21 January 2026, Wednesday

സിഎച്ച്ആർ ഏലമലക്കാടുകൾ മലയോര കർഷകരും, യുഡിഎഫ് വഞ്ചനകളും

മാത്യു വർഗീസ്
December 13, 2024 4:30 am

സുഗന്ധ റാണിയായ ഏലം കൃഷിചെയ്യുന്ന പ്രദേശത്തിനെയാണ് ഏലമലക്കാടുകൾ എന്നു പറയുന്നത്. 202 വർഷങ്ങൾക്ക് മുമ്പ് 1822ൽ തിരുവിതാംകൂർ രാജഭരണമാണ് 15,720 ഏക്കർ ഏലമല പ്രദേശമായി പ്രഖ്യാപിച്ചത്. ഇത് 2,25,720 ഏക്കർ ഭൂമിയാണെന്നും അത്രയും പ്രദേശം വനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പരിസ്ഥിതി സംഘടന 2003ൽ സുപ്രീം കോടതിയെ സമീപിച്ചതോടെ കൃഷിയും മറ്റു തൊഴിലുകളും ചെയ്ത് ജീവിച്ചുവന്ന ജനങ്ങളുടെ സ്വൈര്യജീവിതം പ്രതിസന്ധിയിലായി. രണ്ട് ലക്ഷം ഏക്കർ കൃത്രിമമായി കൂട്ടിച്ചേർത്തതാണ്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 24 ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. പട്ടയവിതരണവും, നിർമ്മാണ പ്രവർത്തനങ്ങളും തടഞ്ഞുള്ള ഈ തീരുമാനം ആറുലക്ഷത്തിലധികം വരുന്ന ജനങ്ങളെ വലിയ ആശങ്കയിലാഴ്ത്തി. ഡിസംബർ നാലിന് നിശ്ചയിച്ചിരുന്ന വാദം അടുത്ത തീയതി നിശ്ചയിക്കാതെ ഇപ്പോൾ മാറ്റിയിരിക്കുകയുമാണ്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും തങ്ങളുടെ ഭരണകാലത്ത് ഈ വിഷയത്തിൽ നടത്തിയ വഞ്ചനകളിൽ നിന്നും രക്ഷപ്പെടുന്നതിനും വേണ്ടി കുപ്രചരണങ്ങളും സമരങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇപ്പോള്‍. സിഎച്ച്ആർ കേസ് ഏലം കർഷകരെ മാത്രം ബാധിക്കുന്നതല്ല. പ്രഖ്യാപിത മേഖലയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കും. 

ചെറിയ ഏലക്കയാണ് ആദ്യം മുതൽ ഉണ്ടായിരുന്നത്. മലവർഗക്കാർ ആണ് ഏലം സംഭരിച്ച് കച്ചവടം നടത്തിയിരുന്നത്. അവർ ഏലം കൃഷി ചെയ്തിരുന്നില്ല. ഈ സുഗന്ധറാണിയെ തേടി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ എത്തുകയും നല്ല വിലയ്ക്ക് ഏലം സംഭരിച്ച് തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട രാജഭരണം, ഏലം സംഭരിച്ച് സർക്കാരിന്റെ ഗോഡൗണിൽ കൊടുക്കണമെന്നും വില സർക്കാർ നൽകുമെന്നും ഉത്തരവിട്ടു. ഇതിനായി ഒരു ഉദ്യോഗസ്ഥനെ തൊടുപുഴ താലൂക്ക് ഓഫിസിൽ തഹസിൽദാരുടെ അധികാരത്തോടുകൂടി നിയമിച്ചു. ഏലം കൃഷിക്കാർക്ക് ഭക്ഷണവും പ്രതികൂല കാലാവസ്ഥയിൽ കഴിയുന്നതിനുള്ള സഹായവും നൽകി. കറുപ്പ് അടക്കമുള്ളവ കൊടുത്തു. ഇപ്പോൾ കൃഷി ആധുനികവൽക്കരിച്ചു. കൃഷിക്കാർ അധികവും രണ്ട് ഏക്കർ മുതൽ അഞ്ച് ഏക്കർ വരെയുള്ളവരാണ്. തിരുവിതാംകൂർ രാജഭരണം, 1822ൽ പാർവതീഭായി മഹാറാണിയുടെ രാജവിളംബര പ്രകാരം ഏലം കൃഷി സംഘടിതമായി ആരംഭിക്കുന്ന നടപടികൾ ആരംഭിച്ചു. ഈ വിളംബരപ്രകാരമാണ് ഏലം കൃഷിക്കായി ഭൂമി വ്യവസ്ഥാപിതമായി അനുവദിച്ചു തുടങ്ങിയത്. ഏലം മേഖല എന്ന് പറയുന്നത് ഈ വിളംബരപ്രകാരം 15,720 ഏക്കറാണ്. ചെല്ലാർകോവിൽ മെട്ടിൽ നിന്നും തമിഴ്‌നാട് അതിർത്തി വഴി കമ്പംമെട്ട്, ബോഡി മെട്ട്, അവിടെ നിന്നും ചൊക്രമുടി മലനിരകൾ വഴി പള്ളിവാസൽ മേഖലയിലൂടെ മുതിരപ്പുഴയാർ കടന്ന്, പെരിയാറും പൊന്മുടിയും ചേർന്ന് കോട്ടമല വരെയുള്ള ബ്രിട്ടീഷ് അതിർത്തിയും അവിടെ നിന്ന് ചെല്ലാർകോവിൽ മെട്ടിലേക്ക് എത്തുന്ന വിപുലമായ ഭൂപ്രദേശമാണ് ഏലമല പ്രദേശമായി നിശ്ചയിച്ചിരുന്നത്. ഈ പ്രദേശത്തിന്റെ ഏലകൃഷിക്ക് ഉള്ള വിസ്തൃതി 15,720 ഏക്കർ ഭൂമിയാണ്. ഈ ഭൂമിയാകട്ടെ വനവും പുൽത്തറയും ചോലകളും ഉൾപ്പെടുന്ന പ്രദേശമാണ്. ഇപ്പോൾ ഈ പ്രദേശത്ത് ആറ് ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നുണ്ട്. 

