
മലയാളത്തിന്റെ സഞ്ജു ചേട്ടന് വണക്കം. ഒടുവില്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി. സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ചെന്നൈ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽനിന്ന് രാജസ്ഥാൻ റോയൽസിലുമെത്തി. നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് സമൂഹമാധ്യമങ്ങള്‍ വഴി രാജസ്ഥാൻ റോയൽസ് നന്ദി അറിയിച്ചു.
എം എസ് ധോണിക്ക് ശേഷമുള്ള പകരക്കാരനായിക്കൂടിയാണ് സഞ്ജുവിന്റെ വരവ്. കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. ജഡേജയും കറനും ചേരുന്നതോടെ രാജസ്ഥാന് കൂടുതല്‍ നേട്ടം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജഡേജയുടെയും സഞ്ജുവിന്റെയും പ്രതിഫലം 18 കോടി വീതമാണ്. 2.4 കോടി രൂപയ്ക്കാണ് കറന്‍ റോയല്‍സിലെത്തുന്നത്. റുതുരാജ് ഗെയ്ക്‌വാദിൽ നിന്ന് കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ച് ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത എം എസ് ധോണി തന്നെ ഇത്തവണയും ടീമിനെ നയിക്കുമെന്നാണ് സൂചന. 2021 മുതല്‍ സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റനാണ്. ആ വര്‍ഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ലാണ് രാജസ്ഥാനിലെത്തിയത്. പിന്നീട് രണ്ട് സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു. 2018ൽ വീണ്ടും രാജസ്ഥാനിലെ
ത്തി.ജഡേജയ്ക്ക് പകരം ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെയും മധ്യനിരയില്‍ ഒരു വിദേശ കളിക്കാരനെയും സിഎസ്‌കെയ്ക്ക് വാങ്ങണം.
മാക്‌സ്‌വെല്‍, ലിയാം ലിവിങ്സ്റ്റണ് തുടങ്ങിയ വിദേശ താരങ്ങളെ ടീമിലെത്തിക്കാന്‍ സിഎസ്കെ ശ്രമം നടത്തിയേക്കും.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബ്ബായ രാജസ്ഥാനിലെത്തുന്നത്. രാജസ്ഥാനിലേക്ക് പോകുമ്പോള്‍ ജഡേജ തന്റെ ശമ്പളം 18 കോടിയില്‍ നിന്ന് 14 കോടിയായി കുറച്ചു. ജഡേജയുടെ ഐപിഎല്ലിൽ ക്യാപ്റ്റൻസി റെക്കോഡുകൾ മോശമാണ്. 2002ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറി.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ റിയാന്‍ പരാഗാണ് ക്യാപ്റ്റനായത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനം കാരണം പ്ലേ ഓഫ് പോലും കാണാനായില്ല. സഞ്ജു ടീം വിട്ടെങ്കിലും പരാഗിനെ ക്യാപ്റ്റനാക്കാന്‍ സാധ്യത കുറവാണ്. യശസ്വി ജയ്‌സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജഡേജയെത്തുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനം താരത്തിന് തന്നെ കൈമാറിയേക്കും. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയുമായിരുന്നില്ല. സാം കറന്റെ പ്രതിഫലവും കരാറിന് തടസമായിരുന്നു. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. എന്നാല്‍ ഈ നീക്കത്തിന് ബിസിസിഐ അനുമതി നല്‍കിയതോടെയാണ് താരം രാജസ്ഥാനിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.