17 June 2024, Monday

സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് സമാപനം

Janayugom Webdesk
കോഴിക്കോട്
December 19, 2022 7:35 pm

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കും വർഗീയ — ഫാസിസ്റ്റ് അജൻഡക്കുമെതിരെ പോരാടുമെന്ന പ്രഖ്യാപനവുമായി സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് സമാപനം. കടലോരത്തെ ചുവപ്പണിയിച്ച് രണ്ടുലക്ഷം പേർ അണിനിരന്ന റാലിയോടെയാണ് മൂന്നു നാൾ നീണ്ട സമ്മേളനം സമാപിച്ചത്. സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വകാര്യവത്ക്കരണമല്ലാതെ മറ്റ് വഴിയില്ലെന്ന് മോഡി സർക്കാർ പറയുമ്പോൾ ബദലുണ്ടെന്ന് കാണിച്ചുകൊടുക്കുകയാണ് കേരളം. കോർപ്പറേറ്റ് താത്പര്യം സംരക്ഷിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തിന്റെ ബദൽ നയത്തിന് പ്രസക്തി വർധിക്കുകയാണ്. തൊഴിൽ നയങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുന്നിലാണ്. വിവിധ ക്ഷേമ പദ്ധതികളും ലൈഫ് ഭവന പദ്ധതിയടക്കം നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കുന്നു. ഇതിനെയെല്ലാം തകർക്കാനാണ് കേന്ദ്ര നീക്കം. ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് യു ഡി എഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി കവരുന്ന കേന്ദ്രം തൊഴിലാളികളുടെ ജീവിത ദുരിതം വർധിപ്പിക്കുന്നു. കോൺഗ്രസ് തുടക്കമിട്ട ആഗോളവത്ക്കരണം കൂടുതൽ തീവ്രമായി നടപ്പാക്കുകയാണ് ബിജെപി. തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്ന സർക്കാർ എട്ട് മണിക്കൂർ ജോലി, സംഘടിക്കാനുള്ള അവകാശം എന്നിവയെല്ലാം ഇല്ലാതാക്കുന്നു. രാജ്യത്ത് സ്ഥിരം തൊഴിൽ തന്നെ ഇല്ലാതാകുന്നു. കേന്ദ്ര സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകൾ നികത്തുന്നില്ല. പത്ത് ലക്ഷം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന എൺപത്തി രണ്ട് ശതമാനത്തോളം പേരുടെ ജീവിതം അതീവ ദുരിതപൂർണ്ണമാണ്. സംഘടിത മേഖലയിൽ തൊഴിലാളികളുടെ എണ്ണം കുറയുന്നു. രാജ്യ സമ്പത്ത് അതിസമ്പന്നർ കൈയ്യാളുന്നു. ഒരു ശതമാനത്തിന്റെ കൈകളിലാണ് ദേശീയ വരുമാനത്തിന്റെ 22 ശതമാനം. ആഗോളവത്ക്കരണ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസ് അവരുടെ തെറ്റ് തുറന്ന് സമ്മതിക്കുന്നില്ല. തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന സമീപനമാണ് കോൺഗ്രസിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, ടി പി രാമകൃഷ്ണൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ സംസാരിച്ചു. പി കെ മുകുന്ദൻ സ്വാഗതം പറഞ്ഞു. റിപ്പോർട്ടിന്മേൽ രണ്ടു ദിവസമായി നടന്ന ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി എളമരം കരീം എംപി മറുപടി പറഞ്ഞു. തുടർന്ന് റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു. വിവിധ ജില്ലകളെയും ഘടകങ്ങളെയും പ്രതിനിധീകരിച്ച് 61 പേർ ചർച്ചയിൽ പങ്കെടുത്തു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത പ്രതിനിധികളെ അഭിവാദ്യം ചെയ്തു. പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി എളമരം കരീം ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമാപന പ്രസംഗം നടത്തി. മാമ്പറ്റ ശ്രീധരൻ നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ പ്രകാശനം ചെയ്തു.

ആനത്തലവട്ടം ആനന്ദൻ പ്രസിഡന്റ്, എളമരം കരീം ജനറൽ സെക്രട്ടറി

സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീം എംപിയെയും വീണ്ടും തെരഞ്ഞെടുത്തു. പി നന്ദകുമാറാണ് ട്രഷറർ. 21 വൈസ് പ്രസിഡന്റുമാരെയും 21 സെക്രട്ടറിമാരെയും പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 45 ഭാരവാഹികൾക്കു പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറൽ കൗൺസിൽ. ബംഗളൂരുവിൽ ജനുവരി 18 മുതൽ 22 വരെ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായി 624 പേരെയും തെരത്തെടുത്തു. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ. ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ സമ്മേളന പ്രതിനിധികൾ എന്നിവരിൽ 25 ശതമാനം വനിതകളാണ്.

വൈസ് പ്രസിഡന്റുമാർ: എ കെ ബാലൻ, സി എസ് സുജാത, ടി പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ പി മേരി, എം കെ കണ്ണൻ, എസ് ശർമ, കൂട്ടായി ബഷീർ, എസ് ജയമോഹൻ, യു പി ജോസഫ്, വി ശശികുമാർ, നെടുവത്തൂർ സുന്ദരേശൻ, അഡ്വ. പി സജി, സുനിതാ കുര്യൻ, സി ജയൻ ബാബു, പി ആർ മുരളീധരൻ, ടി ആർ രഘുനാഥ്, പി കെ ശശി, എസ് പുഷ്പലത, പി ബി ഹർഷകുമാർ.
സെക്രട്ടറിമാർ: കെ കെ ദിവാകരൻ, കെ ചന്ദ്രൻ പിള്ള, കെ പി സഹദേവൻ, വി ശിവൻകുട്ടി, സി ബി ചന്ദ്രബാബു, കെ എൻ ഗോപിനാഥ്, ടി കെ രാജൻ, പി പി ചിത്തരഞ്ജൻ, കെ എസ് സുനിൽകുമാർ, പി പി പ്രേമ, ധന്യ അബിദ്, ഒ സി സിന്ധു, ദീപ കെ രാജൻ, സി കെ ഹരികൃഷ്ണൻ, കെ കെ പ്രസന്നകുമാരി, പി കെ മുകുന്ദൻ, എം ഹംസ, പി ഗാനകുമാർ, ആർ രാമു, എസ് ഹരിലാൽ, എൻ കെ രാമചന്ദ്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.