23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 25, 2024
September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024

സിയാല്‍: ഒരുങ്ങുന്നത് ഏഴ് വന്‍ വികസന പദ്ധതികള്‍

Janayugom Webdesk
കൊച്ചി
September 25, 2023 9:52 pm

വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന വിമാനത്താവള ആധുനികവല്‍ക്കരണം, വിനോദസഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾക്കൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവല്‍ക്കരണം എന്നിവയും അന്നേദിവസം ഉദ്ഘാടനം ചെയ്യപ്പെടും. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും. നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി ഏപ്രൺ വരുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ, എട്ട് പുതിയ എയ്റോബ്രിഡ്ജുകൾ ഉൾപ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനം വരുന്നതോടെ വിമാന പാർക്കിങ് ബേയുടെ എണ്ണം 44 ആയി ഉയരും.

ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. യാത്രക്കാർക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന, ലക്ഷ്വറി എയ്റോ ലോഞ്ചിന്റെ തറക്കല്ലിടലും ഇതോടൊപ്പം നടക്കും. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റോറന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണത്തില്‍ നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇതുമാറും.

വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാർ, എംഎൽഎമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ‘നാളെയിലേക്ക് പറക്കുന്നു’ എന്ന ആശയത്തെ സാർത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പിലാക്കി കൊണ്ട് ഞങ്ങൾ നൂതനമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. കോവിഡാനന്തര കാലഘട്ടത്തിൽ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് സിയാൽ.

ഡിജിയാത്ര

വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര സോഫ്റ്റ്‌വേര്‍ രൂപകല്പന ചെയ്തത് സിയാലിന്റെ തന്നെ ഐടി വിഭാഗമാണ്. ആഭ്യന്തര ടെർമിനലിലെ ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ‑ഗേറ്റുകൾ ആണ് ഇവിടെ ഉപയോഗിക്കുക.

ഇലക്ട്രോണിക് സുരക്ഷാവലയം

കൊച്ചി വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീർക്കും. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) എന്ന ഈ സംവിധാനമാണ് പുതുതായി സജ്ജീകരിക്കുക. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ മാരകമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ കാമറകളും സ്ഥാപിച്ച് സിയാലിന്റെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവർത്തനം സജ്ജമാക്കാനും കഴിയും. വിമാനത്താവള അഗ്നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികവല്‍ക്കരിക്കുകയും ചെയ്യും.

Eng­lish Sum­ma­ry: cial sev­en mega projects
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.