കഴിഞ്ഞ നവംബര്‍22ന് സംസ്ഥാന സർക്കാരിനുവേണ്ടി നാലാമത്തെ സത്യവാങ്മൂലം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയിൽ സമർപ്പിച്ചു. സർവേ ജനറൽ ഓഫ് ഇന്ത്യയുടെ റെക്കോഡനുസരിച്ച് 413 ചതുരശ്ര മൈല്‍ ഏലം മലപ്രദേശമായി ചൂണ്ടിക്കാണിച്ചു. ഈ പ്രദേശത്ത് ജനങ്ങൾ പാർക്കുന്നുണ്ടെന്നും 30 ഗ്രാമപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന പ്രദേശമാണ് സിഎച്ച്ആർ മേഖലയുമെന്നത് അതീവ ഗൗരവമുള്ളതാണ്. രാജഭരണവും ജനാധിപത്യ സർക്കാരുകളും പല പ്രദേശങ്ങളിലും ഭക്ഷ്യ ക്ഷാമം നേരിടാൻ കുടിയിരുത്തലുകൾ നടത്തിയിട്ടുണ്ട്. മലയോരത്തെ വിപുലമായ ജനവാസം ഇങ്ങനെയാണ് ഉണ്ടായത്. ആയിരമേക്കർ, ഇരുന്നൂറേക്കർ, കല്ലാർ പട്ടം കോളനി, ഉപ്പുതറ ഇങ്ങനെ പല കുടിയിരുത്തലുകൾ ഗവൺമെന്റുകൾ നടത്തിയിട്ടുണ്ട്. മറ്റു കൃഷികൾക്കായി തിരുവിതാംകൂർ രാജഭരണം മേൽ വിവരിച്ച അതിർത്തിക്കുള്ളിൽ ചെമ്പ് പട്ടയങ്ങൾ നൽകി. തൊടുപുഴ താലൂക്ക് മാത്രമായിരുന്ന പ്രദേശം കൃഷിയും ജനവാസവും വർധിച്ചതോടെ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ താലൂക്കുകളും രൂപീകരിച്ചു. ഇപ്പോൾ പുതിയതായി ഇടുക്കി താലൂക്കും വന്നു.
രാജവിളംബര പ്രകാരം നിശ്ചയിച്ച അതിർത്തിക്കുള്ളിൽ 334 ചതുരശ്ര മൈലോ അല്ലെങ്കിൽ രണ്ട് ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി ഇരുപതോ ഏക്കർ വരുന്ന വിപു ലമായ പ്രദേശമാണ് സിഎച്ച്ആർ എന്നതിനും ഇപ്പോൾ മാറ്റം വന്നു. ഈ പ്രദേശം പൂർണമായും വനമാണ് എന്ന വാദമാണ് പരിസ്ഥിതി സംഘടനകൾ ഉന്നയിക്കുന്നത്. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം വന്നതിനുശേഷം ഇത്രയും പ്രദേശം വനം ആക്കണമെന്ന ആവശ്യം ഫോറസ്റ്റ് വകുപ്പും പിന്നീട് പരിസ്ഥിതിവാദികളും മെല്ലെ ഉന്നയിച്ചു തുടങ്ങിയിരുന്നു. ആഗോള താപനത്തിന് കാരണം വനനശീകരണമാണെന്ന ന്യായവാദം ഉന്നയിച്ചുകൊണ്ട് ചർച്ചകൾ സംഘടിപ്പിക്കുകയും, അതിലേക്കായി ആളുകളെ ആകർഷിക്കുകയും ചെയ്ത് തുടങ്ങിയിരുന്നു. പരിസ്ഥിതിയുടെ പേരിലാണ് ഈ വാദങ്ങളെല്ലാം ആരംഭിച്ചിരുന്നത്. ചരിത്രപരമായ വസ്തുതകൾ പരിശോധിക്കുമ്പോൾ സിഎച്ച്ആര്‍ പ്രദേശം പൂർണമായും ഏലം കൃഷി ചെയ്തിരുന്ന പ്രദേശമല്ല എന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുന്നതാണ്. 1897 ഓഗസ്റ്റ് 24ന് തിരുവിതാംകൂർ ഗസറ്റ് പ്രകാരം 15,720 ഏക്കർ ഏലമല പ്രദേശമായി വീണ്ടും പ്രഖ്യാപിച്ചു.
