13 December 2025, Saturday

സി എം കേശവൻ: സാംസ്കാരികരംഗത്തെ സ്നേഹസാന്നിധ്യം

ടി വി ബാലൻ
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
May 30, 2025 10:26 pm

സ്നേഹനിർഭരമായ ആത്മബന്ധമായിരുന്നു പ്രിയപ്പെട്ട കേശവേട്ടനുമായി ഉണ്ടായിരുന്നത്. ഒന്നിച്ചു പ്രവർത്തിച്ചകാലത്തെ വർഷങ്ങളുടെ ഓർമ്മകൾ മനസിൽ ഒഴുകിവരികയാണ്. സ്വദേശമായ പാലക്കാട് ജില്ലയിലെ മായനാട് നിന്ന് സോയൽ കൺസർവേറ്റർ വകുപ്പിൽ ജോലി ആവശ്യാർത്ഥമാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നതും സ്ഥിരതാമസമാക്കുന്നതും. തികഞ്ഞ രാഷ്ട്രീയബോധം കൈമുതലായുള്ള അദ്ദേഹം മരണം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റായി നിലകൊണ്ടു.
സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ പാർട്ടി പ്രവർത്തനത്തിനുള്ള പരിമിതി മൂലമാണ് സർവീസ്-സാംസ്കാരികരംഗങ്ങൾ കർമ്മമേഖലയായി തെരഞ്ഞെടുത്തത്. ജോയിന്റ് കൗൺസിൽ എന്ന സർക്കാർ ജീവനക്കാരുടെ സംഘടന സംസ്ഥാനത്തും ജില്ലയിലും കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ജീവനക്കാരുടെ സർവീസ് വിഷയങ്ങളിൽ ഇടപെടുന്നതിൽ മുന്നിൽനിന്നു. അദ്ദേഹം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയായ കാലത്ത്, ഞാന്‍ ടെലികോം വകുപ്പിൽ ജോലിയിലുണ്ട്. കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ഐക്യവേദിയായ വർക്കേഴ്സ് കോ ഓര്‍ഡിനേഷന്റെ ജില്ലാസെക്രട്ടറി കൂടിയായിരുന്നു. കേശവേട്ടൻ അതിന്റെ സഹഭാരവാഹിയും. നൂറുകണക്കിന് സർക്കാർ ജീവനക്കാരെ അണിനിരത്തിയുള്ള പ്രക്ഷോഭ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ തോളോടുതോൾ ചേർന്നുനിന്നു. 

കുറ്റമറ്റ സംഘടനാപ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാറ്റിനും കൃത്യതയുണ്ടായിരുന്നു. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലെ സത്യസന്ധതയും ജാഗ്രതയും നിലപാടുകളിലെ കണിശതയുമെല്ലാം പൊതുപ്രവർത്തകർക്ക് മാതൃകയാണ്. അക്കാലത്ത് ഞങ്ങളുടെ താവളം കിഡ്സൺ കോർണറിലെ പഴയ പ്രഭാത്ബുക്ക് ഹൗസാണ്. കേന്ദ്ര — സംസ്ഥാനസർക്കാർ ബാങ്ക് ജീവനക്കാരുടെ ഇടയിലെ വലിയൊരു സൗഹൃദകൂട്ടായ്മ അവിടെ രൂപപ്പെട്ടിരുന്നു. അവരിൽ പലരും നേരത്തെ വിട്ടുപിരിഞ്ഞു. ഇപ്പോൾ കേശവേട്ടനും. 

പലപ്പോഴും വലിയ തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അതെല്ലാം പ്രവർത്തനരംഗത്തെ മികവിനുവേണ്ടിയായിരുന്നു. ആഴമേറിയ വ്യക്തി ബന്ധമായതുകൊണ്ടുതന്നെ മിനിറ്റുകൾകൊണ്ട് അലിഞ്ഞുപോകുന്ന തർക്കങ്ങളായിരുന്നു അതെല്ലാം. സർവീസിൽനിന്ന് വിരമിച്ചതിനുശേഷമാണ് കലാസാംസ്കാരികരംഗത്ത് അദ്ദേഹം സജീവമാകുന്നത്. കവിതയായിരുന്നു സർഗാത്മകമേഖല. യുവകലാസാഹിതി ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് അന്നത്തെ സംസ്ഥാനനേതൃത്വം വളരെ ബോധപൂർവം അദ്ദേഹത്തെ കൊണ്ടുവന്നത് സംഘടനാരംഗത്ത് വലിയ ഗുണം ചെയ്തു. ഒട്ടേറെ യൂണിറ്റുകൾ ഉണ്ടായി. വിപുലമായ സാംസ്കാരിക പരിപാടികളും ക്യാമ്പുകളും സംഘടിപ്പിച്ചു. 

സംസ്ഥാന കമ്മിറ്റി യോഗങ്ങളിലെല്ലാം കൃത്യമായി പങ്കെടുക്കുകയും വളരെ അവധാനതയോടെ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിമർശനവും വീഴ്ചകളും ചർച്ചചെയ്യുമ്പോൾ സാഹിതിയുടെ ഭരണഘടന ഉയർത്തിക്കാട്ടി ഇടപെടുന്നത് കേശവേട്ടന്റെ രീതിയാണ്. അപ്പോഴെല്ലാം ഭരണഘടനാ വിദഗ്ധനെന്ന് ഞങ്ങൾ തമാശയായി പറയുമായിരുന്നു. യുവകലാസാഹിതി മാസികയുടെ പ്രവർത്തനങ്ങളിലും ഇപ്റ്റ, പോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ, ഐപ്സോ, കേരളീയൻ സ്മാരകസമിതി തുടങ്ങിയ സംഘടനയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായി. പാർട്ടിയുടെ മണ്ഡലം കമ്മിറ്റി അംഗമെന്ന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. മറ്റ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പരിപാടികളിലും സാന്നിധ്യമറിയിച്ചു. 

കയ്യിലൊരു കറുത്ത ബാഗും ഒരു കുടയുമായി പാർട്ടി പരിപാടികൾക്കും മറ്റും മുഖം കാണിക്കലും കൃഷ്ണപിള്ള മന്ദിര സന്ദർശനവും അസുഖമായി കിടപ്പിലാകുന്നതുവരെ തുടർന്നു. പ്രിയപ്പെട്ടവരെ എപ്പോഴും കാണുക, സംസാരിക്കുകയെന്നത് അവസാനകാലം വരെ ആഗ്രഹിച്ചിരുന്നു. നിരന്തരം വിളിക്കും. കുറച്ചുമുമ്പ് വേങ്ങേരിയിലെ വീട്ടിൽ പോയിരുന്നു. പലരും അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എപ്പോഴും വിളിക്കാറുള്ളതുപോലെ ടിവീയെന്ന് നീട്ടിവിളിച്ച് എന്നെ ചേർത്തുനിർത്തി. 

സ്നേഹവും സന്തോഷവും സങ്കടവും നിറഞ്ഞ കേശവേട്ടന്റെ ഭാവപ്രകടനങ്ങൾ കണ്ടപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞൊഴുകി. അത് അവസാനത്തെ ഒത്തുകൂടലാകുമെന്ന് കരുതിയില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ ടിവീ, ഇനിയും കാണണം കാണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. പ്രിയ സഖാവിന് പ്രണാമം. 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.