മാരത്തോൺ ചർച്ചകൾക്കൊടുവിൽ തയ്യാറാക്കിയ കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്റിന് മുന്നിൽ. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അന്തിമ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അന്തിമ സാധ്യത പട്ടികയിൽ വ്യാഴാഴ്ച നടന്ന ദില്ലി ചർച്ചയിൽ വലിയ മാറ്റങ്ങൾ കടന്ന് കൂടിയിരുന്നു. ഇതുപ്രകാരം ആറ് ജില്ലകളിലെ പേരുകളിലാണ് മാറ്റം ഉണ്ടായത്. അതേസമയം ഗ്രൂപ്പ് കളിൽ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെപിസിസി നേതൃത്വത്തിന് അവസാനം ഗ്രൂപ്പ് നേതാക്കൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നതായും പറയപ്പെടുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും നടത്തിയ അന്തിമ ചർച്ചയ്ക്കൊടുവിൽ അന്തിമ സാധ്യത പട്ടിക ഹൈക്കമാന്റിന് കൈമാറിയത്. നേരത്തേ ഗ്രൂപ്പുകൾ ഉയർത്തിയ എതിർപ്പുകളും ഹൈക്കമാന്റ് നിർദ്ദേശങ്ങളും കൂടി പരിഗണിച്ചുള്ള പട്ടികയായിരുന്നു കൈമാറിയത്. എന്നാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ആറിടത്ത് പട്ടികയിൽ മാറ്റം വരുത്തി. പട്ടികയിൽ ആദ്യ ഘട്ടത്തിൽ ഇല്ലാതിരുന്നവർ പോലും ഇതിൽ ഇടംപിടിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. പലയിടത്തും ഗ്രൂപ്പ് നേതാക്കൾളുടെ താൽപര്യം സംരക്ഷിച്ചതായും പരാതി ശക്തമാണ്. തിരുവനന്തപുരം ജില്ലയിലാണ് അപ്രതീക്ഷിത മാറ്റം സംഭവിച്ചത്. ശശി തരൂർ എംപിയുടെ നോമിനിയായ ജി എസ് ബാബു മുൻ എംഎൽഎ കൂടിയായ കെ എസ് ശബരീനാഥന്റേയും പേരുകൾക്കായിരുന്നു അവസാനം വരെ മുൻതൂക്കം ഉണ്ടായിരുന്നത്. എന്നാൽ സാമുദായിക പരിഗണനകൾ ഉയർന്നതോടെ കാലങ്ങളായി ഐ ഗ്രൂപ്പ് ഭരിച്ചിരുന്ന തിരുവനന്തപുരം എ ഗ്രൂപ്പിന്റെ കൈയ്യിലെത്തി.
ഇവിടെ ഉമ്മൻ ചാണ്ടിയുടെ നോമിനായി പാലോട് രവിയ്ക്ക് നറുക്ക് വീണത്. എന്നാൽ പാലോട് രവി കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നതായും കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും പറയപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പലോട് രവി ശ്രമിച്ചതായി ആരോപണം നിലനിൽക്കുന്നു. ഇതു സംബന്ധിച്ച പരാതി കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നുലുമുണ്ട്. യുവാവെന്ന നിലയിൽ ശബരിനാഥിൻറേ പേരും വന്നിരുന്നു. എന്നാൽ ഐ ഗ്രൂപ്പിന് താൽപര്യമില്ലായിരുന്നു. വി എസ് ശിവകുമാർ, ശതത്ചന്ദ്ര പ്രസാദ് എന്നിവരോടാണ് ഗ്രൂപ്പിന് താൽപര്യമുണ്ടായിരുന്നത്. തർക്കം നിലനിന്നിരുന്ന ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിനെ അവസാന നിമിഷം മാറ്റി. പ്രാദേശിക എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇടക്ക് ഐ വിഭാഗത്തിൽ നിന്നും അഡ്വ. കോശി എം കോശിയുടെ പേരും കേട്ടിരുന്നു. ഇതോടെ കെ സി വേണുഗോപാലിന്റെ വിശ്വസ്തനായ കെ പി ശ്രീകുമാറിനെ ഡി സി സി അധ്യക്ഷനാക്കും. കോട്ടയത്ത് തുടക്കത്തിൽ തിരുവഞ്ചൂരിൻറെ അടുപ്പക്കാരനായ നാട്ടകം സുരേഷിന്റെ പേരിനായിരുന്നു മുൻഗണന ലഭിച്ചിരുന്നത്. കോട്ടയത്ത് പുതിയ നിർദ്ദേശങ്ങൾ ഉയർന്നു. കേരള കോൺഗ്രസ് എം യു ഡി എഫ് ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ കോട്ടയത്ത് ക്രിസ്ത്യൻ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. യുഡിഎഫ് കോട്ടയായിരുന്ന ജില്ലയിൽ ഇക്കുറി കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. അതുകൊണ്ട് തന്നെ നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കണം മാറ്റം എന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെ ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ യാക്കോബായ വിഭാഗക്കാരനായ ഫിൽസൺ മാത്യൂസിന് നറുക്ക് വീഴുകയായിരുന്നു. നിലവിൽ കത്തോലിക്ക സമുദായാംഗമായ ജോഷി ഫിലിപ്പാണ് അധ്യക്ഷൻ.
