ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ വ്യാപാര ബന്ധം ശക്തിപ്പെടുത്തി ചെെനയും വിയറ്റ്നാമും. വിതരണ ശൃംഖലയും ഉല്പാദനവും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ വിയറ്റ്നാം സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം. കരാറുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിയറ്റ്നാമിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 46 ശതമാനമാണ് ട്രംപ് വിയറ്റിനാമിന് ഏര്‍പ്പെടുത്തിയ തീരുവ. പാദരക്ഷകൾ, വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക്സ് വരെയുള്ള മേഖലകളില്‍ വിയറ്റ്നാമിന്റെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
തെക്കുകിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന താരിഫ് നിരക്കാണിത്. പല ആഗോള വ്യവസായ ഭീമന്മാര്‍ക്കും വിയറ്റ്നാമില്‍ ഉല്പാദനകേന്ദ്രങ്ങളുണ്ട്. ട്രംപ് തീരുവ പ്രഖ്യാപിച്ചതോടെ രാജ്യത്തെ വ്യവസായ മേഖല അനിശ്ചിതാവസ്ഥയിലായി. ഷി ജിൻപിങ്ങിന്റെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും 40 സഹകരണ കരാറുകളിൽ ഒപ്പുവയ്ക്കുമെന്ന് വിയറ്റ്നാം ഉപപ്രധാനമന്ത്രി ബുയി താൻ സൺ പറഞ്ഞിരുന്നു. വിയറ്റ്നാമീസ്, ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളിൽ സംയുക്തമായി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒരു വ്യാപാര യുദ്ധത്തിലോ താരിഫ് യുദ്ധത്തിലോ വിജയികളില്ലെന്നാണ് ഷീ എഴുതിയത്. ഇരു രാജ്യങ്ങളും ബഹുമുഖ വ്യാപാര സംവിധാനം, സ്ഥിരതയുള്ള ആഗോള വ്യാവസായിക, വിതരണ ശൃംഖലകൾ, തുറന്നതും സഹകരണപരവുമായ അന്താരാഷ്ട്ര അന്തരീക്ഷം എന്നിവ സംരക്ഷിക്കണമെന്നും ഷീ ലേഖനത്തില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.