27 December 2024, Friday
KSFE Galaxy Chits Banner 2

Related news

May 1, 2024
October 18, 2023
October 5, 2023
October 1, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ച നേതാവ്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 5, 2023 7:54 pm

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തൊഴിലാളികളുടെ പൊതുവിലും കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്.

സി ഐ ടി യുവിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.

സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും മറ്റ് വിവിധ ചുമതലകൾ വഹിച്ചും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. സി പി ഐ (എം) രൂപീകരണഘട്ടത്തിൽ ആശയ വ്യക്തത വരുത്തുന്നതിലും നയവ്യതിയാനങ്ങൾക്കെതിരെ പൊരുതി പാർട്ടി കെട്ടിപ്പടുക്കുന്നതിലും വഹിച്ച പങ്കും അവിസ്മരണീയമാണ്.
അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന് ജയിൽവാസം അനുഷ്ഠിക്കേണ്ടതായും വന്നുവെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.

തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി നേത്യത്വം നൽകിയ ജാഥ സഖാവ് ആനത്തലവട്ടത്തിന്റെ സംഘാടക മികവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. 1954 ൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർ തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു സഖാവ്. കയർ അപെക്സ് ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം കയർ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു.

തൊഴിലാളിയുടെ ശബ്ദം നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മാതൃകാപരമാണ്. സഭയിലെ സംവാദമായാലും പൊതുഇടങ്ങളിലെ പ്രക്ഷോഭമായാലും തൻ്റെ ഇടപെടലുകളെ ആകെ സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് അദ്ദേഹം പിന്തുടർന്നത്. സഖാവിൻ്റെ പാർട്ടി പഠന ക്ലാസുകൾ ഒരു പാഠപുസ്തകത്തിൽ എന്നതുപോലെ പാർട്ടിപ്രവർത്തകരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതായിരുന്നു. മാർക്സിസം-ലെനിനിസത്തെ പറ്റിയുള്ള ഉള്ള അറിവ് അദ്ദേഹത്തെ പാർട്ടി പ്രവർത്തകരുടെ പ്രിയങ്കരനായ അധ്യാപകൻ ആക്കി മാറ്റി.

പാർട്ടി ആക്രമിക്കപ്പെടുന്ന ഘട്ടത്തിലെല്ലാം പൊതുവേദികളിലും മാധ്യമങ്ങളിലും അവശത മാനിക്കാതെപോലും ചെന്നുനിന്ന് അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവും നടത്താനുള്ള സഖാവ് ആനത്തലവട്ടത്തിൻ്റെ കഴിവും സന്നദ്ധതയും എടുത്തുപറയേണ്ടതാണ്.

സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ അടക്കം ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ സഖാവിൻ്റെ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനപാടവവും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയിൽ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാർട്ടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് സഖാവിന്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആനത്തലവട്ടം ആനന്ദന്‍: ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയെന്ന് സ്പീക്കര്‍

സ്വതസിദ്ധമായ ശൈലിയിലൂടെ, ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആനത്തലവട്ടം ആനന്ദനന്ന് സ്പീക്കര്‍. താനുമായി അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന സഖാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദൻ എട്ട്, പത്ത്, പന്ത്രണ്ട് കേരള നിയമസഭയിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള സമിതി (1989 — 91), പരിസ്ഥിതി സംബന്ധിച്ച സമിതി (2000–01), എസ്റ്റിമേറ്റ്സ് കമ്മിറ്റി (2006–11) എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചു. കയർഫെഡ് പ്രസിഡന്റ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, കയർ ബോർഡ് വൈസ് ചെയർമാൻ; സംസ്ഥാന പ്ലാനിംഗ് ബോർഡ് രൂപവൽക്കരിച്ച പരമ്പരാഗത വ്യവസായങ്ങളെ സംബന്ധിച്ച കർമ്മസേനയുടെ ചെയർമാൻ,
സിഐറ്റിയു സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

സഖാവിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

കാനം അനുശോചിച്ചു

തിരുവനന്തപുരം: ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. കേരളത്തിലെ പരമ്പരാഗത വ്യവസായത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്ത തൊഴിലാളി നേതാവായിരുന്നു അദ്ദേഹമെന്ന് കാനം അനുസ്മരിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.