അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഗ്രാമം നിർമ്മിച്ചുവെന്ന യുഎസ് റിപ്പോർട്ടിൽ ഇന്ത്യൻ ഭരണ സൈനിക നേതൃത്വങ്ങളിൽ ആശയക്കുഴപ്പം. യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാൻ ഇതുവരെ ഇന്ത്യ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും പ്രതിരോധ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയും വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകൾ നടത്തിയത്.
ചൈനയുടെ ഒരുവിധത്തിലുമുള്ള അധിനിവേശവും അനുവദിക്കില്ലെന്നും, അനധികൃത കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിവാര വാർത്താസമ്മേളനത്തിനിടെ അരിന്ദം ബാഗ്ചി പറഞ്ഞത്. വർഷങ്ങളായി ചൈന കയ്യേറിയിട്ടുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതായും ബാഗ്ചി പറയുന്നു.
അതേസമയം ചൈനയുടെ നിർമ്മാണം അവരുടെ യഥാർത്ഥ നിയന്ത്രണ രേഖയിലാണെന്നാണ് മണിക്കൂറുകൾക്കുള്ളിൽ ഒരു ടെലിവിഷൻ ചാനലിലെ അഭിമുഖത്തിൽ സിഡിഎസ് ബിപിൻ റാവത്ത് പറഞ്ഞത്.
ഇന്ത്യൻ ഭൂമിയിൽ ചൈന ഗ്രാമം നിർമ്മിച്ചിട്ടില്ലെന്നും ഇരു രാജ്യങ്ങളുടെയും യഥാർത്ഥ നിയന്ത്രണ രേഖകൾ എവിടെയാണെന്ന കാര്യത്തിൽ തങ്ങൾക്ക് പൂർണ ബോധ്യമുണ്ടെന്നുമാണ് റാവത്ത് പറഞ്ഞത്. യുഎസ് റിപ്പോർട്ടിനെ അദ്ദേഹം തള്ളുകയും ചെയ്തു.
ഓപ്പറേഷൻ ലോങ്ജുവിലൂടെ 1959‑ൽ ചൈന പിടിച്ചെടുത്ത അസം റൈഫിൾസ് പോസ്റ്റുണ്ടായിരുന്ന പ്രദേശത്താണ് ഇപ്പോൾ ഗ്രാമം സ്ഥാപിച്ചിട്ടുള്ളതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ സൈനികർ ഏറ്റുമുട്ടിയതു മുതൽ ഇന്ത്യ‑ചൈന അതിർത്തി യുദ്ധമുഖമാണ്. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന 100 വീടുകൾ അടങ്ങുന്ന ഗ്രാമം നിർമ്മിച്ചുവെന്നാണ് യുഎസ് കോൺഗ്രസിനു സമര്‍പ്പിച്ച അമേരിക്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: Chinese village in Arunachal Pradesh; Confusion in Indian ruling military leadership
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.