18 December 2024, Wednesday
KSFE Galaxy Chits Banner 2

വീണ്ടും കല്‍ക്കരി ക്ഷാമം പിടിമുറുക്കുന്നു; വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2022 10:24 pm

രാജ്യത്ത് കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വേനല്‍ക്കാലമായതിനാല്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനാലും ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോഡ്ഷെഡ്ഡിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. പഞ്ചാബ് അടക്കമുള്ള വൈദ്യുതിനിലയങ്ങള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തി.

കല്‍ക്കരിയുടെ ഉയര്‍ന്ന ഇറക്കുമതി നിരക്കാണ് നിലവിലെ ക്ഷാമത്തിനു കാരണമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ പറയുന്നു. റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിന്റെ ഫലമായി ആഗോള കൽക്കരി വില ഉയർന്നതാണ് ഇറക്കുമതിയെ ബാധിച്ചത്. യൂറോപ്പില്‍ കല്‍ക്കരിക്ക് ആവശ്യകത ഏറിയതും റഷ്യന്‍ കല്‍ക്കരിക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി.

ഈ മാസം ഏഴിന് രാജ്യത്തെ വൈദ്യുതി പ്ലാന്റുകളില്‍ 80.08 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതി ക്ഷാമം ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനവും വിതരണം ചെയ്യുന്ന 135 കൽക്കരി വൈദ്യുത നിലയങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. മാര്‍ച്ച് 31ന് സംസ്ഥാനത്തെ കാർഷിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വെട്ടിക്കുറയ്ക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഏപ്രില്‍ 10ന് മധ്യപ്രദേശില്‍ വൈദ്യുതി ഉല്പാദനത്തില്‍ 9.67 മെഗാ യൂണിറ്റ് കുറവുണ്ടായി. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ വൈദ്യുതി ഉല്പാദനത്തില്‍ 4.65 മെഗാ യൂണിറ്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലിത് യഥാക്രമം 4.5, 4.39, 2.29 മെഗാ യൂണിറ്റ് വീതമായിരുന്നു.

റഷ്യ‑ഉക്രെയ്ൻ സംഘർഷം സൃഷ്ടിച്ച വിതരണ ഞെരുക്കം കാരണം ഇറക്കുമതി വില ഉയർന്നുനിൽക്കുമ്പോഴും, വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് ഇന്ത്യ കൽക്കരി ഇറക്കുമതി വർധിപ്പിക്കേണ്ടതുണ്ടെന്ന് എസ് ആന്റ് പി ഗ്ലോബൽ ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏപ്രില്‍ ഒന്നാകുമ്പോഴേക്കും ഖനികളിലെ കല്‍ക്കരി ശേഖരണം 60 ദശലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്തുമെന്നാണ് മാര്‍ച്ച് 28ന് കോള്‍ ഇന്ത്യ പറഞ്ഞത്. ഇത് കഴിഞ്ഞ വര്‍ഷം സമാന കാലയളവിലുണ്ടായ കല്‍ക്കരി ശേഖരത്തേക്കാള്‍ 139.39 ശതമാനം കുറവാണ്. മാര്‍ച്ച് 28ന് ഇന്ത്യയിലെ താപനിലയങ്ങളിലെ കല്‍ക്കരി ശേഖരണം 25.5 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 12.96 ശതമാനം കുറവാണ്.

Eng­lish sum­ma­ry; Coal famine grips again; Pow­er plants are shut down in var­i­ous states

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.