കേരളത്തിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനായി ഏറെ കൊട്ടിഘോഷിച്ച് കോഴിക്കോട് സംഘടിപ്പിച്ച കെപിസിസി നവ സങ്കല്പ് ചിന്തന്‍ ശിബിരം പതിവ് കെട്ടുകാഴ്ച മാത്രമായി. നേതാക്കളുടെ യോജിപ്പും സംഘടനയുടെ കെട്ടുറപ്പും സാധ്യമാകുമോയെന്നും ജനകീയാടിത്തറ വിപുലമാക്കുന്നതിനുള്ള മാര്‍ഗങ്ങളെന്തെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരംപോലും കണ്ടെത്താനാകാതെയാണ് ശിബിരത്തിന് സമാപനമായത്.
താഴെത്തട്ടിൽ പുനഃസംഘടന വൈകുന്നതില്‍ വലിയ വിമർശനമാണ് ഉയർന്നത്. മൂന്നുമാസം കൊണ്ട് തീർക്കുമെന്ന് പറഞ്ഞ് ഒരു വർഷമായിട്ടും ഒന്നുമായില്ലെന്നായിരുന്നു വി എസ് ശിവകുമാറിന്റെ വിമർശനം. വ്യക്തിഗത വീതം വെയ്പ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താനും കെ മുരളീധരനും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ചിന്തന്‍ ശിബിരത്തില്‍ വെച്ച് പുനഃസംഘടനയ്ക്കുള്ള സമയക്രമം നിശ്ചയിച്ചത്.
ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും അവരുടെ വോട്ട് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ വേണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. പാര്‍ട്ടി പുനഃസംഘടന വേഗത്തിൽ നടത്തണമെന്നും പാർലമെന്ററി അവസരം മൂന്നു തവണയായി നിജപ്പെടുത്തണമെന്നും മത നേതാക്കളെ ആക്ഷേപിക്കാൻ പാടില്ലെന്നും ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം ശക്തമാക്കണമെന്നുമെല്ലാമുള്ള പതിവ് ആവശ്യങ്ങളും ശിബിരത്തിലുയര്‍ന്നു.
കേരളത്തിലെ പാര്‍ട്ടി നേതാക്കളെ ഒരുമിപ്പിച്ചുനിര്‍ത്താന്‍ പോലും പുതിയ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതും ചിന്തന്‍ ശിബിരത്തിന്റെ പരാജയമായി. മുന്‍ കെപിസിസി അധ്യക്ഷന്‍മാരുമായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും വിട്ടുനിന്നപ്പോള്‍ ഇതിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലായിരുന്നു കെ സുധാകരനും കെപിസിസി നേതൃത്വവും. മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്തതില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ അതൃപ്തി പ്രകടിപ്പിച്ചു. എല്ലാവരും ഒന്നിച്ചു പോകേണ്ട കാലമാണിതെന്നും പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിട്ടുനിന്ന മുല്ലപ്പള്ളി രാമചന്ദ്രനെയും വിഎം സുധീരനെയും കെ സുധാകരനും വിമർശിച്ചു. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഇത്തരം സംഭവങ്ങൾ നിസാരമാണെന്ന് വ്യക്തമാക്കിയ സുധാകരന്‍ അതിൽ നമുക്കൊരു ദുഃഖവുമില്ലെന്നും പറഞ്ഞു.
പുനഃസംഘടന സംബന്ധിച്ചുള്ള ചിന്തൻ ശിബിരിലെ വിമർശനങ്ങൾ ശരിയാണെന്ന് കെ മുരളീധരൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. വീതം വെയ്പ് തുടരുകയാണെങ്കിൽ പാർട്ടിയിലെ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിലും പിഴവുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയെ മുഖ്യ എതിരാളിയായി കാണുമ്പോള്‍തന്നെ കേരളത്തിൽ സിപിഐ(എം)നെയും ബിജെപിയെയും ഒരു പോലെ എതിർക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്.
English Summary: Chintan camp became a farce
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.