ഭൂമിപതിവ് നിയമമെന്ന് പറയാവുന്ന തിരുവിതാംകൂർ ലാൻഡ് അസൈൻമെന്റ് റെഗുലേഷൻ 1905ൽ ഉണ്ടായി. 1910ൽ ഏലം കൃഷിക്ക് ഏക്കറിന് പത്തുരൂപ വിലവച്ച് ഭൂമി പതിച്ചുകൊടുത്തുതുടങ്ങി. 1910 വരെ ഏലം വന ഉല്പന്നമായിരുന്നു. മറ്റു കൃഷികൾക്കും ഇങ്ങനെ പതിച്ചു നൽകിയിട്ടുണ്ട്. 1910ൽ നിയമം ഭേദഗതിചെയ്തു കാർഡമം ഡിപ്പാർട്ട്മെന്റുണ്ടാക്കി, റവന്യു വകുപ്പിന്റെ കീഴിലാക്കി മാറ്റി. 1897ലാണ് വ്യവസ്ഥാപിതമായ രൂപത്തിലും കൃഷിയുടെ ഉല്പാദനം ആരംഭിക്കുന്നതിനുള്ള കൂടുതൽ കാര്യങ്ങൾ ചെയ്തത്. 1935ൽ സ്പെഷ്യൽ റൂൾസ് കൊണ്ടുവന്നു. തമിഴ്‌നാട്ടുകാർ ഏലം കൃഷിയിലേക്ക് കൂടുതലായി കടന്നുവന്ന സാഹചര്യത്തിൽ ഭൂമി മുഴുവൻ നഷ്ടപ്പെടുമോ എന്ന ഭയത്താൽ 1944 മുതൽ സ്ഥിരാവകാശം നൽകുന്നത് നിര്‍ത്തലാക്കുകയും 20 വർഷത്തേക്ക് കുത്തകപ്പാട്ടം നൽകുകയും ചെയ്തു തുടങ്ങി. ഇത് ഏലം കൃഷിയുടെ തുടക്കകാലങ്ങളിൽ ഉണ്ടായിരുന്ന സ്ഥിതിയാണ്. നെൽകൃഷിയും കരിമ്പ് കൃഷിയും മറ്റ് കൃഷികളും ഇവിടെ ആരംഭിക്കുകയും പിന്നീട് കുരുമുളക് പോലുള്ള നാണ്യവിളകളുടെ കൃഷിയും വ്യാപകമായി ആരംഭിക്കുകയുണ്ടായി. 1958 ൽ ഏലം കുത്തകപ്പാട്ട നിയമം കൊണ്ടുവരികയും ഭൂമിയുടെ അവകാശം റവന്യു വകുപ്പിനും മരങ്ങൾ സംരക്ഷിക്കുന്ന ചുമതല വനംവകുപ്പിനുമായി ദ്വയാധികാരം ആവർത്തിച്ചു തീരുമാനിച്ചു. ഇപ്പോൾ വനംവകുപ്പ് അവകാശപ്പെടുന്നത് സിഎച്ച്ആര്‍ മേഖല പൂർണമായും വനമാണെന്നാണ്. 1980ൽ കേന്ദ്രവനസംരക്ഷണ നിയമം പാസാക്കി. തുടർന്ന് സിഎച്ച്ആർ പ്രദേശം വനമാക്കി മാറ്റാനുള്ള ആലോചനകൾ പലഭാഗത്തുമുണ്ടായി. ഈ പ്രദേശത്ത് താമസിക്കുന്ന കൃഷിക്കാരെ വനം കയ്യേറ്റക്കാരായി ചിത്രീകരിച്ചുള്ള പ്രചരണങ്ങളും ആരംഭിച്ചു.
(അവസാനിക്കുന്നില്ല)

(അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന
വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.