22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 10, 2024
December 9, 2024
November 19, 2024
November 19, 2024
November 17, 2024
November 9, 2024
October 30, 2024
October 22, 2024

നവകേരള സൃഷ്ടിക്ക് വിലങ്ങുതടി കേന്ദ്ര നയങ്ങള്‍, അനീതിക്കെതിരെയുള്ള യോജിച്ച പോരാട്ടം ഉയരണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 27, 2024 8:33 pm

നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ശ്രമങ്ങൾക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനതു നികുതിവരുമാനത്തിലും ആഭ്യന്തര ഉല്പാദനത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണ്. ഈ ദുർനയങ്ങൾക്കെതിരെ ജനങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്തു നിന്ന് സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ പ്രകാരം കേരളത്തിന് ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനം നിബന്ധനകളില്ലാതെയും 0.5 ശതമാനം വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് വിധേയമായും വായ്പ എടുക്കാവുന്നതാണ്. എന്നാൽ സ്വതന്ത്രസ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തി കേരളത്തിന്റെ വായ്പാ പരിധി 2021- 22 മുതൽ മുൻകാല പ്രാബല്യത്തോടെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇത് മൂലം കേരളത്തിന് ആകെ വായ്പാ പരിധിയിൽ 6000 കോടിയോളം രൂപയുടെ കുറവ് 2023- 24 സാമ്പത്തിക വർഷത്തിൽ ഉണ്ടായി.

ഭരണഘടനയുടെ അനുഛേദം 280 പ്രകാരം നിയമിക്കപ്പെടുന്ന ധനകാര്യ കമ്മിഷന്റെ ശുപാർശകൾ കേന്ദ്ര ധനകാര്യ മന്ത്രാലയം അട്ടിമറിക്കുന്നു. 15ാം ധനകാര്യ കമ്മിഷൻ കിഫ്ബി പോലുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്റെ കടമായി ഉൾപ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 293(3), 293(4) എന്നിവയ്ക്കനുസൃതമായി 2017 ഓഗസ്റ്റിന് മുൻപ് നിലനിന്നിരുന്നത് പോലെ പൊതു കണക്കിനത്തിലെ നീക്കിയിരിപ്പും പൊതുമേഖല സ്ഥാപനങ്ങളുടെ വായ്പകളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിർണയിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. എന്നാൽ കേന്ദ്ര ധനകാര്യ മന്ത്രാലയം എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ അവരുടെ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ പൊതുകടത്തിന്റെ ഭാഗമാണെന്ന തെറ്റായ നിലപാടാണ് സ്വീകരിച്ചത്. അതുവഴി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്.

ദേശീയപാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം തുകയാണ് കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിനായി കിഫ്ബിവഴി 5854 കോടി രൂപ സമാഹരിച്ചു നൽകി. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശത്തിൽനിന്ന് കുറയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസാണ് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റവും. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ട നികുതി വിഭവങ്ങളുടെ അനുപാതം പതിനാലാം ധനകാര്യ കമ്മിഷനിൽ 42 ശതമാനം ആയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലയളവിൽ 41 ശതമാനം ആയി കുറഞ്ഞു. അതിനുപുറമേ സെസും സർചാർജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ലാത്തതിനാൽ കേന്ദ്രവരുമാനത്തിന്റെ മൂന്നിലൊന്ന് സെസും സർചാർജുമായി മാറ്റി. 2014–15ൽ ഇത് വെറും 10 ശതമാനം മാത്രമായിരുന്നത് കഴിഞ്ഞ വർഷം 28.1 ശതമാനമായി. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട നികുതി 50 ശതമാനം ആക്കി വർധിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.

ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസർക്കാർ സമീപനം. ബിജെപി സർക്കാർ വന്ന ശേഷം 2011ലെ ജനസംഖ്യ നികുതി വിഭജനത്തിനുള്ള മാനദണ്ഡമായി നിശ്ചയിച്ചു. ഇതിന് 15 ശതമാനം വെയിറ്റെജ് നല്കി. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളത്തിന് നികുതിവിഹിതം കുറയുന്നതിന് ഇത് കാരണമായി. 1971ലെ സെൻസസ് അടിസ്ഥാനമാക്കി ജനസംഖ്യാപരമായ നേട്ടങ്ങൾക്കുള്ള വെയിറ്റെജ് 30 ശതമാനം ആക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജിഎസ്‌ടി മൂലമുള്ള നികുതി അവകാശ നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായി ജിഎസ്‌ടിയിൽ 14 ശതമാനം വാർഷിക നികുതി വളർച്ചാ നിരക്ക് ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ജിഎസ്‌ടി സമ്പ്രദായം നടപ്പാക്കിയതിലെ പോരായ്മകളും പ്രകൃതി ദുരന്തങ്ങളും കോവിഡുംമൂലം ഈ വളർച്ചാ നിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല. പരിഹാരമായി നിർദേശിച്ച ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിക്കുകയും ചെയ്തു.
കേന്ദ്രവിഹിതം നാമമാത്രമാണെങ്കിലും കേന്ദ്ര സർക്കാർ ബ്രാന്റിങ് നിർബന്ധം എന്നാണ് അവസ്ഥയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയിൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്ക് തുക പൂർണമായി നൽകുന്നതും, കേന്ദ്രധന സഹായമുള്ള ചുരുക്കം വീടുകളിൽ തന്നെ തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നതും സംസ്ഥാന സർക്കാർ ആണ്.

