22 December 2024, Sunday
KSFE Galaxy Chits Banner 2

തീനാളങ്ങൾക്കിടയിലൂടെ വീരഗാഥ രചിച്ച ‘ചേമഞ്ചേരി’

കെ ടി ദീപ
കൊയിലാണ്ടി
August 18, 2022 7:26 pm

സ്വാതന്ത്ര്യ സമരത്തിലെ തീക്ഷ്ണപഥങ്ങളിലൂടെ മുന്നേറിയവരാണ് ചേമഞ്ചേരിക്കാർ. സമരമുഖങ്ങളിൽ ജ്വലിച്ചു നിന്ന അവരുടെ പോരാട്ടം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. 1942 ഓഗസ്റ്റ് 19 ന് അർധരാത്രിയിൽ നാല് സർക്കാർ സ്ഥാപനങ്ങളാണ് അവർ കത്തിച്ചു ചാമ്പലാക്കിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദക്ഷിണേന്ത്യയിൽ നടന്ന മികച്ച പോരാട്ടം. 1929 മുതൽ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചേമഞ്ചേരിയിൽ തുടങ്ങിയിരുന്നു. കാരോളി ഉണ്ണി നായർ, കണ്ണൻ കുന്നാടത്ത് ചന്തുക്കുട്ടി നായർ (സഖാവ് ചന്തുക്കുട്ടി നായർ ) എന്നിവർ സമരത്തിൽ പങ്കെടുത്ത് ആദ്യം ജയിൽവാസം വരിച്ചവരാണ്. 

1942 ആഗസ്റ്റ് എട്ടിന് മുംബൈയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന ആഹ്വാനത്തോടെ ക്വിറ്റിന്ത്യ പ്രക്ഷോഭം ആരംഭിച്ചു. മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് നടത്തിയ ക്വിറ്റിന്ത്യ പ്രസംഗത്തിൽ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ ആഹ്വാനമടങ്ങുന്ന പ്രസംഗം കഴിഞ്ഞ് മണിക്കൂറുകൾക്കകം കോൺഗ്രസ്സിന്റെ ഏതാണ്ട് എല്ലാ നേതാക്കളെയും വിചാരണ കൂടാതെ തടവിലിട്ടു. രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ചേമഞ്ചേരിയിലും ദേശസ്നേഹികൾ സാമ്രാജ്യത്വ കോട്ട കുലുക്കും വിധം സമരമുഖം സ്ഫോടനാത്മകമാക്കി.
കുറുത്തി ശാല മാധവൻ നായർ, കെ ബി മാധവൻകിടാവ്, കാരോളി ഉണ്ണി നായർ, കാരോളി അപ്പു നായർ, തറയിൽ ഉണ്ണി നായർ എന്നിവരായിരുന്നു സമര നായകർ. അറിയപ്പെടാത്ത, അഗ്നിപഥങ്ങളിലൂടെ സഞ്ചരിച്ചവർ വേറെയുമുണ്ട്. 1942 ആഗസ്റ്റ് 19 ന് ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ ട്രെയിൻ ഹാൾട്ട്, തിരുവങ്ങൂർ രജിസ്ട്രാർ ഓഫീസ്, തിരുവങ്ങൂർ വില്ലേജ് ഓഫീസ് എന്നിവക്ക് തീയിട്ടു. ബ്രിട്ടീഷുകാരുടെ മുഖത്തേറ്റ കനത്ത അടിയായിരുന്നു അത്. കോപാകുലരായ സൈന്യം അഴിഞ്ഞാടി. അവർ കനത്ത മർദ്ദനം അഴിച്ചുവിട്ടു. ഒളിവിൽ മറഞ്ഞ് നേതാക്കൾ പോരാട്ടം തുടർന്നു. 

വി എ കേശവൻ നായരുടെ സ്വതന്ത്ര ഭാരതം പത്രം 17 ലക്കം ഇവിടെ നിന്ന് മുദ്രണം ചെയ്തു. കുടകിലായിരുന്നു ആദ്യം അച്ചടി. പൊലീസ് പിടികൂടിയപ്പോൾ ഇവിടേക്കു മാറ്റുകയായിരുന്നു. കേളപ്പജിയുടെ മകൻ ടി പി കുഞ്ഞിരാമൻ കിടാവ്, കുന്നാടത്ത് കെ വി മാധവൻ കിടാവ്, കിഴക്കെ കാരോളി ഉണ്ണി നായർ, കാരോളി അപ്പു നായർ, യു കെ കൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിടികൂടാനെത്തി. പഴുതടച്ചായിരുന്നു വരവെങ്കിലുംപിടി കൊടുക്കാതെ അച്ചുകൂടവുമായി കൂരിരുട്ടിൽ കുഞ്ഞിരാമൻ കിടാവും മറ്റുള്ളവരും നടന്നു നീങ്ങി. അച്ചുക്കൂടം ഒറുവങ്കര കുളത്തിൽ തള്ളി. അവിടെ വെച്ച് പൊലീസ് കണ്ടെടുത്തു. 1945‑ൽ ഷൊർണ്ണൂരിൽ അറസ്റ്റിലായ മാധവൻ കിടാവിനെ ആറു മാസത്തേക്കു ശിക്ഷിച്ചു. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുൻ തലമുറ നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. ചരിത്രത്താളുകളിൽ വേറിട്ടു നിൽക്കുന്നു അത്. അരവിന്ദന്റെ ഉത്തരായനം സിനിമ ചേമഞ്ചേരിയുടെ വിപ്ലവ പശ്ചാത്തലത്തിൽ ഒരുക്കിയതാണ്. തിക്കോടിയന്റെ അരങ്ങു കാണാത്ത നടനിലും ഈ നാടിന്റെ ചൂടും ചൂരും വ്യക്തമാക്കിയിട്ടുണ്ട്. 

Eng­lish Summary;‘Chemancheri’ wrote a hero­ic sto­ry through the flames
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.