20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 15, 2024 4:42 pm

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടിയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജോയിയുടെ മാരായമുട്ടത്തെ വീട്ടു വളപ്പില്‍ വച്ചായിരുന്നു അന്തിമ കര്‍മങ്ങള്‍ നടന്നത്.ജൂലെ 13ന് രാവിലെ 10 മണിയോടെയായിരുന്നു ജോയ് അടങ്ങുന്ന സംഘം തിരുവന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തോട് വൃത്തിയാക്കാന്‍ ഇറങ്ങിയത്.

എന്നാല്‍ കനത്ത മഴയിലെ ഒഴുക്കില്‍പെട്ട് ജോയിയെ കാണാതാകുകയായിരുന്നു.46 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നാണ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നും ജോയിയുടെ മൃതദേഹം കണ്ടെടുത്തത്.ഇന്ന് കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും തിരച്ചിലിനായി തലസ്ഥാനത്ത് എത്തിയിരുന്നു.എന്നാല്‍ പ്രതീക്ഷകള്‍ വിഫലമാക്കി ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ജോയി കണ്ണീരോര്‍മ്മ

സ്വന്തം ലേഖിക

തിരുവനന്തപുരം: രണ്ട് ദിനരാത്രങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല. പ്രതീക്ഷ തകര്‍ത്തുകൊണ്ട് ഇന്നലെ കണ്ടെത്തിയത് ജോയിയുടെ ചേതനയറ്റ ശരീരം. ശനിയാഴ്ച തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം രാവിലെ 9.30 ഓടെ തകരപ്പറമ്പ്-വഞ്ചിയൂര്‍ ഭാഗത്തെ ഉപ്പിടാംമൂട് പാലത്തിനു സമീപത്താണ് കണ്ടെത്തിയത്. നീണ്ട 46 മണിക്കൂറിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പെയ്തകനത്ത മഴയിൽ മൃതദേഹം ഒഴുകിനീങ്ങിയെന്നാണ്‌ നിഗമനം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കോർപറേഷൻ നിയോഗിച്ച രാത്രികാല സ്ക്വാഡിൽ ഉൾപ്പെട്ട തൊഴിലാളികളും യാത്രക്കാരുമാണ്‌ മൃതദേഹം ആദ്യം കണ്ടത്‌. ഉടൻ മേയറെയും ദൗത്യസംഘത്തെയും അറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവിങ്‌ സംഘം സ്ഥലത്തെത്തി മൃതദേഹം ആംബുലൻസിൽ മെഡിക്കൽ കോളജ്‌ ആശുപത്രിയിലെത്തിച്ചു. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ജോയിയുടെ സഹോദരനും സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തവരും മെഡിക്കല്‍ കോളജില്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകിട്ട്‌ 4.30ഓടെ മാരായമുട്ടം വടകര മലഞ്ചേരി വീട്ടുവളപ്പിൽ സംസ്കരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി എം ബി രാജേഷ്‌ , മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു ഉൾപ്പെടെയുള്ളവർ ആശുപത്രിലെത്തി അന്തിമോപചാരമർപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ തോട്ടില്‍ ശുചീകരണത്തിനായി ഇറങ്ങിയ ജോയി മഴ ശക്തിപ്പെട്ടപ്പോഴുണ്ടായ ഒഴുക്കില്‍ നില തെറ്റി വീഴുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫയര്‍ഫോഴ്സ്, സ്കൂബ ഡൈവിങ് സംഘം, എന്‍ഡിആര്‍ എഫ് , നാവികസേന ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ തിരച്ചില്‍ ആരംഭിച്ച് നിമിഷങ്ങള്‍ക്കിടെയാണ് തകരപ്പറമ്പ് ഭാഗത്തെ കനാലില്‍ മൃതദേഹം കണ്ടതായി വിവരം ലഭിച്ചത്. സുരക്ഷാസംവിധാനങ്ങളില്ലാതെ തൊഴിലാളികളെ ശുചീകരണത്തിന്‌ നിയോഗിച്ചതിന്‌ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌. ജോയി അവിവാഹിതനാണ്‌. അമ്മ: മെൽഹി. സഹോദരങ്ങൾ: കോശി, ജെസി, ജോളി.

Eng­lish Summary;cleaning staff joy’s body cremated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.