പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളീയം കേരളത്തിന്റെ അഭിമാനം ഉയർത്തിയ പരിപാടിയായി മാറിയെന്നും, തിരുവനന്തപുരം അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
കേരളത്തിന്‍റെ മഹോത്സവമായ കേരളീയത്തിന്‍റെ ആദ്യത്തെ പതിപ്പിന് ഇന്നലെ തിരശ്ശീല വീണു. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിലുണ്ടായത്. അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരം ജനസമുദ്രമായി മാറി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര വിപുലമായ ആഘോഷം സംഘടിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന ആശങ്കകളെ അകറ്റി കേരളീയം കേരളീയതയുടെ ആഘോഷമാണെന്ന്, മലയാളികളുടെ മഹോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എല്ലാവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നു.
മികച്ച രീതിയില്‍ കേരളീയം നടത്താന്‍ സാധിച്ചത് ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും കാരണമാണ്. ഇതിന്‍റെ സംഘാടനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകള്‍ തിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കാനും മറ്റു നാടുകളില്‍ നിന്നുകൂടി കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്താനും ഈ വിജയം നമുക്ക് പ്രചോദനം പകരും. അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ഒരു സംഘാടകസമിതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കിയിട്ടുണ്ട്. കെഎസ്ഐഡിസി എം.ഡി കണ്‍വീനറാകും. തദ്ദേശസ്വയംഭരണം, പൊതുഭരണം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വ്യവസായം, വിനോദസഞ്ചാരം, ധനകാര്യം, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വിനോദസഞ്ചാരം, വ്യവസായം, സാംസ്കാരികം വകുപ്പ് ഡയറക്ടര്‍മാര്‍, ലാന്‍റ് റവന്യൂ കമ്മീഷണര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഇപ്പോള്‍ തന്നെ അടുത്ത കേരളീയത്തിന്‍റെ തയാറെടുപ്പുകള്‍ ഈ കമ്മിറ്റി ആരംഭിക്കും. കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാം.
കേരളം രൂപീകൃതമായി 67 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു പ്രദേശത്തെ പ്രതിപാദിക്കുമ്പോള്‍ അത്ര ദീര്‍ഘമായ കാലഘട്ടമാണിതെന്നു പറയാന്‍ സാധിക്കില്ല. പക്ഷേ, ഈ ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനു മുന്നില്‍ നിരവധി കാര്യങ്ങളില്‍ അനുകരണീയമായ ഒരു മാതൃക എന്ന നിലയ്ക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് സാധിക്കുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ല. പ്രത്യേകിച്ചും കൊളോണിയലിസത്തിന്‍റേയും ഫ്യൂഡല്‍ മേധാവിത്വത്തിന്‍റേയും നൂറ്റാണ്ടുകള്‍ നീണ്ട ചൂഷണത്തെ നേരിടേണ്ടി വന്ന ഒരു ചെറിയ പ്രദേശമാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന നേട്ടങ്ങളിലേക്ക് ഉയര്‍ന്നത് എന്നത് നമ്മുടെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുന്നു.
ജീവിതനിലവാര സൂചികകള്‍, പബ്ളിക് അഫയേഴ്സ് ഇന്‍ഡക്സ്, ആരോഗ്യവിദ്യാഭ്യാസ സൂചികകള്‍ തുടങ്ങി ഒരു സമൂഹത്തിന്‍റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുന്‍ നിരയിലാണ്. ദേശീയ തലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നമ്മെ തേടിയെത്തി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നാം നടത്തുന്ന പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. കണ്ടെത്തിയതില്‍ 64000ത്തോളം കുടുംബങ്ങളില്‍ 47.89 ശതമാനത്തെ നമുക്ക് ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കാനായിട്ടുണ്ട്. 30,658 കുടുംബങ്ങള്‍. 2025 നവംബറോടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത കേരളീയം ആരംഭിക്കുന്ന 2024 നവംബര്‍ ഒന്നിന് ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതി നേടാനാകും. ദാരിദ്ര്യം തുടച്ചു നീക്കുക എന്ന ലക്ഷ്യം ആദ്യം കൈവരിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും എന്ന പ്രത്യാശയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ പങ്കുവെച്ചത്.