എന്നാൽ ലൈഫ് പദ്ധതിക്ക് കീഴിൽ വീടുകൾ നിർമ്മിക്കുന്നതിന് കേരളത്തിന് കേന്ദ്ര പിഎംഎവൈ പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന നാമമാത്ര തുക ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ബ്രാന്റിങ് നിർബന്ധമാക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്.
ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അതിന്മേല്‍ മറ്റൊരാൾക്കും അവകാശമില്ല. വീട് നിർമ്മിച്ച ശേഷം അത് ഇന്ന തരത്തിൽ നിർമ്മിക്കപ്പെട്ടതാണ് എന്നും ഇന്നവരുടെ സഹായത്താൽ നിർമ്മിച്ചതാണ് എന്നും എഴുതി വയ്ക്കുന്നത് വീട്ടുടമസ്ഥന്റെ ആത്മാഭിമാനത്തെ ആക്രമിക്കുന്നതാണ്. അത്തരത്തിൽ ഒരു ലേബലിങ്ങും കേരളത്തിൽ നടപ്പില്ല. ആര് നിർബന്ധിച്ചാലും അതിന് സംസ്ഥാന സർക്കാർ തയ്യാറാവുകയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള 2022- 23 ലെ നഗര തദ്ദേശ സ്വയംഭരണ ഗ്രാന്റിനത്തിൽ 51.55 കോടി രൂപയും ഹെൽത്ത് ഗ്രാന്റിനത്തിൽ 137.17 കോടി രൂപയും കുടിശികയാണ്. അതുപോലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 660.34 കോടി പെർഫോമൻസ് ഗ്രാന്റ് അനുവദിച്ചിട്ടില്ല. 2018- 19, 2019 — 20 വർഷത്തേക്ക് പതിനാലാം ധനകാര്യ കമ്മിഷൻ തദ്ദേശ സ്ഥാപങ്ങൾക്കുള്ള പെർഫോമൻസ് ഗ്രാന്റായി ശുപാർശ ചെയ്തിരുന്ന 660.34 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടില്ല. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ കേന്ദ്ര വിഹിതം 2023 — 24 വർഷം ഉച്ച ഭക്ഷണ പരിപാടി നടത്തിയതിന്റെ ഭാഗമായി 54 കോടി രൂപ കേന്ദ്ര ഗ്രാന്റ് ലഭിക്കാനുണ്ട്. അധികവിഹിതമുൾപ്പടെ പ്രതിവർഷം ശരാശരി 16 ലക്ഷം ടൺ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നത് ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കിയതിന് ശേഷം 14.25 ടൺ ആക്കി കുറച്ചു.

ഭരണഘടനാപരമായി തന്നെ നമ്മുടെ രാജ്യത്ത് ചെലവ് ബാധ്യതകൾ കേന്ദ്ര സർക്കാരിനെക്കാൾ കൂടുതൽ സംസ്ഥാനങ്ങൾക്കാണ്. 15 ആം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വെറും 37.6 ശതമാനം മാത്രം വഹിക്കുന്ന കേന്ദ്രം രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കയ്യടക്കി വച്ചിരിക്കുന്നു.

കോളജ് അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട 750 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചിട്ടില്ല. നെല്ല് സംഭരണത്തിനുള്ള 792 കോടി രൂപയും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതിന്റെ ഭാഗമായി ലഭിക്കാനുള്ള 61 കോടി രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. വലിയ ധനകാര്യ ചെലവുകളോടെ കേരളം പടുത്തുയർത്തിയ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ

സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താതെ മറ്റു നിവൃത്തിയില്ല എന്ന നിലവന്നിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ സമരം നടത്താൻ നിർബന്ധിതമാകുന്നത്. നിലവിലുള്ള പ്രശ്നങ്ങളും സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും നവകേരള സദസിൽ സജീവമായി ചർച്ചചെയ്തിരുന്നു. ഉപരോധ സമാനമായ കേന്ദ്രനിലപാട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച്, ഫെഡറൽ തത്വങ്ങളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ യോജിച്ച സ്വരം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യതലസ്ഥാനത്ത് ഫെബ്രുവരി എട്ടിനാണ് സമരം സംഘടിപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ 11 മണിക്ക് മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ അണിചേരും. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. ഈ സമരം നമ്മുടെ നാടു നേരിടുന്ന അനീതിക്കെതിരെയുള്ള യോജിച്ച പോരാട്ടമായി മാറേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാനും ഈ സമരത്തിന്റെ ഭാഗമാകാൻ എല്ലാവരും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: pinarayi vijayan press meet
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.