ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച ചുമമരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചതായുളള ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച ഡോക് ‑1 മാക്സ് സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. സിറപ്പിന്റെ നിർമ്മാണവും കയറ്റുമതിയും നിർത്തിവച്ചിട്ടുണ്ട്. കമ്പനിയുടെ പ്ലാന്റിൽ നിന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉദ്യോഗസ്ഥര്‍ സാമ്പിളുകൾ ശേഖരിച്ചു.
വിഷയത്തിൽ ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം ചേരുമെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സഹായം ഉറപ്പാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. ശ്വാസകോശ രോഗത്താല്‍ മരിച്ച 21 കുട്ടികളില്‍ 18 പേരും ഡോക് ‑1 മാക്സ് സിറപ്പ് കഴിച്ചതിന്റെ ഫലമായാണ് മരണപ്പെട്ടതെന്നും ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് വീട്ടില്‍ ഈ മരുന്ന് 2–7 ദിവസം വരെ 3–4 തവണ 2.5–5 മില്ലി വരെ കുടിച്ചിരുന്നു. ഇത് കുട്ടികള്‍ക്ക് കൊടുക്കേണ്ട അളവില്‍ കൂടുതലായിരുന്നുവെന്നും പ്രസ്താവനയിലുണ്ട്.
ഗാംബിയയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് മാസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യന്‍ മരുന്നിനെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രാഥമിക ലബോറട്ടറി പരിശോധനയില്‍ ഡോക്-1 മാക്‌സ് സിറപ്പിന്റെ ഒരു പ്രത്യേക ബാച്ചില്‍ ഗാംബിയയിലെ മരണങ്ങള്‍ക്ക് കാരണമായ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്.
മരിയോണ്‍ ബയോടെക് എന്ന കമ്പനി 2012 ലാണ് ഉസ്‌ബെക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഈ സിറപ്പ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ) വൃത്തങ്ങൾ അറിയിച്ചു.
English Summary;Children die after taking Indian coughsyrup; The company stopped production
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.