22 January 2026, Thursday

Related news

January 21, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026

സര്‍ക്കാരിന്റെ പരിഗണനയില്‍ ആദ്യം പൗരന്മാര്‍

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
January 17, 2025 6:06 pm

വളര്‍ച്ചയുടെ ഫലങ്ങള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ ഗണ്യമായ അളവില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചും സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ എല്ലായ്പ്പോഴും പൗരന്മാരാണ് ആദ്യമെന്ന് അടിവരയിട്ടും നവകേരള നിർമ്മാണത്തിന് ഊന്നല്‍ നല്‍കിയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപനം. അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, ഫെഡറലിസം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വൈവിധ്യത്തെ ബഹുമാനത്തോടെ ഉള്‍ക്കൊണ്ട രാജ്യത്ത് വെെജാത്യങ്ങളെ ഏകീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് ഭരണഘടനാ മൂല്യങ്ങള്‍ക്കും ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ ആദര്‍ശങ്ങള്‍ക്കും എതിരാണ്, ഗവര്‍ണര്‍ പറഞ്ഞു.

ദാരിദ്ര്യ നിർമ്മാർജനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നവീനവും നിര്‍ണായകവുമായ മുന്നേറ്റങ്ങള്‍ സർക്കാർ സാധ്യമാക്കി. സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നു എന്ന് വിമര്‍ശനം നയപ്രഖ്യാപനത്തില്‍ അക്കമിട്ടു. കേന്ദ്ര വിഭജന പൂളില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതം 3.875 ശതമാനത്തില്‍ നിന്ന് 1.925 ശതമാനമായി കുറഞ്ഞു. ജിഎസ‌്ടി നഷ്ടപരിഹാരവും റവന്യുകമ്മി ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ നിയന്ത്രണ വ്യവസ്ഥകളുമായി കൂട്ടിയോജിപ്പിച്ച് നിര്‍ത്തലാക്കിയതും പുതിയ വായ്പാ നിയന്ത്രണങ്ങളും സര്‍ക്കാരിന് സാമ്പത്തികമായ തിരിച്ചടിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് അഭിമാനമാണ്. എന്നാല്‍ പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിങ് തിരിച്ചടിവിന്റെ നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 6,000 കോടി രൂപ നിരുപാധികമായി വായ്പയെടുക്കാന്‍ അനുവദിക്കണം. ഇത് ദേശീയ നയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്ത് പകരും.

വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍ പൊട്ടല്‍ ബാധിതരായ എല്ലാവരെയും പുനരധിവസിപ്പിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തീകരിക്കും. വീടുകള്‍, ഉപജീവനമാര്‍ഗം, പൊതുസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി “ബില്‍ഡ് ബാക്ക് ബെറ്റര്‍” ചട്ടക്കൂട് അടിസ്ഥാനത്തില്‍ മാതൃകാ ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നു. കണിച്ചാര്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ലിവിങ് ലാബ്, പ്രതിരോധശേഷി കേന്ദ്രങ്ങള്‍ എന്നിവ ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും അതിനോട് പൊരുത്തപ്പെടുന്നതിനുമുള്ള സര്‍ക്കാരിന്റെ ദ്വിമുഖ ശ്രദ്ധ പ്രതിഫലിപ്പിക്കുന്നു, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ വേർതിരിവ് കുറയ്ക്കുകയും എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയെ പുകഴ്ത്തിയ ഗവർണർ കരിക്കുലം നവീകരണം ചരിത്രനേട്ടമെന്നും പറഞ്ഞു. പാഠപുസ്തക പരിഷ്കരണ സമിതിയിൽ വിദ്യാര്‍ത്ഥികളെക്കൂടി ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നി വികസന മുന്നേറ്റത്തിലാണ് കേരളം. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. അതിദാരിദ്ര്യം ഇല്ലാതാക്കും. 

സംസ്ഥാന വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിശക്തമായ സാമൂഹിക സുരക്ഷാ ശൃംഖലയാണ് സംസ്ഥാനത്തിന്റേത്. 62 ലക്ഷം വയോജനങ്ങള്‍ക്കാണ് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ സംസ്ഥാനത്തിന് നേരിടേണ്ടിവന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും കേരളത്തിന്റെ ദുരന്തനിവാരണ മാനേജ്‌മെന്റ് മാതൃക അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി. കാര്‍ഷികമേഖലയെ പരിസ്ഥിതിസൗഹൃദമായി പുനരുജ്ജീവിപ്പിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും.
പിഡബ്ല്യൂഡിയുടെ കീഴിലുള്ള 60 ശതമാനത്തോളം റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. മനുഷ്യ‑വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ഒമ്പത് ദ്രുതപ്രതികരണ സംഘങ്ങള്‍ (ആര്‍ആര്‍ടി)ക്ക് രൂപംനല്‍കി. ഇതോടെ ഈ പ്രശ്നത്തിനായി രൂപീകരിക്കപ്പെട്ട ആര്‍ആര്‍ടികളുടെ എണ്ണം 228 ആയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിശദീകരിച്ചു. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളെ ഗുണഭോക്താക്കളുടെ അടിസ്ഥാന അവകാശമായാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് ആരുടെയും ഔദാര്യമല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.