23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 18, 2024
September 17, 2024
March 10, 2024
March 10, 2024
January 28, 2024
January 19, 2024
January 13, 2024
January 10, 2024
December 8, 2023

ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Janayugom Webdesk
തൃശൂർ
June 27, 2023 7:39 pm

വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് (104) അന്തരിച്ചു. തൃശൂർ ചെമ്പൂക്കാവിലെ വസതിയായ ‘മുക്തി’യിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൃശൂര്‍ പാറമ്മേക്കാവ് ശാന്തിഘട്ടില്‍. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ തിരികെയെത്തിയത്. വിദ്യാർത്ഥി കാലംമുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്ന അദ്ദേഹം സി അച്യുതമേനോൻ, പി കൃഷ്ണപിള്ള തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു.

കേരളത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആരംഭ കാലത്ത് ചിത്രൻ നമ്പൂതിരിപ്പാട് സ്റ്റുഡന്റ്സ് ഫെഡറേഷ(എഐഎസ്എഫ്)ന്റെ മലബാറിലെ ആദ്യ സെക്രട്ടറിയായി. വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി 1979ൽ സർവീസിൽ നിന്നും വിരമിച്ചു. വിദ്യാഭ്യാസ മേഖലയിലെ പല പരിഷ്കാരങ്ങൾക്കും തുടക്കമിട്ടു. പ്രധാനാധ്യാപകൻ, ഡിഇഒ, ഡിഡി, സർക്കാരിന്റെ എസ്എസ്എൽസി ബോർഡംഗം, വിദ്യാഭ്യാസ ഉപദേശകസമിതിയംഗം, കേന്ദ്രസർക്കാരിന്റെ സെക്കൻഡറി വിദ്യാഭ്യാസ ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. തന്റെ മുപ്പതുകളിൽ ഹിമാലയൻ യാത്രകൾ ആരംഭിച്ച ചിത്രൻ നമ്പൂതിരിപ്പാട് മുപ്പതിലേറെ തവണ ഹിമാലയയാത്ര നടത്തി. 1952ലായിരുന്നു ആദ്യ യാത്ര. ‘സ്മരണകളിലെ പൂമുഖം’ എന്ന പേരിലുള്ള ആത്മകഥ, ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസ സരസ് യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ആദി കൈലാസ യാത്ര, ദേവഭൂമിയിലൂടെ, പുണ്യ ഹിമാലയം തുടങ്ങിയ യാത്രവിവരണങ്ങൾ, നിലാവും നിഴലുകളും കഥാസമാഹാരം എന്നിവ രചിച്ചിട്ടുണ്ട്. ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസ സരസ് യാത്ര എന്ന കൃതിക്ക് 2005ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ ജനിച്ച ചിത്രൻ നമ്പൂതിരിപ്പാട് പതിനൊന്നാം വയസിലാണ് പന്തിഭോജനത്തിൽ പങ്കെടുത്ത് തന്റെ രാഷ്ട്രീയപക്ഷം വെളിവാക്കിയത്.

വി ടി ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങൾക്കൊപ്പം നിന്നും പ്രവർത്തിച്ചു. ജന്മദേശമായ പൊന്നാനി മൂക്കുതലയിൽ സ്വന്തമായി നടത്തിയിരുന്ന വിദ്യാലയം സർക്കാരിന് നൽകി. തൃശൂരിലെ സെന്റ് തോമസ് കോളജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ചെയ്യുന്നതിനിടയിൽ കമ്മ്യൂണിസ്റ്റ് ചിന്തകനും നേ­താവുമായ കെ ദാമോദരന്റെ സ്വാധീനത്തിലായിരുന്നു കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞത്. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

മലപ്പുറം മൂക്കുതല പകരാവൂർ മനക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അ­ന്തർജനത്തിന്റെയും മകനാണ്. പൊന്നാനി എവി ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളജ്, മദ്രാസ് പച്ചയ്യപ്പാസ് കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: പരേതയായ ലീല. മക്കൾ: പി സി കൃഷ്ണൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), പി സി ബ്രഹ്മദത്തൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), പരേതനായ പി സി ചിത്രൻ, പാർവതി, ഉഷ, ഗൗരി. മരുമക്കൾ: വാസുദേവൻ നമ്പൂതിരിപ്പാട്, ഡോ. ഹരിദാസ് (റിട്ട. ഡിഎംഒ), അഷ്ടമൂർത്തി (എസ്ബിടി ഓഫിസർ). സഹോദരങ്ങൾ: നീലകണ്ഠൻ, അഡ്വ. പരമേശ്വരൻ, നിലീ അന്തർജനം, കാളി അന്തർജനം, ദേവകി നിലയംങ്ങോട്.

Eng­lish Sum­ma­ry: Chi­tran Nam­boothiri­pad passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.