23 January 2026, Friday

ലഡാക്ക് പ്രതിഷേധത്തിലെ സംഘർഷം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സോനം വാങ്ചുക്ക്

Janayugom Webdesk
ലഡാക്ക്
October 5, 2025 10:13 pm

സ്വതന്ത്ര പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടി ഉറച്ച് നിൽക്കുന്നുവെന്നും വാങ്ചുക് ജയിലിൽനിന്ന് ലഡാക്ക് ജനതക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. ലേ അപ്പക്‌സ് ബോഡി എന്ത് നിലപാട് സ്വീകരിച്ചാലും പൂർണ പിന്തുണ നൽകും. ഗാന്ധിയൻ രീതിയിലുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷത്തിന് പിന്നാലെ സോനം വാങ്ചുക് ഉൾപ്പെടെ അമ്പതിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.

അക്രമണങ്ങൾക്ക് വഴിവച്ചത് സോനം വാങ്ചുകിന്റെ പ്രസം​ഗമാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. സോനം വാങ്ചുകിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (സെക്‌മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ സെപ്റ്റംബര്‍ 26നാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക് നിരാഹാര സമരം നടത്തിവരവെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സെപ്റ്റംബർ 24ന് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ സംഘര്‍ഷമുണ്ടായത്.

സോനം വാങ്ചുകിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളും വാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സോനം വാങ്ചുകിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സമര്‍പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചായിരിക്കും ഹേബിയസ് കോര്‍പ്പസ് ഹർജി പരിഗണിക്കുക. വാങ്ചുകിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. ഭരണഘടനാ 14, 19, 21, 22 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമായാണ് വാങ്ചുകിന്റെ അറസ്റ്റ്. ഭര്‍ത്താവിനെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെടാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.