മണിശങ്കര്‍ അയ്യരെ പോലുള്ള പ്രഗത്ഭരുടെ പങ്കാളിത്തവും എല്ലാ ഭേദങ്ങളും മറന്നുള്ള നാനാ വിഭാഗം ജനങ്ങളുടെ സാന്നിധ്യവും ‘കേരളീയ’ത്തെ നാടിന്‍റെയാകെ വികാരമായി ഉയര്‍ത്തി എന്ന് സാന്ദര്‍ഭികമായി പറയട്ടെ. ഇന്നലെ സമാപന സമ്മേളനം പുരോഗമിക്കുമ്പോഴാണ്, മുതിര്‍ന്ന ബി ജെ പി നേതാവ് ശ്രീ ഒ. രാജഗോപാല്‍ കടന്നെത്തിയത്. കേരളീയത്തെ കുറിച്ച് ഉയര്‍ത്തിയ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ജനങ്ങളെയോ നേതൃനിരയിലുള്ളവരെപോലുമോ ബാധിച്ചിട്ടില്ല എന്നതിന്‍റെ ഒരു സൂചനകളാണ് ഇതെല്ലാം.
5 പ്രധാന വേദികളിലായി 25 സെമിനാറുകളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. കേരളത്തിന്‍റെ വിവിധ മേഖലകളിലെ പുരോഗതി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിന്‍റെ ഭാവി നയ രൂപീകരണത്തിനും സഹായകമായ രീതിയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യം ഓരോ സെമിനാറിനേയും സമ്പന്നമാക്കി. 220 പ്രഭാഷകര്‍ വിഷയാവതരണം നടത്തി. ഇതില്‍ 181 പേര്‍ നേരിട്ടും 22 പേര്‍ ഓണ്‍ലൈന്‍ ആയും 17 പേര്‍ പ്രീറെക്കോര്‍ഡഡ് ആയും പങ്കെടുത്തു. സെമിനാറുകളിലേക്ക് 21,500 പേരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 30839 പേര്‍ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് തിങ്ങിനിറഞ്ഞ വേദികള്‍ സെമിനാറുകളുടെ വിജയത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. ഈ സെമിനാറുകളില്‍ ഉയര്‍ന്നു വന്ന ആശയങ്ങളും അഭിപ്രായങ്ങളും നവ കേരള നിര്‍മ്മിതിക്കുള്ള മാര്‍ഗ രേഖകളായി മാറും. കേരളത്തിന് പുറത്തു നിന്ന് വന്ന പ്രഭാഷകര്‍ പലരും നമ്മുടെ സാമൂഹ്യ പുരോഗതിയുടെ വിശദശാംശങ്ങള്‍ വളരെയേറെ താല്പര്യത്തോടെയാണ് മനസ്സിലാക്കിയത്. ഇതൊന്നും തങ്ങളുടെ അറിവില്‍ ഇതുവരെ ഇല്ലാത്തതാണ് എന്ന് പ്രഗത്ഭര്‍ തന്നെ തുറന്നു പറയുന്ന സ്ഥിതി ഉണ്ടായി. കേരളത്തിന്‍റെ പുരോഗതി ലോകസമക്ഷം വീണ്ടും വീണ്ടും പറയേണ്ടതിന്‍റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതായിരുന്നു അത്തരം അഭിപ്രായ പ്രകടനങ്ങള്‍.
വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കി തിരുവനന്തപുരം നഗരത്തിലും പരിസരത്തുമായി 22 എക്സിബിഷനുകളാണ് നടന്നത്. എട്ട് വേദികളിലായി 434 സ്റ്റാളുകളില്‍ 600ല്‍ അധികം സംരംഭകരെ ഉള്‍പ്പെടുത്തി വ്യാപാര, പ്രദര്‍ശന മേളകള്‍ സംഘടിപ്പിച്ചു. 1,91,28,909 രൂപയുടെ വില്‍പ്പനയാണ് ട്രേഡ് ഫെയറില്‍ നടന്നത്. ബിസിനസ് ടു ബിസിനസ് മീറ്റില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംരംഭകരെ പങ്കെടുപ്പിക്കാനും അവരെ പ്രാദേശിക സംരംഭകരുമായി ബന്ധിപ്പിക്കാനും സാധിച്ചു.
30 വേദികളിലായി മുന്നൂറോളം സാംസ്കാരിക കലാപരിപാടികള്‍ സംഘടിപ്പിച്ചു. നാല് പ്രധാന വേദികള്‍, രണ്ട് നാടകവേദികള്‍, പന്ത്രണ്ട് ചെറിയ വേദികള്‍, പതിനൊന്ന് തെരുവുവേദികള്‍, ഒരു ഗ്രൗണ്ട് വേദി എന്നിവിടങ്ങളിലാണ് പരിപാടികള്‍ അരങ്ങേറിയത്. 4100 കലാകാരന്മാരാണ് ഇതില്‍ അണിചേര്‍ന്നത്.
ഭക്ഷ്യമേളയില്‍ ‘കേരള മെനു : അണ്‍ലിമിറ്റഡ് ’ എന്ന ബാനറില്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ 10 ഭക്ഷണ വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചു. കേരളത്തിലെ ഭക്ഷണവൈവിധ്യത്തെ പ്രാദേശികമായി ടാഗ് ചെയ്യുക കൂടി ആണ് ഈ ബ്രാന്‍ഡിംഗ്. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരുന്നു. പട്ടിക വര്‍ഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമായി. 2.57 കോടി രൂപയിലധികമാണ് ഭക്ഷ്യമേളയില്‍ നടന്ന വില്പന. പുഷ്പമേളകളില്‍ 2.24 ലക്ഷ രൂപയുടെ വില്പനയാണ് നടന്നത്. കേരളീയം ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി 100 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.
ദീപാലംകൃതമായ നഗരം ഏഴു ദിവസം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു. തുടര്‍ച്ചയായി മഴ പെയ്തിട്ടും ജനത്തിരക്കില്‍ കുറവുണ്ടായില്ല. കേരളീയം മാലിന്യ പരിപാലനത്തിലും മാതൃകയായി. ഓരോ വേദിയിലും ഭക്ഷണശാലയിലും ജൈവ അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്ക്കരണത്തിനായി യഥാസമയം കൈമാറാന്‍ കഴിഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കാന്‍ 320 ഗ്രീന്‍ ആര്‍മി വോളന്‍റിയേഴ്സിനേയും പ്രത്യേകമായി നിയോഗിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വലിയ തോതില്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍, ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, എന്നിവരെ പരിപാലനത്തിനും വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും വിന്യസിച്ചിരുന്നു. 1300 വോളന്‍റിയര്‍മാരെയാണ് 38 ഓളം വേദികളിലായി പ്രതിദിനം വിന്യസിച്ചത്. ഏഴു ദിവസങ്ങളിലേക്കായി ഏതാണ്ട് 9000 പേരുടെ പരിപ്പൂര്‍ണ്ണമായ സന്നദ്ധസേവനം കേരളീയത്തിന് പിന്നില്‍ ഉണ്ടായി.
ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങള്‍, ഫെഡറല്‍ ഘടന, പാര്‍ലമെന്‍ററി ജനാധിപത്യം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ നവകേരളം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ കേരള സമൂഹം മുന്നില്‍ നില്‍ക്കുമെന്ന പ്രഖ്യാപനമായിരുന്നു കേരളീയം. എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായ ജനമനസ്സിന്‍റെ ഒരുമ കേരളീയം ഊട്ടിയുറപ്പിച്ചു. കേരളത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പതാകയെയാണ് കേരളീയം ഉയര്‍ത്തിയത്.
