10 January 2026, Saturday

‘ചാറ്റ്ജിപിടി ഗോ’ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൗജന്യം; ഓഫർ നവംബർ 4 മുതൽ

Janayugom Webdesk
ന്യൂഡൽഹി
October 28, 2025 11:32 am

ഓപ്പൺഎഐ, തങ്ങളുടെ കുറഞ്ഞ ചിലവിലുള്ള ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രിപ്‌ഷൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. നവംബർ 4 മുതൽ ആരംഭിക്കുന്ന പരിമിത കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ സൗജന്യം ലഭിക്കുക. ബംഗളൂരുവിൽ നടക്കാനിരിക്കുന്ന കമ്പനിയുടെ ആദ്യ ‘ഡെവ്‌ഡേ എക്‌സ്‌ചേഞ്ച്’ പരിപാടിയോടനുബന്ധിച്ചാണ് ഈ നിർണായക നീക്കം. പുതിയതും നിലവിലുള്ളതുമായ വരിക്കാർക്ക് ഈ ഓഫർ ലഭിക്കും. നിലവിലെ ചാറ്റ്ജിപിടി ഗോ വരിക്കാർക്ക് ഓട്ടോമാറ്റിക്കായി 12 മാസത്തെ അധിക സൗജന്യ സേവനം ലഭിക്കും.

ഉയർന്ന മെസ്സേജ് ലിമിറ്റുകൾ, ഇമേജ് ജനറേഷൻ, ഫയൽ അപ്‌ലോഡ് കഴിവുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ചാറ്റ്ജിപിടി ഗോ പ്ലാൻ, ഉപയോക്താക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയാണ് ഈ പ്ലാൻ ലഭിച്ച ആദ്യ വിപണികളിലൊന്ന്. അവതരിപ്പിച്ച് ഒരു മാസത്തിനകം ഇന്ത്യയിലെ പെയ്ഡ് വരിക്കാരുടെ എണ്ണം ഇരട്ടിയായതോടെ ഓപ്പൺഎഐ ഈ പ്ലാൻ 90-ഓളം ആഗോള വിപണികളിലേക്ക് വ്യാപിപ്പിച്ചു. ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ വലിയതും അതിവേഗം വളരുന്നതുമായ ഉപയോക്തൃ അടിത്തറയാണെന്ന് ഓപ്പൺഎഐ വിശേഷിപ്പിച്ചു. ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരടക്കം ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത്.

“ഈ പ്രമോഷൻ ഓപ്പൺഎഐയുടെ ‘ഇന്ത്യ‑ഫസ്റ്റ്’ പ്രതിബദ്ധതയുടെ തുടർച്ചയാണ്. ഇത് ഇന്ത്യ എഐ മിഷനെ പിന്തുണയ്ക്കുകയും അടുത്ത വർഷം രാജ്യം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന എഐ ഇംപാക്ട് സമ്മിറ്റിന് കരുത്ത് പകരുകയും ചെയ്യും,” കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ചാറ്റ്ജിപിടി വൈസ് പ്രസിഡൻ്റും മേധാവിയുമായ നിക്ക് ടർളി ഈ നീക്കത്തെ സ്വാഗതം ചെയ്തു. കൂടുതൽ ആളുകൾക്ക് അഡ്വാൻസ്ഡ് എഐയുടെ പ്രയോജനം ലഭിക്കാനാണ് 12 മാസത്തേക്ക് സൗജന്യമായി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.