നിരവധി മതസംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തു. വർഗീയ വാദികൾ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കാരുണ്യപൂർവമുള്ള സമീപനത്തിന് മുന്നിൽ ആക്രമണങ്ങൾ പാളിപ്പോവുകയായിരുന്നു.
സ്പെഷ്യൽ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു കലാനാഥന്റെ വിവാഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് മിശ്രവിവാഹങ്ങൾ കേരളത്തിൽ നടന്നു. മരണാനന്തരം കലാനാഥന്റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി മാറി. മനുഷ്യസ്നേഹത്തിന്റെ കൊടിയായിരുന്നു യു കലാനാഥൻ ഉയർത്തിപ്പിടിച്ചിരുന്നത്. നിരന്തര പഠനങ്ങളും വിശ്രമമില്ലാത്ത അന്വേഷണവും ശാസ്ത്രാവബോധം വളർത്തുകയെന്ന ഭരണഘടനാ തത്വം പ്രാവർത്തികമാക്കാൻ അത്യാവശ്യമാണെന്ന് യു കലാനാഥന്റെ ജീവിതം കേരളത്തോട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.