പാലക്കാട് ജില്ലയിൽ കെസി വേണുഗോപാലിൻറെ നോമിനിയായ എ തങ്കപ്പനാണ് നറുക്ക് വീണത്. കെ സുധാകരന്റെ നോമിനിയായ എ വി ഗോപിനാഥ് ആയിരുനന്ു അവസാന ഘട്ടത്തിൽ വരെ മുൻതൂക്കം. എന്നാൽ ഗോപിനാഥനെതിരെ ജില്ലയിൽ നിന്നും പരാതി പ്രളയം ഉയർന്നു. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ ഹൈക്കമാന്റിന് കത്തയച്ചിരുന്നു. മുൻ തൃത്താല എംഎൽഎ കൂടിയായ വ ടി ബലറാമിനുവേണ്ടി മുതിർന്ന നേതാക്കൾ രംഗത്ത വന്നിരുന്നുപാർട്ടിയുടെ പരാജയത്തിന് വേണ്ടി പ്രവർത്തിച്ച ആളാണ് ഗോപിനാഥ് എന്ന ആക്ഷേപമായിരുന്നു പാലക്കാട് എംപി കൂടിയായ വികെ ശ്രീകണ്ഠൻ ഉയർത്തിയത്. ഇതോടെയാണ് ഗോപിനാഥനെ മാറ്റി നിർത്തിയത്. എന്നാൽ മുൻ അധ്യക്ഷന്മാർക്ക് അവസരം നൽകേണ്ട എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസ് നേതാക്കള് അവകാശപ്പെടുന്നത്. അതേസമയം വയനാട് എൻഡി അപ്പച്ചൻ ഡി സി സി അധ്യക്ഷനാകും. നേരത്തേയും അധ്യക്ഷനാി അപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ താലപര്യത്തോടെയാണ് ഇപ്പോഴത്തെ നിയമനമെന്നാണ് സൂചന. കോട്ടയത്ത് യാക്കോബായ സമുദായത്തിന് പ്രാതിനിധ്യം നൽകിയത് പരിഗണിച്ച് ഇടുക്കിയിൽ ഐ ഗ്രൂപ്പ് നേതാവായ എസ് അശോകനെ നിശ്ചയിച്ചു.
കാസർഗോഡ് ഖാദർ മാങ്ങാടിനെ അവസാന നിമിഷമാണ് മാറ്റിയത്. സമുദായ സമവാക്യം പരിഗണിച്ച് കൊണ്ട് പികെ ഫൈസിലിനെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. കൊല്ലത്ത് മുതിർന്ന നേതാവ് രാജേന്ദ്ര പ്രസാദിനാണ് നറുക്ക് വീണത്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടുക്കുന്നിൽ സുരേഷിന്റെ നോമിനിയാണ് രാജേന്ദ്ര പ്രസാദ്. പത്തനംതിട്ടയിൽ പിജെ കുര്യന്റെ നോമിനിയായ സതീശൻ കൊച്ചുപറമ്പിൽ പട്ടികയിൽ ഇടം നേടി. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിശ്വസ്തൻ മുഹമ്മദ് ഷിയാസ് ഇടം പിടിച്ചു. ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലയിൽ വനിതാ പ്രാതിനിധ്യം ഉണ്ടായേക്കുമെന്ന് തുടക്കം മുതൽ ചർച്ചകൾ ഉണ്ടായിരുന്നു. പദ്മജ വേണുഗോപാലിന്റെ പേരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത് എന്നായിരുന്നു വിവരം. എന്നാൽ ഐ ഗ്രൂപ്പിന്റെ ജോസ് വെള്ളൂർ ഇവിടെ സ്ഥാനം ഉറപ്പിച്ചു. മലപ്പുറത്ത് എ ഗ്രൂപ്പിന്റെ നിർദ്ദേശം തള്ളി വിഎസ് ജോയിക്കാണ് അവസരം ലഭിച്ചത്. തുടക്കം മുതൽ ആര്യാടൻ ഷൗക്കത്തിനായി നേതാക്കൾ രംഗത്തുണ്ടായിരുന്നുവെങ്കിലും പ്രവർത്തന പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി പേര് തള്ളുകയായിരുന്നു. കോഴിക്കോട് എ ഗ്രൂപ്പിന്റെ കൈവശമാണെങ്കിലും ഐ ഗ്രൂപ്പിനാണ് ഇത്തവണ ജില്ല ലഭിച്ചത്. ഐ ഗ്രൂപ്പ് നേതാവായ കെ പ്രവീൺ കുമാർ അധ്യക്ഷനാകും. വടകര എംപി കെ മുരളീധരന്റെ പിന്തുണ പ്രവീണിനായിരുന്നു. കണ്ണൂരിൽ മാർട്ടിൻ ജോസിനും അവസരം ലഭിച്ചു. സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും പ്രാതിനിധ്യം നൽകിയില്ലെന്നതാണ് പ്രധാന ആക്ഷേപം. കെ സി വേണുഗോപാലിൻറെ അപ്രമാധിത്വമാണ് ലിസ്റ്റിൽ നിഴലിച്ചിരിക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വാദം.നലവിൽ ഐ ഗ്രൂപ്പിന് 6,എ ഗ്രൂപ്പിന് 8 എന്ന നിലയിലാണ്. എന്നാൽ ഗ്രൂപ്പ് മാനേജർമാക്ക് ഇത് ഉൾക്കൊള്ളാൻ പറ്റില്ലെന്ന നിലപാടിലുമാണ്.
english summary;clash in Congress about DCC Presidencies
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.