24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 20, 2026
February 19, 2026
February 17, 2026
February 15, 2026
February 13, 2026
February 13, 2026
February 11, 2026
February 9, 2026

കേരളത്തിന്റെ മക്കൾക്ക് ആശങ്ക വേണ്ട: മുഖ്യമന്ത്രി

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
February 24, 2026 10:13 pm

രാജ്യത്ത് ഒരുവിഭാഗം ആളുകളിൽ വലിയ തോതിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ മക്കൾക്ക് ഒന്നിലും ഒരാശങ്കയും വേണ്ടെന്നും കേരളത്തില്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുടെയും കൈയിൽ നേറ്റിവിറ്റി കാർഡുണ്ടാകും. അതിനുള്ള ബിൽ നിയമസഭ പാസാക്കിക്കഴിഞ്ഞു. നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം എപ്പോഴും സുരക്ഷിതമാണ്. എന്നാൽ അതിനെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ നേറ്റിവിറ്റി ബില്‍ വളരെ പ്രസക്തമാണ്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. എന്നാല്‍ സംസ്ഥാനത്തെ ദ‍ൗർഭാഗ്യകരമായ അവസ്ഥ, പ്രതിപക്ഷം ക്രിയാത്മകമല്ല എന്നതാണ്. ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷമാണിവിടെ. സാധാരണനിലയിൽ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസംമുട്ടിക്കാനുള്ള ആക്ഷേപങ്ങൾ സഭയിൽ ഉന്നയിക്കും. ഇവിടെ സർക്കാരിനെതിരെ ഒരാക്ഷേപവും ഉന്നയിക്കാനില്ല. അതിനാൽ പൂർണമായിത്തന്നെ സഭ ബഹിഷ്കരിക്കുന്നു. നയപ്രഖ്യാപന പ്രസംഗത്തിന്റെയും ബജറ്റിനെയും ചർച്ചകളിലൊന്നും പ്രതിപക്ഷമുണ്ടായില്ല. 

ഒരു സമ്മേളന കാലയളവിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഭയപ്പെടുന്ന പ്രതിപക്ഷത്തെ ലോകത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഭരണപക്ഷത്തിനും സർക്കാരിനും നേരെ ചാട്ടുളി പോലെ വലിയ ആക്രമണമായി വരുന്നതാണ് സാധാരണനിലയിൽ അടിയന്തര പ്രമേയം. ഇവിടെ അതിന് പ്രതിപക്ഷത്തിന് ധൈര്യമുണ്ടായില്ല. അവതരിപ്പിച്ചാൽ എല്ലാത്തിനും മറുപടിയുണ്ടാകും. ഏതെങ്കിലും ചെറിയ ആരോപണം പോലും ഇ‍ൗ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തിനുണ്ടായില്ല. അവര്‍ വസ്തുതകളെ ഭയപ്പെടുകയാണ്. ജനാധിപത്യ സമ്പ്രദായത്തിൽ ഒരു സര്‍ക്കാരിനെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിലൂടെയാണ്. അതിനെപ്പോലും ഭയപ്പെടുന്നു പ്രതിപക്ഷം. നാടിന്റെ 1.10 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പായിക്കൊണ്ടിരിക്കുന്നത്. 

യുഡിഎഫ് എംപിമാരിൽ ഒരാളെങ്കിലും കേരളത്തിനുവേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തിയോ. കേരളത്തിന് അർഹമായത് ചോദിക്കാനായോ. അർഹതപ്പെട്ട വിഹിതം പോലും തരാതെ കേന്ദ്ര സർക്കാർ ബുദ്ധിമുട്ടിക്കുമ്പോൾ നിശബ്ദമായിരുന്ന പ്രതിപക്ഷം കേരളം വലിയ കടക്കെണിയിലാണെന്ന നുണ പ്രചരിപ്പിക്കുകയായിരുന്നു. 2016ലെ നേമം മോഡലും 2024ലെ കരുവന്നൂർ മോഡലും മനസിൽ വച്ചാണ് കേന്ദ്രസർക്കാരിനെതിരെ ശബ്ദിക്കാൻ അവർ തയ്യാറാകാത്തത്. ആർഎസ്എസിന്റെ മനസിന് ചെറിയ നിലയിലുള്ള വിഷമമുണ്ടാക്കുന്ന കാര്യംപോലും ചെയ്യാൻ യുഡിഎഫ് തയ്യാറല്ല. അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ കോൺഗ്രസ് യോജിച്ച പണിമുടക്കിൽനിന്ന് വിട്ടുനിൽക്കാൻ ഐഎൻടിയുസിയോട് ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവരാണ് യുഡിഎഫ്. ഇവരുടെ മുൻഗണന ആഗോളവൽക്കരണ നയത്തിന്റെ ഭാഗമായുള്ളതാണ്, കോർപറേറ്റുകൾക്കാണ്. പാവപ്പെട്ടവരെ പരിഗണിക്കുന്നില്ല. അതിൽനിന്ന് വ്യത്യസ്തമായ നയമാണ് എൽഡിഎഫിന് എന്നതിനാലാണ് കേരളം അതിദാരിദ്ര്യമുക്തമായത്. തികഞ്ഞ സംതൃപ്തിയാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാരിനാലാകാവുന്നവിധം നാടിനെ നല്ലരീതിയിൽ ഉയര്‍ത്താനും വളർത്താനും സാധിച്ചിട്ടുണ്ട് എന്ന സംതൃംപ്തി തന്നെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.