9 December 2025, Tuesday

Related news

November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
September 8, 2025
September 7, 2025
September 7, 2025
September 7, 2025

ഓണത്തിനു മുമ്പേ കുട്ടികള്‍ പഠിക്കും ഗവര്‍ണറെ; അംഗീകാരം നല്‍കി കരിക്കുലം കമ്മിറ്റി

സ്വന്തം ലേഖിക
തിരുവനന്തപുരം
July 4, 2025 10:50 pm

ഗവർണറുടെ അധികാരവും അധികാരപരിധികളും സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കും. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും പ്രതിപാദിക്കുന്നത്. കൂടാതെ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്‌സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരും. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേർന്ന 58ാം കരിക്കുലം കമ്മിറ്റി യോഗമാണ് ഗവര്‍ണറെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അംഗീകാരം നൽകിയത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കും കമ്മിറ്റിയില്‍ അംഗീകാരം നല്‍കി.

ഹയർ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹയർ സെക്കന്‍ഡറി ക്ലാസ് മുറികളിൽ വിശദമായ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളിൽ ശില്പശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി. ദേശീയ പഠനനേട്ട സർവേയിൽ സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കുന്നതിന് പങ്കുവഹിച്ച കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗം അഭിനന്ദിച്ചു. രാജ്ഭവനിൽ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് പരിപാടിയിൽ ആര്‍എസ്എസ് ഭാരതാംബയുടെ ചിത്രം വച്ചതിനെതുടര്‍ന്ന് പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്ന മന്ത്രി വി ശിവൻകുട്ടി ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.