കേരളീയം ധൂര്‍ത്താണ്, ഇങ്ങനെ ഒരു പരിപാടി ഈ പ്രതിസന്ധി കാലത്ത് ആവശ്യമുണ്ടോ എന്ന് ചോദ്യങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാടിന്‍റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനു വേണ്ടിവരുന്ന ചെലവിനേയും ധൂര്‍ത്തായി സര്‍ക്കാര്‍ കരുതുന്നില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.
സര്‍ക്കാര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യു നൂട്രല്‍ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വര്‍ഷം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്‍റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി.
ഈ പ്രശ്നങ്ങള്‍ക്കിടയിലും ക്ഷേമ പദ്ധതികളില്‍ നിന്ന് അണുവിട പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാനം അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം.
തനത് വരുമാനം ഉയര്‍ത്തിയും അതീവ ശ്രദ്ധയാര്‍ന്ന ധന മാനേജുമെന്‍റുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊര്‍ജിതപ്പെടുത്തിയും അധികച്ചെലവുകള്‍ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിനിന്നാണ് സംസ്ഥാനത്തിന്‍റെ ധന മാനേജ്മെന്‍റ്.
കഴിഞ്ഞവര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനം 23,000 കോടി വര്‍ധിപ്പിക്കാനായി. 2021–22ല്‍ തനത് നികുതി വരുമാന വര്‍ദ്ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയര്‍ത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തില്‍ താഴേയെത്തിയത് ചരിത്രത്തില്‍ ആദ്യമാണ്. ഇതെല്ലാം ധന കമീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്‍റെ ധനദൃഡീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളം തനത് വരുമാന സ്രോതസുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്. ഈവര്‍ഷവും ചെലവിന്‍റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്.
എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാന്‍ കഴിയില്ല. സാംസ്കാരിക മേഖലയില്‍ ചെലവിടുന്ന പണത്തെ ധൂര്‍ത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിന്‍റേതാണ്. അതിന്‍റെ നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ് നാം. സാംസ്കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണ്.
കേരളീയത്തിന്‍റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിന്‍റെ ആദ്യപതിപ്പ് പകര്‍ന്ന ഊര്‍ജം.
കേരളീയം, ഒരു തുടര്‍പ്രക്രിയ ആണ് എന്ന് പറഞ്ഞുവല്ലോ. അതുപോലെ ഭരണ നിര്‍വ്വഹണത്തിലെ പുതിയ ഒരധ്യായമാണ് ഈ മാസം പതിനെട്ടിന് ആരംഭിക്കുന്ന നവകേരള സദസ്സ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. മെച്ചപ്പെട്ട ഭരണ നിര്‍വ്വഹണം അതിന്‍റെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തുകള്‍. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തുകള്‍ വലിയ വിജയമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത് അവലോകനം നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങള്‍ നടന്നു.
അതിദാരിദ്ര്യം, വിവിധ മിഷനുകള്‍, , പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങള്‍ എന്നിങ്ങനെ അഞ്ചു വിഷയങ്ങള്‍ ഓരോ അവലോകന യോഗവും വിശദമായി പരിശോധിച്ചു. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍ എന്നിവയാണു ചര്‍ച്ച ചെയ്തു തീരുമാനത്തിലേക്ക് പോയത്. ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്സ്. ജനാധിപത്യം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും സമ്പുഷ്ടമാക്കാനും ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ദൃഢപ്പെടുത്താനുമുള്ള വലിയൊരു യജ്ഞമാണ് നവംബര്‍ പതിനെട്ടിന് ആരംഭിക്കുന്നത്. മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിസംബര്‍ 24 നു തിരുവന്തപുരത്താണ് സമാപിക്കുക.
ഹിമാചലിന് ഏഴ് കോടി
ഹിമാചല്‍ പ്രദേശില്‍ സമീപകാലത്തെ മഴയില്‍ മനുഷ്യജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിമാചല്‍ സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് കോടി രൂപ ധനസഹായം അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
English Summary: c m pinarayi vijayan on keraleeyam success
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.