26 January 2026, Monday

തായ്‌വാൻ കടലിടുക്കിൽ വീണ്ടും ചൈനീസ് യുദ്ധക്കപ്പല്‍

Janayugom Webdesk
ഹോങ്കോങ്
April 6, 2023 10:58 pm

തായ്‌വാൻ കടലിടുക്കിൽ വീണ്ടും ആശങ്കകൾ സൃഷ്ടിച്ച് ചൈനയുടെ വിമാനവാഹിനിക്കപ്പലിന്റെ സാന്നിധ്യം. തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ, യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. തങ്ങളുടെ എതിർപ്പിനെ മറികടന്ന് നടത്തിയ ചർച്ചയെ ചൈന അപലപിച്ചിരുന്നു.
ബുധനാഴ്ചയായിരുന്നു സായ് ഇങ്-വെൻ‑മക്കാർത്തി കൂടിക്കാഴ്ച. കാലിഫോർണിയയിലെ റൊണാൾഡ്‌ റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ നടന്ന ചർച്ചയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിലെയും നിയമനിർമ്മാതാക്കൾ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്നായിരുന്നു ഇതിനോട് ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവിന്റെ പ്രതികരണം. 

ചൈനയുടെ വിമാനവാഹിനിക്കപ്പലായ ‘ദി ഷാൻഡോങ്‘നെ കഴിഞ്ഞ ദിവസം തായ്‌വാന്റെ കിഴക്കൻ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രിയാണ് അറിയിച്ചത്. ലോസ് എഞ്ചൽസിൽ സായ്‌യും മക്കാർത്തിയും കണ്ടുമുട്ടുന്നതിന് തൊട്ടുമുമ്പാണ് തായ്‌വാനിലെ പ്രധാന ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് ചൈന വിമാനവാഹിനി അയച്ചത്. കപ്പലിൽ നിന്ന് വിമാനങ്ങളൊന്നും പറന്നുയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

നിലവിൽ തായ്‌വാനീസ് യുദ്ധക്കപ്പലുകൾ അഞ്ച് മുതൽ ആറ് നോട്ടിക്കൽ മൈൽ അകലെ നിന്ന് കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. ഒകിനാവയിൽ നിന്ന് 300 കിലോമീറ്റർ അകലെ കണ്ടെത്തിയ കപ്പൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, തായ്‌വാനിൽ നിന്ന് 400 നോട്ടിക്കൽ മൈൽ അകലെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിന്റെയും സാന്നിധ്യമുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അന്നത്തെ ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് ശേഷവും യുദ്ധസമാനമായ അന്തരീക്ഷം ഉടലെടുത്തിരുന്നു. 

Eng­lish Summary;Chinese war­ship again in Tai­wan Strait
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.